ശ്രീകണ്ഠപുരം: നഗരസഭയുടെ വികസനക്കുതിപ്പിന് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കൃത്യതയും വേഗതയും ശാസ്ത്രീയതയും നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജി.ഐ.എസ് മാപ്പിങ് ആരംഭിച്ചു. ശ്രീകണ്ഠപുരം നഗരസഭയുടെ ആസ്തികളും കെട്ടിടങ്ങളും ഭൂമിയും വീടുകളും പൗരന്മാരുടെ വിവരങ്ങളുമെല്ലാം ഇനി ഒരൊറ്റ ക്ലിക്കിൽ ലഭ്യമാകും. ഡ്രോൺ സർവേ, ഡി.ജി.പി.എസ് തുടങ്ങിയ അതി നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.
ആദ്യഘട്ടത്തിൽ നഗരസഭയിലെ ആസ്തികൾ, റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, ഭൂമിയുടെ അവസ്ഥകൾ എന്നിവയാണ് ഡ്രോൺ പകർത്തുക. രണ്ടാംഘട്ടത്തിൽ ഫീൽഡ് സർവേ ആരംഭിക്കും. ഓരോ വീടുകളിലും എത്തി വിവരശേഖരണം നടത്തും. അതോടൊപ്പം വ്യാപാര സ്ഥാപനങ്ങളുടെ വിസ്തൃതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഡിജിറ്റൽ ആക്കും. നഗരസഭയുടെ 2022-24 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ജി.ഐ.എസ് മാപ്പിങ്ങിന്റെ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ സൊസൈറ്റിക്കാണ്. 48 ലക്ഷമാണ് ഇതിനായി വകയിരുത്തിയത്.
സർവേ പൂർത്തിയാകുന്നതോടെ ഭൂമിയുടെ അളവ്, ജലസ്രോതസ്സുകൾ, കുടുംബങ്ങളുടെ സാമൂഹിക സാഹചര്യങ്ങൾ എന്നിങ്ങനെയുള്ള സമ്പൂർണ വിവരങ്ങൾ നഗരസഭയുടെ പക്കൽ ഉണ്ടാകും. നഗരാസൂത്രണ പദ്ധതി രൂപവ്കരിക്കുന്നതിനും നികുതി പിരിവ് ഉൾപ്പെടെയുള്ള കാര്യങ്ങളും സാമൂഹിക സുരക്ഷ പദ്ധതികളും നടപ്പാക്കുന്നതിന് ഈ വിവരങ്ങൾ സഹായിക്കും.നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫീന വർഗീസ്, വി.പി. നസീമ, ത്രേസ്യാമ്മ മാത്യു, കൗൺസിലർമാരായ നിഷിത റഹ്മാൻ, കെ.വി. കുഞ്ഞിരാമൻ, പി. മീന, കെ.വി. ഗീത, കെ.ഒ. പ്രദീപൻ, സി.ഡി.എസ് ചെയർപേഴ്സൻ എ. ഓമന, യു. അനീഷ് കുമാർ, ഇ.വി. സുനിൽ കുമാർ, പ്രോജക്ട് മാനേജർ എം. ഷൈജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.