കണ്ണൂർ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മൂന്ന് ബി.ജെ.പി പ്രവർത്തകരെ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) പ്രകാരം നാടുകടത്തി. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന് പരിധിയില്‍ വേങ്ങാട് പടുവിലായി സായൂജ് (29), കൈതേരി സ്വദേശി ഹർഷിൻ ഹരീഷ് (26), പാനൂർ സ്റ്റേഷന് പരിധിയില്‍ പുത്തൂർ സ്വദേശി അമൽ രാജ് (23) എന്നിവരെയാണ് നാടുകടത്തിയത്.
സി.പി.എം പ്രവർത്തകൻ വാളാങ്കിച്ചാൽ മോഹനൻ വധക്കേസിലെ പ്രതിയാണ് സായൂജ്. ഹർഷിനെതിരെ രണ്ടാം തവണയാണ് കാപ്പ ചുമത്തുന്നത്. സായൂജിനെതിരെ കൂത്തുപറമ്പ്, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനുകളിൽ തടഞ്ഞു നിർത്തി ദേഹോപദ്രവം ഏൽപിക്കൽ, ലഹള നടത്തൽ, കൊലപാതകശ്രമം, സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ, ആയുധം കൈവശം വെക്കൽ എന്നിങ്ങനെയായി ഏഴ് കേസുകളും ഹർഷിൻ ഹരീഷിനെതിരെ കൂത്തുപറമ്പ്, കാസർകോട് സ്റ്റേഷനുകളിലായി തടഞ്ഞു നിർത്തി ദേഹോപദ്രവം ഏൽപ്പിക്കൽ, കൊലപാതകശ്രമം, ലഹള നടത്തൽ, സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ എന്നിങ്ങനെയായി ഒമ്പത് കേസുകളും നിലവിലുണ്ട്.
അമൽ രാജിനെതിരെ പാനൂർ സ്റ്റേഷനിൽ തടഞ്ഞു നിർത്തി ദേഹോപദ്രവം ഏൽപിച്ചതിനും കൂട്ടക്കവർച്ച നടത്തിയതിനും പള്ളൂർ സ്റ്റേഷനിൽ തടഞ്ഞു നിർത്തി ദേഹോപദ്രവം എൽപ്പിച്ചതിനും മൂന്ന് കേസുകൾ നിലവിലുണ്ട്.
കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തല്‍ നടപടി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍നിന്നും ഇവരെ തടഞ്ഞുകൊണ്ടാണ് ഉത്തരവായത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ റിമാൻഡ് ചെയ്യുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.