കണ്ണൂർ: റെയിൽവേ സ്റ്റേഷന് സമീപം നേത്രാവതി, ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായതുമായി ബന്ധപ്പെട്ട് മൂന്നുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അതിഥി തൊഴിലാളികളെയാണ് ചോദ്യം ചെയ്തത്. ഞായറാഴ്ച രാത്രി കണ്ണൂരിനും ചിറക്കലിനും ഇടയിൽ ട്രാക്കിന് സമീപം ഇരിക്കുന്നവരെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. ഇവർ മദ്യലഹരിയിലായിരുന്നു. ചോദ്യം ചെയ്യലിൽ ബീച്ചിൽനിന്നാണ് മദ്യപിച്ചതെന്നും കല്ലേറിൽ പങ്കില്ലെന്നും ഇവർ പറഞ്ഞു. തിങ്കളാഴ്ച മൂന്നുപേരെയും ജാമ്യത്തിൽ വിട്ടയച്ചു. കല്ലേറിൽ ഇവർക്ക് ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. മൊബൈൽഫോണുകളും സി.സി ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഞായറാഴ്ച രാത്രി ഏഴോടെയാണ് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായത്. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്സപ്രസിനും ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേരെയാണ് കല്ലേറുണ്ടായത്. നേത്രാവതിയുടെ എ വൺ എ.സി കോച്ചിന്റെ ഗ്ലാസിന് പോറലേറ്റു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് അൽപസമയം കഴിഞ്ഞയുടനെയാണ് കല്ലേറുണ്ടായത്. ചെന്നൈ സൂപ്പർ ഫാസ്റ്റിന്റെയും ഗ്ലാസിലാണ് കല്ല് പതിച്ചത്. ഇതേസമയം നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപം ഓക്ക എക്സപ്രസിന് നേരെയും കല്ലേറുണ്ടായി. മിനിറ്റുകൾക്കിടയിൽ മൂന്നു ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായത് റെയിൽവേയെയും യാത്രക്കാരെയും ഞെട്ടിച്ചിരുന്നു. സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടായതായും സംശയമുയർന്നു. എന്നാൽ, ട്രെയിനിന് നേരെയുണ്ടായ ആക്രമണത്തിൽ അട്ടിമറി സാധ്യതയില്ലെന്നും സാമൂഹികദ്രോഹികൾ ചെയ്തതാകാമെന്നുമാണ് റെയിൽവേയുടെ നിഗമനം.
അതേസമയം തിങ്കളാഴ്ച ഉച്ചക്ക് തുരന്തോ എക്സ്പ്രസിനുനേരെ കല്ലേറുണ്ടായതായി അഭ്യൂഹമുയർന്നു. പാപ്പിനിശ്ശേരിക്കും കണ്ണപുരത്തിനും ഇടയിൽ എൻജിന് സമീപം എന്തോ ശബ്ദം കേട്ടതായി ലോക്കോപൈലറ്റ് അറിയിച്ചു. ഇത് കല്ലേറാണെന്ന് സംശയമുണ്ടായെങ്കിലും ട്രെയിൻ കോഴിക്കോട്ടെത്തി നടത്തിയ വിശദ പരിശോധനയിൽ കല്ലേറുകൊണ്ടതിന്റെ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ആർ.പി.എഫ് അറിയിച്ചു.
ദിനേന ആയിരങ്ങൾ യാത്രചെയ്യുന്ന ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടരുന്നതിൽ നിലക്കാത്ത ആശങ്ക. അട്ടിമറി സാധ്യതയില്ലെന്നും സാമൂഹികദ്രോഹികൾ ചെയ്തതാകാമെന്നുമാണ് റെയിൽവേ പറയുന്നത്. അട്ടിമറി സാധ്യത തള്ളിയെങ്കിലും നിരന്തരം ട്രയിനിന് നേരെ ആക്രമണമുണ്ടാകുന്നതിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആർ.പി.എഫും റെയിൽവേ പൊലീസും. ട്രെയിനുകൾക്ക് സ്ഥിരമായി നേരെ കല്ലെറിയുന്നവരിൽ വിദ്യാർഥികളുണ്ടെന്നാണ് വിവരം. സ്കൂൾവിട്ട് മടങ്ങുന്ന സംഘങ്ങൾ ട്രെയിനിന് നേരെ കല്ലെറിയുന്നതായി പരാതിയുണ്ടായിരുന്നു. ട്രാക്കിനോട് ചേർന്ന കളിസ്ഥലങ്ങിൽനിന്നും കല്ലേറുണ്ടാകാറുണ്ടെന്ന് യാത്രക്കാർ പറയുന്നു. കുട്ടികൾ കൗതുകത്തിനാണ് കല്ലെറിയുന്നതെങ്കിലും അതുണ്ടാക്കുന്ന അപകടത്തെകുറിച്ച് ചിന്തിക്കാറില്ല.
കണ്ണൂരെത്തിയാൽ കണ്ണും തലയും കല്ലേൽക്കാതെ നോക്കണമെന്നാണ് സ്ഥിരം യാത്രക്കാർ തമാശരൂപത്തിൽ പറയുന്നത്. വളപട്ടണം റെയിൽവേ സ്റ്റേഷനും കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുമിടയിലാണ് വന്ദേഭാരതിനും യശ്വന്ത്പൂരിനും നേത്രാവതിക്കും ചെന്നൈ സൂപ്പർ ഫാസ്റ്റിനുമെല്ലാം കല്ലേറ് കൊള്ളേണ്ടി വന്നത്. കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറുണ്ടാകുന്നത് നിത്യ സംഭവമാവുകയാണ്.
മേയ് എട്ടിന് വൈകീട്ട് 3.27ന് വന്ദേഭാരത് എക്സ്പ്രസിന് വളപട്ടണം സ്റ്റേഷനടുത്താണ് കല്ലേറുണ്ടായത്. ബോഗിയിൽ നേരിയ പൊട്ടലുണ്ടാക്കിയ കല്ലേറിൽ ആർക്കും പരിക്കുണ്ടായില്ല. കാസര്കോടു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന്റെ ബോഗിയില് തട്ടി കല്ല് തെറിക്കുകയായിരുന്നു. റെയിൽവേയുടെ അഭിമാന വണ്ടിയായ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായതിൽ അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മലപ്പുറം തിരൂരിലും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായെങ്കിലും കണ്ണൂരിലെ കല്ലേറ് റെയിൽവേ കാര്യമായാണ് കണ്ടത്.
ജനുവരി 30ന് വൈകീട്ട് 6.10 ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട യശ്വന്ത്പൂർ എക്സ്പ്രസിന് കണ്ണൂർ റെയിൽവേ സ്റ്റേഷനും സൗത്ത് റെയിൽവേ സ്റ്റേഷനുമിടയിൽ ആനയിടുക്ക് ലെവൽ ക്രോസിന് സമീപമാണ് കല്ലുകൊണ്ടത്. വണ്ടിയുടെ 15ാം നമ്പർ കോച്ചിന് നേരെയാണ് അക്രമമുണ്ടായത്. റെയിൽവേ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കല്ലെറിഞ്ഞയാളെ പിടികൂടാനായില്ല.
അതിവേഗത്തിൽ പായുന്ന ട്രെയിനിന് നേരെയുണ്ടാകുന്ന കല്ലേറിന് ആഘാതം കൂടും. ജീവൻപോലും നഷ്ടമാകാം. 2022 സെപ്തംബർ 11ന് മൂകാംബിക സന്ദർശനത്തിന് ശേഷം ട്രെയിനിൽ മടങ്ങവെ കോട്ടയം സ്വദേശിനിയായ കീർത്തന രാജേഷ് എന്ന വിദ്യാർഥിനിക്ക് എടക്കാടിന് സമീപം കല്ലേറിൽ പരിക്കേറ്റിരുന്നു. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ സ്ലീപർകോച്ചിൽ യാത്ര ചെയ്യവെയാണ് കല്ലേറുണ്ടായത്. കീർത്തന തലശ്ശേരിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചാണ് ചികിത്സ നൽകിയത്. കല്ലേറിൽ ജീവൻപോലും അപകടത്തിലായേക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ട്രെയിൻ യാത്രക്കിടെ സാമൂഹിക വിരുദ്ധരുടെ കല്ലേറിൽ കണ്ണിൽ പരിക്കേറ്റ് കാഴ്ച നഷ്ടമായ സംഭവങ്ങൾ ഏറെയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കല്ലേറിൽ തലനാരിഴക്കാണ് യാത്രക്കാർ രക്ഷപ്പെടുന്നത്. ബോഡിയിലും ജനൽകമ്പിയിലും തട്ടി കല്ലും കുപ്പിയും താഴെ വീഴുന്നതിനാൽ അപകടമൊഴിവാകുകയാണ്. പലപ്പോഴും എന്താണ് സംഭവിച്ചതെന് മനസ്സിലാവാത്തതിനാൽ പരാതിയാകാറില്ല.
കഴിഞ്ഞവർഷം താവം റെയിൽപാളത്തിൽ ചെങ്കല്ല് കയറ്റിവെച്ച സംഭവത്തിൽ അട്ടിമറി ശ്രമം അടക്കമുള്ള കാര്യങ്ങൾ സംശയിച്ചിരുന്നു. ഇത്രയും വലിയ കല്ല് ആദ്യമായാണ് ട്രാക്കിൽ വെച്ചതെന്ന് ആർ.പി.എഫും സാക്ഷ്യപ്പെടുത്തി. ആളൊഴിഞ്ഞ കൃഷിസ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ട്രാക്കിലാണ് കല്ലുകയറ്റി വെച്ചത്. ട്രാക്കിൽ ജില്ലി കല്ലുകൾ നിറക്കുന്ന പ്രവൃത്തിക്കിടെ റെയിൽവേ ട്രാക്ക്മാൻമാരുടെ ശ്രദ്ധയിൽ പെട്ടതിനാൽ വലിയ ദുരന്തമാണ് അന്ന് ഒഴിവായത്.
അന്നും സമീപത്തെ അതിഥി തൊഴിലാളികളെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും ഇവർക്ക് ഇതിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടറന്ന് വിട്ടയച്ചു. താവം സംഭവത്തിനും രണ്ട് മാസം മുമ്പ് തൃക്കരിപ്പൂർ-പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ എളമ്പച്ചിയിൽ പാളത്തിന് മുകളിൽ കല്ലുകൾ കയറ്റിവെച്ച സംഭവത്തിൽ ആറ് കുട്ടികളെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി വിട്ടയക്കുകയായിരുന്നു. കഴിഞ്ഞവർഷം പാപ്പിനിശ്ശേരി മേൽപാലത്തിനും പാപ്പിനിശ്ശേരി പാലത്തിനും ഇടയിലുള്ള സ്ഥലത്തെ ട്രാക്കിൽ കല്ലുകൾ നിരത്തി ട്രെയിൻ അട്ടിമറി ശ്രമം മലബാർ എക്സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഒഴിവായത്. ട്രാക്കുകളിൽ 10 മീറ്ററോളം ദൂരത്തിൽ കല്ലുകൾ നിരത്തിവെച്ച നിലയിലായിരുന്നു. മാഹിക്കും തലശ്ശേരിക്കുമിടയിൽ പലയിടങ്ങളിലായി റെയിൽ പാളത്തിൽ കരിങ്കല്ലുകൾ കൂട്ടിയിട്ട സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായത് കഴിഞ്ഞവർഷമാണ്. ചിറക്കൽ, എടക്കാട് ഭാഗങ്ങളിലും പാളങ്ങളിൽ കല്ല് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.