കണ്ണൂർ: സ്വകാര്യ ബസുകള്‍ ഇനി അധികകാലം നിരത്തിലുണ്ടാവില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. ബസ് മുതലാളിയെന്ന വാക്കിന് പ്രതാപവും സാമ്പത്തിക ഭദ്രതയുമുണ്ടായിരുന്ന കാലമൊക്കെ പോയി. ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ മറ്റ് മാർഗമില്ലാത്തതിനാൽ ബസുമായി നിരത്തിലിറങ്ങുകയാണ് ഭൂരിഭാഗം ഉടമകളും.
ജില്ലയിൽ അഞ്ചു വർഷം മുമ്പ് 2300 സ്വകാര്യ ബസുകൾ സർവിസ് നടത്തിയ സ്ഥാനത്ത് ഇപ്പോൾ ഓടുന്നത് 800 താഴെ മാത്രം. കണക്കുകളിൽ ബസ് വ്യവസായം എങ്ങോട്ടാണെന്ന കാര്യം വ്യക്തമാണ്. യാത്രാനിരക്ക് വർധിപ്പിച്ചാലും പിടിച്ചുനിൽക്കാനാവില്ലെന്നാണ് പലരും പറയുന്നത്.
ഇന്ധന വിലവർധനവിലും നികുതിഭാരത്തിലും പ്രതിസന്ധിയിലായവർ സ്വകാര്യ ബസിന്റെ മുന്നിലും പിന്നിലും കാമറ സ്ഥാപിക്കണമെന്ന സർക്കാർ നിർദേശത്തോടെ കൂടുതൽ ദുരിതത്തിലായതായി ഉടമകളുടെ പക്ഷം. ജില്ലയിൽ ബഹുഭൂരിപക്ഷം ബസുകളിലും കാമറ സ്ഥാപിച്ചിട്ടില്ല.
പകുതി തുക സർക്കാറിന്റെ റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് അനുവദിക്കാമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അതുകൊണ്ടൊന്നും കാര്യമില്ലെന്നാണ് ബസുടമകൾ പറയുന്നത്. മുഴുവൻ ചെലവും സർക്കാർ വഹിച്ചാൽ കാമറയൊരുക്കാൻ തയാറാണ്. കാമറ സ്ഥാപിക്കാൻ മാർച്ച് വരെ സർക്കാർ സമയം നീട്ടിനൽകിയിട്ടുണ്ട്.
വിദ്യാർഥികളുടെ കൺസഷന്റെ മാനദണ്ഡം നിശ്ചയിക്കണമെന്നാണ് ആവശ്യം. കെ.എസ്.ആർ.ടി.സിയിലും കൺസഷൻ അനുവദിക്കണം. ടയറുകളുടെ തേയ്മാനം, കൂലി, അറ്റകുറ്റപ്പണിനിരക്ക്, നികുതി എന്നിവയൊക്കെ ഗണ്യമായി കൂടിയതോടെ നിലനിൽപിനായി തെരുവിലിറങ്ങേണ്ട അവസ്ഥയാണ് ബസുടമകൾക്കും തൊഴിലാളികൾക്കും.
ബസുകളിൽ വേഗപ്പൂട്ടും ജി.പി.എസുമെല്ലാം ബസുടമകൾ തന്നെയാണ് സ്ഥാപിച്ചത്. സർക്കാർ അംഗീകൃത ഡീലർമാരിൽനിന്ന് മാത്രമേ വേഗപ്പൂട്ടും ജി.പി.എസ് ഉപകരണങ്ങളും വാങ്ങാൻ പാടുള്ളുവെന്ന് സർക്കാർ നിർദേശമുണ്ടായിരുന്നു. എന്നാൽ, വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കൽ സമയമാകുമ്പോൾ വേഗപ്പൂട്ടുകളും ജി.പി.എസും സർവിസ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഡീലർമാരും കമ്പനികളും നിലവിലുണ്ടാകില്ല.
ഇത്തരത്തിൽ പുതിയ ഉപകരണം വാങ്ങാൻ നിർബന്ധിതരാവുകയാണെന്ന് ഉടമകൾ പറയുന്നു. വേഗപ്പൂട്ട് ഘടിപ്പിക്കാൻ 14,000രൂപയും ജി.പി.എസിന് 8,000ത്തിന് മുകളിലും ചെലവുണ്ട്. ജി.പി.എസ് നിർബന്ധമാക്കിയെങ്കിലും ജില്ലയിൽ 70 ശതമാനം ബസുകളിലേ ഘടിപ്പിച്ചിട്ടുള്ളൂ. മുന്നിലും പിന്നിലും കാമറ ഘടിപ്പിക്കാൻ 15,000ത്തിൽ അധികമെങ്കിലും വേണ്ടിവരും. ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് കാമറകളും സർവിസ് ചെയ്യേണ്ടതായും വരും.
സർവമേഖലകളെയും കോവിഡ് പ്രതിസന്ധി ബാധിച്ചെങ്കിലും ബസ് വ്യവസായത്തെ അക്ഷരാർഥത്തിൽ ബ്രേക്ക് ഡൗണാക്കിയാണ് മഹാമാരി കടന്നുപോയത്. കോവിഡിൽ കട്ടപ്പുറത്തായ 100ലേറെ ബസുകൾ പിന്നീട് നിരത്തിലിറങ്ങിയില്ല. മുതലാളിമാരും തൊഴിലാളികളുമായ പലരും ബസ് ഒഴിഞ്ഞ് മറ്റ് ജോലികൾക്ക് പോയി.
മിക്ക ബസുകളിലും ക്ലീനർമാർ വണ്ടിയൊഴിഞ്ഞു കൂലിപ്പണിയിലേക്ക് തിരിഞ്ഞു. കോവിഡ് വ്യാപന ഭീതിയിൽ പൊതുഗതാഗത സൗകര്യം ഉപയോഗിക്കാൻ ആളുകൾ വിമുഖത കാട്ടിയതോടെയാണ് ബസുകളിൽ യാത്രക്കാർ കുറഞ്ഞത്. ആ കുറവ് ഇന്നും പരിഹരിക്കാനായിട്ടില്ല.
നേരത്തെ 900 യാത്രക്കാരെങ്കിലും ഒരു ബസിൽ കയറിയിരുന്നെങ്കിൽ ഇന്ന് 500ൽ താഴെയായി കുറഞ്ഞു. ജനം കൂട്ടമായി ബൈക്കുകളിലും കാറുകളിലും യാത്ര മാറ്റിയതോടെ ബസുകൾ കിതച്ചുതുടങ്ങി. കോവിഡ് പോലെയുള്ള പകർച്ച വ്യാധികളെ തടയാനായി അഞ്ച് ശതമാനത്തിലേറെ യാത്രക്കാർ സ്ഥിരമായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതായാണ് കണക്കുകൾ പറയുന്നത്.
അവധി ദിനങ്ങളിൽ വളരെ കുറച്ച് സ്വകാര്യ ബസുകൾ മാത്രമേ സർവിസ് നടത്താറുള്ളൂ. രാത്രിസർവിസുകൾ പലതും ഓടാറില്ല. ചിലർ സ്ഥിരം തൊഴിലാളികൾക്ക് ബസുകൾ നടത്തിപ്പിനായി വിട്ടുകൊടുത്തിരിക്കുകയാണ്.
പല ബസുകളിലെയും കണ്ടക്ടർമാരുടെ പണസഞ്ചി ഡീസലടിക്കാൻ പമ്പിൽ കയറുന്നതോടെ കാലിയാവും. 95 രൂപയിലേറെയാണ് ഡീസലിന്റെ വില. കലക്ഷനായി ലഭിക്കുന്ന തുകയിൽ മുക്കാലും പമ്പിൽ കൊടുക്കണം. ജീവനക്കാരുടെ കൂലിയും കഴിഞ്ഞ് പണസഞ്ചിയിലൊന്നും ബാക്കിയുണ്ടാകില്ല.
ജില്ലയിൽ സർവിസ് നടത്തുന്ന ബസുകളിൽ 7,000 മുതൽ 14,000 രൂപ വരെയാണ് ദിവസേനയുള്ള കലക്ഷൻ. ഇതിൽ 80 ശതമാനത്തോളം ചെലവാകും. തൊഴിലാളികൾക്ക് ലഭിക്കുന്ന തുക പോലും മുതലാളിക്ക് ലഭിക്കുന്നില്ലെന്നാണ് ഉടമകൾ പറയുന്നത്.
വർഷത്തിൽ 1.20 ലക്ഷത്തിലേറെ നികുതിയടക്കണം. 75,000 വരെയാണ് ഇൻഷുറൻസ് തുക. ഫിറ്റ്നസ് പുതുക്കാൻ വാഹനം പെയിന്റടിക്കാനും മറ്റുമായി 80,000ത്തിലേറെ വേണം. സ്വകാര്യ ബസ് വ്യവസായം നിലനിൽക്കണമെങ്കിൽ ഇന്ധന സബ്സിഡിയും നികുതി ഇളവും ഏർപ്പെടുത്തണമെന്നാണ് ഉടമകളുടെ ആവശ്യം. ഇൻഷുറൻസ് പ്രീമിയം കുറക്കണമെന്നും ഉടമകൾ പറയുന്നു. വിദ്യാർഥികളുടെ യാത്രാചാർജ് മറ്റ് ചെലവുകൾക്ക് അനുപാതികമായി വർധിപ്പിക്കണമെന്നും ഉടമകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.