കണ്ണൂർ: സാധാരണക്കാരന്റെ നികുതിപ്പണത്തിൽ കോടി രൂപ കലക്കിയ ഒരു നീന്തൽകുളമുണ്ട് കക്കാട് പുഴയോരത്ത്. അറവുമാലിന്യം തള്ളൽ കേന്ദ്രമായും സാമൂഹികവിരുദ്ധരുടെ താവളമായും കന്നുകാലികളുടെ വിശ്രമസ്ഥലമായും അതിപ്പോൾ മാറിയിരിക്കുന്നു. സംസ്ഥാന യുവജന കായിക മന്ത്രാലയവും ജില്ല സ്പോര്‍ട്സ് കൗണ്‍സിലും ചേർന്ന് 1.04 കോടി രൂപ ചെലവില്‍ നിർമിച്ച നീന്തൽകുളം വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്.
രണ്ടുവർഷം മുമ്പ് പ്രളയത്തിൽ പുഴയിൽനിന്ന് മലിനജലം കയറിയതോടെയാണ് നീന്തൽ പരിശീലനത്തിനായി അത്യാധുനിക രീതിയിൽ ഒരുക്കിയ കുളം നോക്കുകുത്തിയായത്. ചളിവെള്ളം കയറി കുളത്തിലെ യന്ത്രസാമഗ്രികൾക്കടക്കം തകരാർ സംഭവിച്ചിരുന്നു. യന്ത്രഭാഗങ്ങൾ നന്നാക്കി പുതിയ വെള്ളം നിറക്കാൻ വാട്ടർ അതോറിറ്റിക്ക് അപേക്ഷ നൽകിയെങ്കിലും കോവിഡ് കാരണം നീന്തൽകുളങ്ങൾ അടച്ചതോടെ അതും വെള്ളത്തിലായി. കുളം ഉപയോഗിക്കാതായതോടെ പുല്ലുകയറി. കുളവും പരിസരവും കന്നുകാലികളും തെരുവുനായ്ക്കളും കൈയടക്കി. ലക്ഷങ്ങൾ ചെലവഴിച്ച് ഒരുക്കിയ നിലവും ടൈലുകളും മറ്റും കന്നുകാലികൾ ചവിട്ടി നശിപ്പിച്ചു. കാലികൾ കയറാതിരിക്കാൻ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങളും ഇവിടെയില്ല. സുരക്ഷക്ക് ഒരുക്കിയ ഫെൻസിങ് തുരുമ്പുപിടിച്ചതിനാൽ സാമൂഹികവിരുദ്ധരടക്കം സ്ഥലത്ത് തമ്പടിക്കുകയാണ്. ശൗചാലയങ്ങൾ നാശത്തിന്റെ വക്കിലാണ്. കുളത്തിൽ പ്ലാസ്റ്റിക് മാലിന്യമടക്കം നിറഞ്ഞിരിക്കുന്നു. പുഴയിൽനിന്ന് ഏറ്റവും കൂടുതൽ മലിനജലം കയറുന്നിടത്ത് നീന്തൽക്കുളം ഒരുക്കുന്നതിൽ അപാകതയുണ്ടെന്നാരോപിച്ച് നിർമാണ വേളയിൽ പരിസ്ഥിതി പ്രവർത്തകരും കായികപ്രേമികളും രംഗത്തെത്തിയിരുന്നു. ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന്റെ അധീനതയിലുള്ള 94 സെന്റ് സ്ഥലത്ത് 25 മീ. നീളവും 12.5 മീ. വീതിയുമുള്ള നീന്തല്‍ക്കുളം 2018 മേയിൽ അന്നത്തെ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.
ആറ് ട്രാക്കുള്ള നീന്തല്‍ക്കുളത്തില്‍ രാത്രിയില്‍ നീന്തല്‍ പരിശീലനം നടത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിരുന്നു. നീന്തൽകുളം നാശത്തിന്റെ വക്കിൽനിന്ന് വീണ്ടെടുക്കണമെന്ന് കായികപ്രേമികളുടെ ഏറക്കാലത്തെ ആവശ്യമാണ്.
സ്പോർട്സ് ഡയറക്ടറേറ്റിലെ എൻജിനീയറിങ് സംഘം സ്ഥലം സന്ദർശിച്ചിരുന്നു. കുളം സംരക്ഷണം സംബന്ധിച്ച പ്രായോഗികത പരിശോധിക്കും. അതേസമയം, മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തോട് ചേർന്ന് പുതിയ നീന്തൽക്കുളവും ഹോസ്റ്റലും അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾക്കായി ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. മുണ്ടയാട് പുതിയകുളം വരുന്നതോടെ കക്കാട് നീന്തൽകുളം സ്പോർട്സ് കൗൺസിൽ ഉപേക്ഷിക്കുമെന്നും അഭ്യൂഹമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.