കണ്ണൂർ: ജില്ലയിലെ യു.ഡി.എഫ് അണികളിൽ ആവേശമായി രാഹുൽ ഗാന്ധിയുടെ വരവ്. രാവിലെ 11ഓടെ കണ്ണൂർ സ്റ്റേഡിയത്തിൽ എത്തുമെന്ന് അറിയിച്ച രാഹുൽ ഗാന്ധിയെ കാണാൻ 10 മണിക്കു മുമ്പേ ജനം ഒഴുകിയെത്തി. കത്തുന്ന ചൂടും വകവെക്കാതെയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരുടെ ഒഴുക്ക്.
നിശ്ചയിച്ചതിലും അൽപം വൈകിയാണ് രാഹുൽ എത്തിയത്. 12 മണിയോടെ മട്ടന്നൂരിലെ വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹം 12.30ഓടെ ഹെലികോപ്ടറിൽ പൊലീസ് മൈതാനത്ത് വന്നിറങ്ങി. പൊടിപടലങ്ങൾക്കിടയിലൂടെയും രാഹുലിനെ കാണാൻ ഒട്ടേറെ പേർ മൈതാനത്തിനടുത്ത് എത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് വേദിയിലേക്ക്. മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ തകർപ്പൻ പ്രസംഗത്തിനിടെ രാഹുൽ വേദിയുടെ മുൻ നിരയിലേക്ക് എത്തി പ്രവർത്തകരെ അഭിവാദ്യമർപ്പിച്ചതോടെ സദസ്സിൽ ഹർഷാരാവം. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയുടെ മിനിറ്റുകൾ നീണ്ട സ്വാഗത പ്രസംഗം.
ശേഷം ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ ഒരു മിനിറ്റ് നീണ്ട അധ്യക്ഷ പ്രസംഗം. കണ്ണൂർ മണ്ഡലം സ്ഥാനാർഥി കെ. സുധാകരന്റെ പ്രസംഗത്തിനുശേഷം രാഹുൽ ഗാന്ധി പ്രസംഗ പീഠത്തിലേക്ക്.
പതിവുപോലെ മോദിസർക്കാറിനെയും ആർ.എസ്.എസ്- ബി.ജെ.പി പ്രത്യയശാസ്ത്രത്തെയും തുറന്നു കാട്ടിയാണ് രാഹുൽ പ്രസംഗം തുടങ്ങിയത്.
ഭരണഘടനയെ ഇല്ലാതാക്കി സർവാധിപത്യം കൊണ്ടുവരാനാണ് മോദി ശ്രമിക്കുന്നത്. ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു പാരമ്പര്യം എന്നതാണ് മോദിയുടെ ലക്ഷ്യം. ഇത് ബോധ്യപ്പെടുത്താൻ, വേദിയിലെ മേശയിലുള്ള പൂച്ചെണ്ടുമായി രമേശ് ചെന്നിത്തലയെ പ്രസംഗ പീഠത്തിനു സമീപത്തേക്ക് രാഹുൽ വിളിപ്പിച്ചത് കൗതുകമായി.
പൂച്ചെണ്ടിലെ പലവിധ നിറങ്ങളിലുള്ള പൂക്കളും ഇലകളും എല്ലാം ചൂണ്ടിക്കാട്ടി രാഹുൽ പറഞ്ഞു. വിവിധ നിറത്തിലുള്ള മണമുള്ള ഇലകളുള്ള പൂച്ചെണ്ട് എന്ത് മനോഹരമാണ്. ഇതെല്ലാം ചേർന്നുനിൽക്കുമ്പോഴാണ് മനോഹരമാകുന്നത്. ഇതാണ് രാജ്യം ആവശ്യപ്പെടുന്ന ബഹുസ്വരത. എല്ലാ വിഭാഗങ്ങളും ഒന്നിച്ച് സൗഹൃദത്തോടെ കഴിയുമ്പോഴുള്ള ഭംഗി.
ഈ പൂച്ചെണ്ടിൽ ഒറ്റ നിറമുള്ള പൂവും ഇലയും വരണമെന്നാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. അത് നമ്മുടെ രാജ്യത്തെ ബഹുസ്വരതയെ ഇല്ലാതാക്കുന്നതാണ് എന്ന് രാഹുൽ വിശദീകരിക്കുന്നതുവരെ രമേശ് ചെന്നിത്തല അവിടെ പൂച്ചെണ്ടുമായി നിന്നു. സദസ്സിൽനിന്ന് വലിയ കൈയടിയും.
രാഹുലിന്റെ പതിവ് പ്രസംഗങ്ങളിൽ മോദി മാത്രമാണ് വിഷയമാവുക. കണ്ണൂരിലെ യു.ഡി.എഫ് മഹാസംഗമത്തിൽ പരിഭാഷയടക്കം മുക്കാൽ മണിക്കൂർ നീണ്ട പ്രസംഗത്തിന്റെ നല്ലൊരു ശതമാനവും മോദി വിമർശനം തന്നെ. മോദി സർക്കാരും അന്വേഷണ ഏജൻസികളും നടത്തുന്ന പീഡനം, ദേശീയ മാധ്യമങ്ങളെ ഉപയോഗിച്ചുള്ള പ്രതിച്ഛായ തകർക്കൽ തുടങ്ങി എല്ലാ വിഷയവും പ്രതിപാദിച്ചു.
4000 കിലോ മീറ്റർ കാൽനട യാത്ര നടത്തിയത് വഴിയുണ്ടായ മുട്ടുവേദന മാറാത്ത കാര്യവും സൂചിപ്പിച്ചു. ഇങ്ങനെ 24 മണിക്കൂറും മോദിയെ വിമർശിച്ചതുകൊണ്ടാണ് പീഡനമെന്ന് പറഞ്ഞാണ് പിണറായി വിജയനിലേക്ക് പ്രസംഗം എത്തിയത്.
മോദിയെ വിമർശിക്കുന്നുവെന്ന് എപ്പോഴും പറയുന്ന പിണറായിക്ക് അന്വേഷണ ഏജൻസികളുടെയോ മറ്റോ പീഡനമില്ലാത്തത് എന്തുകൊണ്ട് എന്ന് ചോദിച്ചു. ആത്മാർഥമായി എതിർത്താൽ മാത്രമേ ബി.ജെ.പിയുടെ പകപോക്കലുണ്ടാവുകയുള്ളൂവെന്നും പിണറായിയെ പരിഹസിച്ച് പറഞ്ഞപ്പോൾ സദസ്സിൽ നിലക്കാത്ത കൈയടി...
കാസർകോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ ഒരു മിനിറ്റ് പ്രസംഗം. വടകര സ്ഥാനാർഥി ഷാഫി പറമ്പിൽ എത്താതിരുന്നതിനാൽ ജില്ലയിലെ മറ്റ് രണ്ടു സ്ഥാനാർഥികൾക്കൊപ്പം ഗ്രൂപ് ഫോട്ടോയും എടുത്താണ് രാഹുൽ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.