കണ്ണൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ നേരിയ ശതമാനത്തിൽ സംസ്ഥാനത്തിൽ ഒന്നാം സ്ഥാനം നഷ്ടമായി കണ്ണൂർ. 99.87 ശതമാനം വിജയം ജില്ല നേടി. സംസ്ഥാനത്ത് തുടർച്ചയായ നാലാം വർഷവും ഒന്നാമതെത്താനുള്ള ശ്രമത്തിനിടയിലാണ് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.
6,794 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇത്തവണ 36,070 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 36,024 പേർ ഉപരിപഠനത്തിന് അർഹത നേടി. 18,559 ആൺകുട്ടികളും 17,465 പെൺകുട്ടികളുമാണ് വിജയിച്ചത്. 183 സ്കൂളുകൾ നൂറുശതമാനം വിജയം നേടി.
നൂറുമേനി നേടിയ സ്കൂളുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. കഴിഞ്ഞ വർഷം 195 സ്കൂളുകൾ നൂറുശതമാനം വിജയം കൊയ്തിരുന്നു. 2,340 ആൺകുട്ടികളും 4,454 പെൺകുട്ടികളുമാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തില്‍ കണ്ണൂരില്‍ 1262 പേരും തലശ്ശേരിയിൽ 2,705 പേരും തളിപ്പറമ്പില്‍ 2,827 പേരുമാണ് എ പ്ലസുകാർ.
കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍നിന്ന് 8,001 പേരും തലശ്ശേരിയിൽ 14,906 പേരും തളിപ്പറമ്പിൽ 13,163 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 89 സർക്കാർ സ്കൂളുകളും 64 എയ്ഡഡും 30 അൺ എയ്ഡഡ് സ്കൂളുകളുമാണ് ഇത്തവണ നൂറുമേനി കൊയ്തത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 100 ശതമാനം വിജയ പട്ടികയിൽ 12 സ്കൂളുകൾ കുറഞ്ഞു.
കഴിഞ്ഞവർഷം 34,997 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 34,975 പേർ ഉപരിപഠനത്തിന് അർഹത നേടിയിരുന്നു. 6,803 പേരാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കഴിഞ്ഞവർഷത്തേക്കാൾ 1,073 കുട്ടികളാണ് ഇത്തവണ കൂടുതലായി പരീക്ഷയെഴുതിയത്.
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ച മുഴുവൻ സ്കൂളുകളെയും വിദ്യാർഥികളെയും ജില്ല പഞ്ചായത്ത് അഭിനന്ദിച്ചു.
ജില്ലയിലെ സ്മൈൽ പദ്ധതി പ്രകാരം എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പിന്റേയും ഡയറ്റിന്റേയും എസ്.എസ്.കെയുടെയും അധ്യാപകരുടെയും സഹായത്തോടെ മൊഡ്യൂൾ തയാറാക്കി സ്കൂളുകൾക്ക് വിതരണം ചെയ്തിരുന്നു.
ഇത്തവണ സ്മൈൽ പ്രൊജക്ട് എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കായി കുറച്ചുകൂടി ഗൗരവമായി നടത്തിയിരുന്നു. പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രത്യേക മൊഡ്യുള്‍ തയാറാക്കി സ്കൂളുകളില്‍ പരിശീലനം നല്കി. പ്രത്യേക ക്ലാസുകളും പരീക്ഷകളും നടത്തി.
വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയാണ് പരിശീലനം നല്‍കിയത്. 50 ലക്ഷം രൂപ ചെലവിലാണ് ജില്ല പഞ്ചായത്ത് വിദ്യാർഥികൾക്കായി സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കിയതെന്നും പഠനത്തിൽ പിന്നാക്കമുള്ള കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിച്ച് പഠന നിലവാരത്തിലേക്ക് ഉയർത്തിയെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.