കണ്ണൂർ: പൊലീസ് സേനയിൽ വനിതാ സിവിൽ പൊലീസ് ഓഫിസർമാരുടെ ക്ഷാമം തുടരുേമ്പാഴും നിയമനം കാത്ത് സംസ്ഥാനത്ത് 1400 പേർ. സി.പി.ഒ റാങ്ക് പട്ടികയുടെ കാലാവധി തീരാൻ 25 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നിയമനത്തിലെ മെല്ലെപ്പോക്ക്. സേനയിൽ വനിത അംഗങ്ങളുടെ അംഗബലം വർധിപ്പിക്കാൻ നിരവധി നിർദേശങ്ങൾ വരുമ്പോഴും അവയൊന്നും ഫലംകാണുന്നില്ലെന്ന് ഉദ്യോഗാർഥികൾക്ക് ആക്ഷേപമുണ്ട്. പൊലീസിൽ വനിതാ പ്രതിനിധ്യം 15 ശതമാനമാക്കി ഉയർത്തുമെന്ന കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിെൻറ വാഗ്ദാനം പാലിക്കാനായില്ലെന്നും പരാതിയുണ്ട്.
കോവിഡ് ഡ്യൂട്ടിക്കടക്കം നിരവധി പൊലീസ് ഉദ്യോഗസ്ഥർ ആവശ്യമായ സാഹചര്യത്തിലാണ് കൂടുതൽ നിയമനം നടക്കാതിരിക്കുന്നത്. നിലവിലെ റാങ്ക് പട്ടികക്ക് ആഗസ്റ്റ് നാലു വരെയാണ് കാലാവധിയുള്ളത്. 2017ൽ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം 2018ലാണ് എഴുത്തുപരീക്ഷ നടന്നത്. 2019 നവംബറിൽ കായികക്ഷമത പരിശോധനയും നടന്നു. 2020 ആഗസ്റ്റ് മൂന്നിന് 2050 ഓളം പേരടങ്ങുന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, ഗർഭിണികളായ ഉദ്യോഗാർഥികൾ കായികക്ഷമത പരിശോധനക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽനിന്ന് അനുകൂലമായ വിധിനേടിയതോടെ 2020 ഒക്ടോബറിൽ മാത്രമാണ് നിയമനനടപടികൾ തുടങ്ങിയത്. ഇതുവരെ 671 പേർക്ക് നിയമന ശിപാർശ ലഭിച്ചു.
എന്നാൽ, കഴിഞ്ഞ റാങ്ക് പട്ടികയിൽനിന്ന് 1200ഓളം പേർക്ക് ജോലി ലഭിച്ചിരുന്നു. ഇത്തവണ നിയമന ശിപാർശ ലഭിച്ചവരിൽ 360 പേർ മാത്രമേ ജോലിക്ക് എത്തിയുള്ളൂ. കഴിഞ്ഞ ജനുവരിയിൽ റിപ്പോർട്ട് ചെയ്ത 100 ഒഴിവിൽ 46 എണ്ണവും എൻ.ജെ.ഡി (നോൺ ജോയനിങ് ഡ്യൂട്ടി) ആയിരുന്നു. ഏപ്രിൽ 27നും 29 എൻ.ജെ.ഡി ഒഴിവുകളിലേക്ക് നിയമന ശിപാർശ അയച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയപ്പോൾ വനിത പൊലീസ് പട്ടികക്ക് കാര്യമായ ഗുണമുണ്ടായില്ല. ഒരുദിവസം മാത്രമാണ് അധികമായി ലഭിച്ചത്. പുതിയ റാങ്ക് പട്ടികയിലേക്ക് പ്ലസ് ടു പ്രാഥമികതല പരീക്ഷയിൽനിന്നാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. പ്രാഥമികതല പരീക്ഷപോലും പൂർത്തിയാക്കാത്ത സാഹചര്യത്തിൽ നിരവധി ഘട്ടങ്ങളിലൂടെ നിയമനം നടക്കുന്ന പൊലീസ് പോലെയുള്ള തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാവാൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണം. പുതിയ റാങ്ക് പട്ടിക തയാറാക്കുന്നതിന് കാലതാമസമുണ്ടാകുമെന്നതിനാൽ നിലവിലുള്ള പട്ടികക്ക് ആറ് മാസമെങ്കിലും നീട്ടിനൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. കഴിഞ്ഞ സർക്കാർ വാഗ്ദാനം നൽകിയ 15 ശതമാനം പ്രാധാന്യം തുടർഭരണത്തിലെങ്കിലും നടപ്പാക്കണമെന്നും ഉദ്യോഗാർഥികൾ പറയുന്നു. പി.എസ്.സി നിർദേശിക്കുന്ന പ്രായപരിധി കഴിഞ്ഞവരായതിനാൽ നിലവിലുള്ള പട്ടികയിലെ ഭൂരിപക്ഷം പേരും ഇനിയൊരവസരം ലഭിക്കാത്തവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.