ശ്രീകണ്ഠപുരം: മലയോര മേഖലയിലേക്കുള്ള ബസ് സര്‍വിസുകള്‍ വ്യാപകമായി വെട്ടിക്കുറച്ച കെ.എസ്.ആര്.ടി.സിയുടെ നടപടിക്കെതിരെ ജനരോഷം ശക്തമാകുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ മലയോര ഗ്രാമങ്ങളിലെ വിവിധ റൂട്ടുകളില്‍ സര്‍വിസ് നടത്തി വന്നിരുന്ന 20ഓളം സര്‍വിസുകളാണ് കെ.എസ്.ആര്.ടി.സി നിര്‍ത്തലാക്കിയത്. വര്‍ഷങ്ങളായി മലയോരത്തെ യാത്രക്കാര്‍ക്ക് ഏറെ ആശ്രയമായിരുന്ന ബസ് സര്‍വിസുകളാണ് നിര്‍ത്തലാക്കിയവയില്‍ ഏറെയും. ആലക്കോട്, ശ്രീകണ്ഠപുരം, ഏരുവേശി, നടുവിൽ, പയ്യാവൂർ മേഖലകളിലെ ഗ്രാമീണ പ്രദേശങ്ങളില്‍ ഇത് കടുത്ത യാത്രാദുരിതമാണുണ്ടാക്കുന്നത്.
അതിരാവിലെയും രാത്രി വൈകിയും ഉൾപ്പെടെ ഓടിയിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ സംസ്ഥാനപാതയിലടക്കം മുന്നറിയിപ്പില്ലാതെ പിൻവലിക്കുകയാണുണ്ടായത്. തോന്നിയപോലെ എന്നെങ്കിലും മാത്രം ഓടുന്ന അവസ്ഥയും പല റൂട്ടുകളിലും ഉണ്ട്. തളിപ്പറമ്പ്-കുടിയാന്മല ദേശസാൽകൃത റൂട്ടിലും പല വണ്ടികളും കാണാനില്ല. സർക്കാർ ബസിനെ മാത്രം ആശ്രയിച്ച് ഈ റൂട്ടിൽ നിത്യേന കാത്തിരിക്കുന്ന യാത്രക്കാർ രാത്രിയിലടക്കം വൻതുക നൽകി ഏറെദൂരം ഓട്ടോറിക്ഷ ട്രിപ്പ് വിളിക്കേണ്ട ഗതികേടാണ്. വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരും വിദ്യാർഥികളും ഈ റൂട്ടിൽ രാത്രി ബസില്ലാതെ പലപ്പോഴും കുടുങ്ങിപ്പോകുന്നത് തുടർക്കഥയാണ്.
ദീർഘദൂര സർവിസ് വണ്ടികളുടെ സ്ഥിതിയും ഇതു തന്നെയാണ്. കാലപ്പഴക്കം ചെന്ന ബസുകളാണ് ദീർഘദൂര സർവിസിനായി മലയോരത്ത് എത്താറുള്ളത്. അതിനാൽ തുടർ സർവിസ് മിക്കപ്പോഴും ഉണ്ടാവുന്നില്ല. നല്ല ലാഭത്തിലായിട്ടും പല സർവിസുകളും പിൻവലിക്കുന്നത് നേരത്തെ തന്നെ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
രാത്രി കാലങ്ങളിലും അതിരാവിലെയും ട്രിപ്പുകൾ മുടക്കുമ്പോൾ യാത്രികർ പെരുവഴിയിലാവുക പതിവാണ്. കെ.എസ്.ആര്.ടി.സി അധികൃതരുടെ ഇത്തരത്തിലുള്ള ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് അഡ്വ. സജീവ് ജോസഫ് എം.എല്‍.എ വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്.
കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് മലയോരത്തേക്ക് സര്‍വിസ് നടത്തിയിരുന്ന ബസുകള്‍ നിര്‍ത്തലാക്കിയത് പിന്‍വലിച്ച് സര്‍വിസുകള്‍ പുനരാരംഭിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ബസ് സര്‍വിസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നിയമസഭയില്‍ സബ്മിഷന് ഉന്നയിക്കുകയും ഗതാഗത മന്ത്രിയോടും കെ.എസ്.ആര്.ടി.സി അധികാരികളോടും ആവശ്യപ്പെടുകയും ചെയ്തിട്ടും ഒരു നടപടികളും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കുത്തിയിരിപ്പ് സമരം നടത്തുന്നതെന്ന് സജീവ് ജോസഫ് എം.എല്‍.എ ‘മാധ്യമ’ത്തോട് പറഞ്ഞു. തുടർന്നും നടപടിയുണ്ടായില്ലെങ്കിൽ ഉപരോധസമരമടക്കം ആരംഭിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.