കണ്ണൂർ: അലക്ഷ്യമായി മാലിന്യം സ്ഥാപനത്തിന് സമീപം കൂട്ടിയിട്ടതിന് ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് 25,000 രൂപ പിഴ ചുമത്തിയ വാഹന സർവിസ് സെൻറർ അതേ മാലിന്യം സ്വകാര്യഭൂമിയിൽ തള്ളി പിടിയിലായി.
മുഴപ്പിലങ്ങാട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം തള്ളുന്നതിനിടയിൽ നാട്ടുകാർ പഞ്ചായത്തിൽ അറിയിക്കുകയായിരുന്നു. ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കഴിഞ്ഞയാഴ്ചയാണ് മാലിന്യം കൂട്ടിയിട്ടതിനും അശാസ്ത്രീയമായി കൈകാര്യം ചെയ്തതിനും കക്കാട് റെനോ കാർ കമ്പനിയുടെ സർവിസ് സെൻററിന് കാൽലക്ഷം രൂപ പിഴ ചുമത്തിയത്. മാലിന്യം നീക്കം ചെയ്യാനും നിർദേശിച്ചു.
നീക്കം ചെയ്ത മാലിന്യം സംസ്കരിക്കുന്നതിന് സ്വകാര്യ ഏജൻസിക്ക് കൈമാറിയെങ്കിലും ഇവർ മുഴപ്പിലങ്ങാട്ടെ സ്വകാര്യ ഭൂമിയിൽ തള്ളുകയായിരുന്നു. ലോറിയിൽ കൊണ്ടുവന്ന് തള്ളിയ മാലിന്യം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ട് അറിയിച്ചതോടെ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. തൃപ്ത സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. 25,000 രൂപ മുഴപ്പിലങ്ങാട് പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തി മാലിന്യം അവരുടെ ചെലവിൽ തിരിച്ചെടുപ്പിച്ചു.
പല സ്ഥാപനങ്ങളും അംഗീകാരമില്ലാത്ത ഏജൻസികൾക്ക് പണം കൊടുത്ത് നിയമവിരുദ്ധമായി മാലിന്യം കൈയൊഴിയുകയാണ് ചെയ്യുന്നത്.
ഇത്തരത്തിലുള്ളവരെ കണ്ടെത്തുന്നതിനായി ബൾക്ക് വേസ്റ്റ് കാറ്റഗറിയിൽ പെടുന്ന സ്ഥാപനങ്ങളിലേക്ക് ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് പരിശോധന വ്യാപിപ്പിച്ചു. കണ്ണൂർ കോർപറേഷൻ പരിധിയിലെ തിയറ്റർ സമുച്ചയങ്ങൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയ സ്ക്വാഡ് മാലിന്യം കൊണ്ടുപോകുന്ന ഏജൻസികളെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പട്ടവരിൽനിന്ന് ശേഖരിച്ചു. ഇത്തരം ഏജൻസികളുടെ പ്രവർത്തനം അന്വേഷിച്ച് നിയമലംഘനം കണ്ടെത്തി നടപടിയെടുക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.