കണ്ണൂർ: കെ- റെയിൽ സിൽവർലൈൻ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ചിറക്കൽ വില്ലേജിൽ കല്ലിടാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തം. പ്രതിഷേധിച്ച കെ- റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല കൺവീനർ അഡ്വ. പി.സി. വിവേക്, ജില്ല നേതാവ് അഡ്വ. ആർ. അപർണ, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ടി.പി. ഇല്യാസ് എന്നിവരെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. വൈകീട്ട് അഞ്ചോടെ മൂന്നുപേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിഷേധക്കാരെ മാറ്റിയശേഷം പൊലീസ് സുരക്ഷയിലാണ് കല്ലിടൽ നടത്തിയത്. ഇട്ട കല്ലുകൾ വൈകീട്ട് സമരസമിതിയുടെ നേതൃത്വത്തിൽ പിഴുതുമാറ്റി.
ചിറക്കൽ റെയിൽവേ പഴയ ഗേറ്റിനു സമീപത്തെ വീടുകളിലാണ് കല്ലിടുന്നതിനായി കെ-റെയിൽ ഉദ്യോഗസ്ഥർ ചൊവ്വാഴ്ച എത്തിയത്. ഇവിടത്തെ ശുഭ എന്ന വീട്ടിൽ എത്തിയ ഉദ്യോഗസ്ഥരാണ് പ്രതിഷേധത്തിന്റെ ചൂടറിഞ്ഞത്. വയോധികരായ ബാലൻ മാസ്റ്റർ -സുനന്ദ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. പൊലീസ് സന്നാഹത്തോടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥരുടെ പ്രവൃത്തി വീട്ടുകാർ എതിർത്തു. വാക്ക് തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ ഉദ്യോഗസ്ഥർ വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സാമൂഹികാഘാത പഠനവുമായി ബന്ധപ്പെട്ട് മാത്രമാണ് കല്ലിടുന്നതെന്നും ഭൂമി ഏറ്റെടുക്കുന്നതുമായി ഇതിന് ബന്ധമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും വീട്ടുകാർ എതിർപ്പ് തുടർന്നു.
പ്രതിഷേധം തുടരുന്നതിനിടയിലും ഉദ്യോഗസ്ഥർ കല്ലിടൽ തുടർന്നു. കെ- റെയിൽ പദ്ധതി തുലയട്ടെ, ഉദ്യോഗസ്ഥർ നീതി പാലിക്കുക, ഇല്ല ഇല്ല സമ്മതിക്കില്ല, ജനങ്ങളോട് നീതി പാലിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധക്കാർ എത്തിയത്. പാരിസ്ഥിതികാഘാത പഠനവുമായി ബന്ധപ്പെട്ടാണ് കല്ലിടുന്നത്. സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ വൈകീട്ട് പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗത്തിന്റെ തീരുമാന പ്രകാരമാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സ്വകാര്യ ഭൂമിയിൽ ഇട്ട കല്ല് പിഴുതുമാറ്റിയത്.
സംഭവത്തിൽ നേതാക്കളായ കാപ്പാടൻ ശശിധരൻ, രാജേഷ് പാലങ്ങാട്ട് എന്നിവരെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, ഡി.സി.സി സെക്രട്ടറി രജിത്ത് നാറാത്ത്, അഴീക്കോട് മണ്ഡലം മുസ്ലിം ലിഗ് പ്രസിഡന്റ് കെ.വി. ഹാരിസ് എന്നിവർ പൊലീസ് സ്റ്റേഷനിൽ എത്തി ഡി.വൈ.എസ്.പിയുമായി സംസാരിച്ചെങ്കിലും ഇവരെ വിട്ടയക്കാൻ തയാറായില്ല. ഇരുവരെയും രാത്രി 11 ഓടെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് രണ്ട് മുമ്പാകെ ഹാജരാക്കി. ജില്ലയിൽ 11 വില്ലേജുകളിലാണ് കല്ലിടൽ പ്രവൃത്തി നടക്കുന്നത്. രണ്ടുദിവസത്തിനകം ചിറക്കൽ വില്ലേജിലെ കല്ലിടൽ പൂർത്തിയാക്കും.
അറസ്റ്റിൽ പ്രതിഷേധം
കെ-റെയിൽ കല്ലിടൽ തടഞ്ഞ ജനകീയ സമിതി നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ ചിറക്കൽ പഴയ ഗേറ്റ് പരിസരത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
ചിറക്കൽ പഞ്ചായത്തംഗം പി.വി. സിന്ധു അധ്യക്ഷത വഹിച്ചു. കല്ലിടൽ തടഞ്ഞ് അറസ്റ്റുവരിച്ച ജില്ല ജനകീയ സമിതി നേതാക്കളായ അഡ്വ. പി.സി. വിവേക്, ആർ. അപർണ, ടി.പി. ഇല്യാസ് എന്നിവരെ റസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി കെ.എം. പ്രമോദ് ഹാരാർപ്പണം നടത്തി സ്വീകരിച്ചു. ജനകീയ സമിതി ജില്ല രക്ഷാധികാരി പി.പി. കൃഷ്ണൻ മാസ്റ്റർ, കാപ്പാടൻ ശശിധരൻ, അനൂപ് ജോൺ, അഡ്വ. കസ്തൂരി ദേവൻ, രാജേഷ് പാലങ്ങാട്, എൻ.എം. കോയ, എം.കെ. ജയരാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.