കണ്ണൂർ: ഓൺലൈനിലും മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ പേരിലും തട്ടിപ്പ് തുടരുന്നു. ക്യു നെറ്റ് മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തോപ്പുംപടി സ്വദേശി പി.എ. മുഹമ്മദ് ജസീലാണ് അറസ്റ്റിലായത്. കൂത്തുപറമ്പ് സ്വദേശി നൽകിയ പരാതിയിലാണ് നടപടി. പരാതിക്കാരനെയും മറ്റു മുപ്പത്തിയഞ്ചോളം പേരെയും 2019 ഡിസംബർ മാസം മുതലുള്ള കാലയളവിൽ ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ക്യൂ നെറ്റ് മാർക്കറ്റിങ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് 61.48 ലക്ഷം രൂപ കൈക്കലാക്കി കബളിപ്പിച്ചതായി പരാതി.
അതിനുശേഷം വാഗ്ദാനം ചെയ്ത ജോലിയോ തുകയോ നൽകാതെ വഞ്ചിച്ച കേസിലാണ് അറസ്റ്റ്. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ നിർദേശാനുസരണം കൂത്തുപറമ്പ് എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റെന്റ് എ കാർ, ഹോളിഡേ പാക്കേജ് തുടങ്ങിയ സേവനങ്ങളും ആരോഗ്യ, സൗന്ദര്യവർധക വസ്തുക്കൾ ഉൾപ്പടെ വിവിധ തരം ഉൽപന്നങ്ങൾ വിൽക്കുന്ന കമ്പനിയാണെന്ന് പറഞ്ഞാണ് നിക്ഷേപകരെ കബളിപ്പിച്ചത്. കൂത്തുപറമ്പ് എസ്.ഐ കെ.ടി. മനോജ്, സി.പി.ഒ മഹേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ടെലഗ്രാമിൽ പാർട്ട് ടൈം ഓൺലൈൻ ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന സന്ദേശം കണ്ട് പണം നൽകിയ മട്ടന്നൂർ സ്വദേശിക്ക് 1.86 ലക്ഷം രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്.തുടക്കത്തിൽ നൽകിയ ടാസ്കുകൾ പൂർത്തിയാക്കിയതോടെ ചെറിയ ലാഭത്തോടു കൂടി പണം തിരികെ നൽകി തട്ടിപ്പുകാർ വിശ്വാസ്യത നേടി എടുത്തു. പിന്നീട് വൻ തുക ആവശ്യപ്പെട്ട് വഞ്ചിക്കുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ ആലക്കോട് സ്വദേശി അനധികൃത ലോൺ ആപ്പിലൂടെ ലോൺ എടുക്കുകയും തുക മുഴുവനായും തിരിച്ചടച്ചിട്ടും ഭീഷണിയെതുടർന്ന് പൊലീസിൽ പരാതി നൽകി. നിരന്തരം ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പണം അടക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക്ക് വാട്സ്ആപ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുകയോ അംഗീകാരമില്ലാത്ത ആപ്പുകൾ വഴി ലോൺ എടുക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പരാതിപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.