ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി-നടുവിൽ റോഡ് പണിയുടെ ഭാഗമായി ശ്രീകണ്ഠപുരം-പയ്യാവൂർ റോഡ് ജങ്ഷനിൽ അപകടക്കുഴിയൊരുക്കി അധികൃതർ. കലുങ്ക് പുതുക്കി പണിയലിന്റെ ഭാഗമായാണ് റോഡിൽ വലിയ കുഴിയെടുത്തത്.
പണി മന്ദഗതിയിലായതോടെ ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെട്ടത്. മൂന്ന് ഭാഗങ്ങളിൽനിന്നും നിരവധി വാഹനങ്ങൾ രാത്രിയും പകലുമായി ഇതുവഴി പോകുന്നുണ്ട്. കലുങ്കിന് തൊട്ടടുത്ത് പ്രധാന ജങ്ഷനുള്ളത് കാരണം ഗതാഗതക്കുരുക്കും രൂക്ഷമാണ്.
മറ്റിടങ്ങളിലെ കലുങ്കിന്റെ പണി ഏകദേശം പൂർത്തിയായെങ്കിലും പ്രധാന ജങ്ഷനിലുള്ള കലുങ്ക് പണി മാത്രം പൂർത്തിയാക്കാതെ അധികൃതർ അവസ്ഥ കാണിക്കുകയാണ്. വിദ്യാർഥികളും മറ്റ് കാൽനടയാത്രികരുമടക്കം ഇതുവഴി പോകാൻ ദുരിതമനുഭവിക്കുകയാണ്. വലിയ അപകടം വരുംമുമ്പെങ്കിലും അധികൃതർ കണ്ണുതുറക്കുമോയെന്നാണ് ഡ്രൈവർമാരടക്കമുള്ളവർ ചോദിക്കുന്നത്.
മഴക്കാലമായതിനാൽ പണിയെടുക്കാൻ തടസ്സമാണെങ്കിൽ മൂന്നുഭാഗത്തും ഉടൻ താൽക്കാലിക സംക്ഷണ ഭിത്തി ഒരുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ പ്രകാശൻ നിടിയേങ്ങ അധികൃതർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.