കണ്ണൂർ: കനത്തുപെയ്യുന്ന മഴക്ക് ജില്ലയിൽ ഒട്ടും ശമനമില്ല. വ്യാപക മഴയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരക്കെ നാശം. 12 വീടുകള്‍ ഭാഗികമായി തകർന്നു. മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. അടുത്ത വീട്ടിലെ മതില് ഇടിഞ്ഞുവീണ് പന്ന്യന്നൂര്‍ നെല്ലുള്ളതില്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ബാലകൃഷ്ണൻ, സ്കൂള്‍ വിട്ടു പോകുന്നതിനിടെ മതിലിടിഞ്ഞു വീണ് കണ്ണവം വട്ടോളിയിലെ തപസ്യ വീട്ടില്‍ സജീവന്റെ മകന് ദേവനന്ദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.
കണ്ണൂർ ജയിലിൽ സുരക്ഷ മതിൽ മഴയിൽ തകർന്നു. പിൻവശത്തെ 150 വർഷം പഴക്കമുള്ള മതിലാണ് ബുധനാഴ്ച രാവിലെ ഏഴേ കാലോടെ തകർന്നത്. കനത്ത മഴയിലും, കാറ്റിലും മരം പൊട്ടി വീണ് പേരാവൂർ പൊലീസ് സ്റ്റേഷൻ ഭാഗികമായിതകർന്നു. കണ്ണൂർ താളിക്കാവിൽ റോഡിരികിൽ മണ്ണിടിച്ചിലുണ്ടായി. തളിപ്പറമ്പ് കുപ്പത്ത് കുന്നിടിഞ്ഞ് മൂന്ന് വീടുകൾ തകർച്ച ഭീഷണിയിലാണ്. തലശ്ശേരി മേഖലയിലും വ്യാപക നാശനഷ്ടങ്ങളുണ്ട്.
വാവാച്ചി മുക്കിൽ വീടിനുമുകളിൽ തെങ്ങ് വീണു. പാറാലിൽ വീട്ടുകിണർ ഇടിഞ്ഞു. കൂത്തുപറമ്പിൽ മൂര്യാട് മാത്തോട്ടത്ത് മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. കൂത്തുപറമ്പ് കൈതേരി വട്ടപ്പാറ കുട്ടിച്ചാത്തൻ ക്ഷേത്രത്തിന് സമീപത്ത് റോഡ് ഇടിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ടു.
ധർമടം വെള്ളൊഴുക്കിന് സമീപം പോക്കൂൽ വയലിൽ നിർമാണത്തിലുള്ള വീടിന്റെ ഏഴു മീറ്ററോളം ഉയരമുള്ള കൽമതിൽ ഇടിഞ്ഞു വീണ് താഴെയുള്ള ശ്രീ ലക്ഷ്മിയിൽ ഗംഗാധരന്റെ വീട് തകർന്നു. വാഹനങ്ങൾക്കും നാശമുണ്ടായി. കൂത്തുപറമ്പ് നരവൂര്‍ നൂഞ്ചമ്പായിലെ ചന്ദ്രന്റെ വീട്ടുകിണര്‍ ഇടിഞ്ഞ് താഴ്ന്നു. ന്യൂമാഹി കുറിച്ചിയില്‍ ചവോക്കുന്നിലെ എം.എന്‍. ഹൗസില്‍ പുഷ്പ രാജന്റെ വീട്ടുമതില്‍ ഇടിഞ്ഞു. വീട് അപകടാവസ്ഥയിലായതിനാല്‍ മാറി താമസിക്കാന്‍ അധികൃതര്‍ വീട്ടുകാര്‍ക്ക് നിർദേശം നല്കി.
കുറിച്ചിയില്‍ കിടാരന്‍കുന്ന് ആയിക്കാന്‍ പറമ്പത്ത് റാബിയുടെ വീട്ടുമതിൽ ഇടിഞ്ഞു. ന്യൂമാഹി അഴീക്കല്‍ പരിമഠത്ത് ദേശീയപാതക്ക് സമീപത്തെ പൂമരം കെട്ടിടത്തിന് മുകളില്‍ വീണ് കടകള്‍ തകര്‍ന്നു. കുറിച്ചി സ്വദേശികളായ ഈരായിന്റവിട സന്തോഷ്, സുധാകരന്, രാജേഷ് നിവാസില്‍ എന്‍.വി. ലീല, ഷാഫി എന്നിവരുടെ കടകളാണ് തകര്‍ന്നത്. ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോടിയേരി വില്ലേജിലെ പഴയ പോസ്റ്റ് ഓഫിസ് പരിസരത്തെ പുലുണ്ട വീട്ടില്‍ അജിത് ലാലിന്റെ കിണര്‍ ഇടിഞ്ഞു താഴ്ന്നു.
മുണ്ടേരി പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ മനോജ്, മഹേഷ്, മനൂപ് എന്നിവരുടെ വീടിന്റെ കിണര്‍ ചൊവ്വാഴ്ച രാത്രിയിലെ ശക്തമായ മഴയില്‍ ഇടിഞ്ഞു താഴ്ന്നു. മുണ്ടേരി പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ അസ്മയുടെ വീടിന് സമീപത്തെ മതില് ചൊവ്വാഴ്ച രാത്രിയിലെ മഴയില്‍ ഇടിഞ്ഞു. മണ്ണിടിഞ്ഞ് വീണ് കിഴുത്തള്ളി വായനാശാലക്ക് സമീപത്തെ എന്‍. പ്രദീപന്റെ വീട്ടുകിണര്‍ അപകടാവസ്ഥയിലായി. തെങ്ങ് പൊട്ടിവീണ് കണ്ണപുരം വില്ലേജിലെ ഇട്ടമ്മല്‍ രവീന്ദ്രന്റെ വീടിന് നാശം സംഭവിച്ചു.
രാമന്തളി വില്ലേജ് കുന്നത്തെരുവിലെ പി.ടി. രാഘവന്റെയും രാമന്തളി കുരിശുമുക്കിലെ പി.വി. പ്രഭാകരന്, ഭാസ്കരന്, ലീല എന്നിവരുടെയും വീട് മരം വീണ് ഭാഗികമായി തകര്‍ന്നു. രാമന്തളി കല്ലേറ്റുംകടവിലെ കെ.വി. സുരേന്ദ്രന്റെ വീടും തൊഴുത്തും ഭാഗികമായി തകര്‍ന്നു. രാമന്തളി ഓണപ്പറമ്പിലെ മനോഹരന്റെ വീടിന്റെ മേല്‍ക്കൂര കാറ്റിലും മഴയിലും തകര്‍ന്നു. പുഴയോരം ഇടിഞ്ഞ് പാമ്പുരുത്തി ദ്വീപില്‍ പാമ്പുരുത്തി പാലത്തിനടുത്ത് താമസിക്കുന്ന എം.പി. ഖദീജയുടെ വീട് അപടകടാവസ്ഥയിലായി.
പരിയാരം മുക്കുന്ന് ഇ.ഒ നഗറില്‍ ചാലില്‍ മഹമൂദിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു. വലിയന്നൂര്‍ വില്ലേജില്‍ മുഹമ്മദ് ഷെരീഫിന്റെ വീടിന്റെ പിന്‍വശത്തെ മതില് തകര്‍ന്നു. വീട് അപകടാവസ്ഥയിലായതോടെ വീട്ടുകാരോട് മാറി താമസിക്കാന്‍ നിർദേശിച്ചു.
കണ്ണൂര്‍ തിലാശി സ്ട്രീറ്റില്‍ വെസ്റ്റ്ബേ അപ്പാര്‍ട്ട്മെന്റിന് സമീപത്തെ പി.എം. താഹിറയുടെ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് സമീപത്തെ മുഹമ്മദ് നിസാറിന്റെ വീടും സെപ്റ്റിക് ടാങ്കും ഭാഗികമായി തകർന്നു. ഇലക്ട്രിക് ഉപകരണങ്ങള്‍ പ്ലംബിങ്ങ് സാധനങ്ങള്‍ എന്നിവക്ക് കേടുപാട് സംഭവിച്ചു. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇവിടെ താമസിക്കുന്ന കുടുംബങ്ങളെ താമസിപ്പിച്ചു.
വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് കണ്ണവം ഇടുമ്പയിലെ നുസൈബ മന്‍സില്‍ ഇസ്മയിലിന്റെയും ദാറുല്‍ ഇഷ്ക്കില്‍ പാത്തുമ്മയുടെയും വീടിന് നാശനഷ്ടം സംഭവിച്ചു. ചൊവ്വാഴ്ച കടമ്പൂര് പഞ്ചായത്ത് 11ാം വാര്‍ഡിലെ എം.സി. രോഹിണിയുടെ വീടിന് മുകളില്‍ മരം പൊട്ടിവീണ് വീടിന് നാശനഷ്ടം സംഭവിച്ചു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംസ്ഥാന പാതയില്‍ ഇരിക്കൂര്‍ ജുമാമസ്ജിദിന് സമീപം ആള്‍താമസമില്ലാത്ത പഴയ തറവാട് വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണു.
മൂന്നു ദിവസമായി ജില്ലയിൽ മുഴുവൻ കനത്ത മഴയാണ്. ചൊവ്വാഴ്ച കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങളിൽ തലശ്ശേരിയും ഉൾപ്പെടും. ചൊവ്വാഴ്ച 15 സെന്റി മീറ്റർ മഴയാണ് തലശ്ശേരിയിൽ രേഖപ്പെടുത്തിയത്. കണ്ണൂർ, ഇരിക്കൂർ, തളിപ്പറമ്പ്, ചെമ്പേരി എന്നിവിടങ്ങളിൽ 14 സെന്റി മീറ്റർ മഴയും രേഖപ്പെടുത്തി.
കണ്ണൂർ: നഗരത്തിൽ പ്ലാസ ജങ്ഷനിൽ ഓടുന്ന വാഹനങ്ങൾക്ക് മേൽ മരം വീണ് ഒരാൾക്ക് പരിക്കേറ്റു. രണ്ടു കാറുകൾക്കും ഒരു ഓട്ടോക്കും മുകളിലേക്കാണ് മരം വീണത്. ഇരിക്കൂർ സ്വദേശിനി വത്സലക്കാണ് പരിക്കേറ്റത്. റെയിൽവേ കോമ്പൗണ്ടിലെ യൂക്കാലി മരമാണ് വീണത്. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അഗ്നി രക്ഷാ സേന മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
കോലത്തുവയൽ: തോരാത്ത മഴയിൽ കല്യാശ്ശേരി കോലത്തു വയലിൽ കനത്ത വെള്ളക്കെട്ട്. പ്രദേശത്തെ കുടുംബങ്ങൾ ദുരിതത്തിൽ. പി.പി. ഹരിദാസന്റെ വീട് ഏത് സമയവും നിലംപൊത്തുന്ന അവസ്ഥയിലാണ്. മഴകനക്കും തോറും വെള്ളക്കെട്ട് കൂടി വരുന്ന അവസ്ഥയിലാണ്. കനത്ത മഴയിൽ പാപ്പിനിശ്ശേരി കല്യാശ്ശേരി പഞ്ചായത്തിലെ ഏറിയ ഭാഗവും വെള്ളക്കെട്ട് കൂടി വരുന്ന അവസ്ഥയിലാണ്. പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.