പയ്യന്നൂർ: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാരുടെ വിരമിക്കല്‍ പ്രായം താല്‍ക്കാലികമായി 60 വയസ്സുവരെ തുടരാന്‍ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ ഇടക്കാല ഉത്തരവ്. മേയ് 31ന് വിരമിക്കേണ്ടിയിരുന്ന മ്യൂസിയം കം ഫോട്ടോഗ്രാഫിക് അസിസ്റ്റൻറ് തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ എം.വി. രവീന്ദ്രന്, തൃശൂര്‍ മാള സ്വദേശിയും സൂപ്പർവൈസറി നഴ്സുമായ പി.കെ. റസിയ എന്നിവരുടെ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
ആരോഗ്യവകുപ്പ് സെക്രട്ടറി, മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു പരാതി. 2019ലെ പരിയാരം അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, കേരള കോഓപറേറ്റിവ് ഹോസ്പിറ്റല്‍ കോംപ്ലക്സ് എന്നീ സഹകരണ സ്ഥാപനങ്ങളുടെ ഏറ്റെടുക്കലും ഭരണനിര്‍വഹണവും സംബന്ധിച്ച ഉത്തരവ് പ്രകാരം അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിലെ ജീവനക്കാരുടെ സര്‍ക്കാര്‍ ജീവനക്കാരായുള്ള അംഗീകരിക്കലും സേവന -വേതന വ്യവസ്ഥകളും സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ ഇതേവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി.
നേരത്തെ സര്‍ക്കാര്‍ ഏറ്റെടുത്ത കൊച്ചിയിലെ പഴയ കോഓപറേറ്റിവ് മെഡിക്കല്‍ കോളജിലെ ജീവനക്കാരെ 60 വയസ്സുവരെ സര്‍വിസില്‍ തുടരാന്‍ അനുവദിച്ചിട്ടുമുണ്ട്. ഈ കാരണത്താലാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാക്കിയത്. കൂടാതെ കോവിഡ് സാഹചര്യത്തില്‍ ഇവരുടെ സേവനം ഈ തസ്തികകളിലേക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഇവര്‍ തുടരുന്ന കാലഘട്ടത്തിലേക്ക് ശമ്പളമല്ലാതെ മറ്റ് ആനുകൂല്യം ലഭിക്കുകയില്ലെന്നും ഉത്തരവില്‍ പറയുന്നു. ഹരജിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ എം. ശശീന്ദ്രന്, വി. വേണുഗോപാല്‍ എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.