കണ്ണൂർ: തെരുവുനായ് ആക്രമണത്തിൽ പൊറുതിമുട്ടി കണ്ണൂർ. അത്താഴക്കുന്ന്, ശാദുലിപള്ളി, കൊറ്റാളി എന്നിവിടങ്ങളിൽ വിദ്യാർഥികൾ അടക്കം 16 പേർക്ക് കടിയേറ്റു. വ്യാഴാഴ്ച രാവിലെ മുതലാണ് ഈ ഭാഗങ്ങളിൽ തെരുവുനായ് ആക്രമണമുണ്ടായത്. പരിക്കേറ്റവർ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സതേടി.
അത്താഴക്കുന്ന് ഭാഗത്താണ് ആദ്യം തെരുവുനായുടെ ആക്രമണമുണ്ടായത്. അത്താഴക്കുന്ന് കണ്ടേൻ റോഡിൽ പത്ര ഏജന്റായ പൗക്കോത്ത് ഹൗസിൽ ഹനീഫയെ (62) വീട്ടുമുറ്റത്തുനിന്നാണ് നായ് കടിച്ചത്. മകൾ ഷമീനയെ നായ് കടിക്കാനെത്തിയത് തടയുന്നതിനിടയിലാണ് ഹനീഫയെ അക്രമിച്ചത്. കൈക്കും നെഞ്ചിലും കടിയേറ്റു. സമീപത്തെ ഓലാട്ടുവയലിൽ മണിയെയും (65) വീട്ടിൽനിന്നാണ് കടിച്ചത്.
അത്താഴക്കുന്നിൽ വിദ്യാർഥികളായ ഉദൈഫ് (17), അന്ന സൂസൻ (18), ഷിഫ (15), കൊറ്റാളിയിലെ ലക്ഷംവീട്ടില്‍ ശോഭ (53), ശരത്ത് (28), അത്താഴക്കുന്നിലെ ഷൈജു (41), വളപട്ടണം കണ്ടത്തറ ഹൗസിൽ ഷംസീർ (39), ചെറുകുന്ന് സ്വദേശി സനജ് (24), കൊളച്ചേരി പുതിയപുരയിൽ ലക്ഷ്മി (62), പുഴാതി നോര്‍ത്ത് യു.പി സ്കൂളിന് സമീപം ഉണ്ണാങ്കണ്ടി ലീന (53), എസ്.ബി.എസ് നിവാസില്‍ സുശീല (70), ശ്രീകലയില്‍ ശ്രീജേഷ് (42), ശൈലജ നിവാസില്‍ പ്രജിത്ത് (44), സൗമിനി (64) എന്നിവരെയാണ് നായ് കടിച്ചത്.
അത്താഴക്കുന്ന് ഭാഗത്ത് ഭീതിപടർത്തിയ നായ് തന്നെയാണ് സമീപ പ്രദേശമായ ശാദുലിപള്ളിയിലും അക്രമം നടത്തിയതെന്നാണ് കരുതുന്നത്. ഉച്ചക്ക് രണ്ടോടെ അത്താഴക്കുന്നിൽ നാട്ടുകാർ നായെ പിടികൂടി കൊന്നു.
പുഴാതി സോണല്‍ ഡിവിഷനില്‍ തെരുവുനായ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഭീതിയോടെയാണ് കുട്ടികള്‍ സ്കൂളിലും മദ്റസയിലും പോകുന്നത്. പുഴാതിയിലെ നായ് ശല്യം സംബന്ധിച്ച വിഷയം കൗൺസിൽ യോഗത്തിലടക്കം ഉന്നയിക്കപ്പെട്ടിരുന്നു. നിരവധി തവണ പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞു. നായ്ക്കൾക്ക് കുത്തിവെപ്പും വന്ധ്യംകരണവും കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.