കണ്ണൂർ: പാപ്പിനിശ്ശേരിയിൽ പഠനത്തിൽ മിടുക്കർ സ്ത്രീകളെന്ന് പഠന റിപ്പോർട്ട്. പഞ്ചായത്തിനെ ലിംഗ സൗഹൃദമാക്കാൻ നടത്തിയ സ്ത്രീപദവി പഠനത്തിലാണ് സ്ത്രീകളുടെ വിദ്യാഭ്യാസ നിരക്ക് ഉയർന്നതായുള്ള കണ്ടെത്തൽ.
പഞ്ചായത്തിൽ സ്ത്രീകൾ ബിരുദമടക്കമുള്ള മികച്ച വിദ്യാഭ്യാസം നേടുമ്പോൾ പുരുഷൻമാർ വിദ്യാഭ്യാസ നിലവാരത്തിൽ പിന്നോട്ടുപോവുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. പഠനവിധേയമാക്കിയവരിൽ 62 ശതമാനം പുരുഷന്മാരും 10ാം ക്ലാസിൽ താഴെ വിദ്യാഭ്യാസം നേടിയവരാണ്. സ്ത്രീകളാകട്ടെ 50 ശതമാനം പേരും ഹയർസെക്കൻഡറിയോ അതിന് മുകളിലോ വിദ്യാഭ്യാസം നേടിയവരും. പുരുഷന്മാരിൽ 15 ശതമാനം പേർ ബിരുദവും അതിനു മുകളിലും യോഗ്യത നേടിയവരാണ്. 65 ശതമാനം പുരുഷന്മാരും കൂലിപ്പണി പോലെ അവിദഗ്ധ ജോലികൾ ചെയ്യുന്നവരാണ്. 10ാം തരത്തിൽ താഴെ വിദ്യാഭ്യാസം നേടിയ സ്ത്രീകൾ 44 ശതമാനം മാത്രമാണ്.
സാമൂഹിക ചുറ്റുപാട് പുരുഷന്മാരുടെ വിദ്യാഭ്യാസ നിരക്ക് കുറയാൻ കാരണമാകുന്നുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സ് പുരുഷന്മാരുടെ ഉത്തരവാദിത്തമായി കണക്കാക്കുന്നത് ഉയർന്ന വിദ്യാഭ്യാസം നേടാതെ വരുമാനമുണ്ടാക്കുന്ന ജോലികളിലേക്ക് അവർ തിരിയാൻ കാരണമാകുന്നതായി പഠനത്തിൽ കണ്ടെത്തി.
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടായതും വിവാഹപ്രായം 18നു മുകളിൽ ആക്കിയതും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഞ്ചായത്തിന്റെ സമീപ പ്രദേശങ്ങളിൽ ഉള്ളതും ഒരുപരിധി വരെ സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കാൻ സഹായകമായി. എന്നാൽ, വിദ്യാഭ്യാസമുണ്ടെങ്കിലും ജോലി ചെയ്യുന്ന സ്ത്രീകൾ താരതമ്യേന കുറവാണ്. 47 ശതമാനം സ്ത്രീകൾ കൂലിപ്പണി, തൊഴിലുറപ്പ് പോലുള്ള ജോലികൾ ചെയ്യുന്നവരാണ്. കലാകായിക രംഗത്ത് മികവ് പുലർത്തിയിരുന്ന പല സ്ത്രീകളും വീട്ടുത്തരവാദിത്തം കാരണം മേഖലയിൽനിന്ന് വിട്ടുനിൽക്കുന്നതായി പഠനം കാണിക്കുന്നു.
തയ്യൽ, കോഴിവളർത്തൽ, മൃഗപരിപാലനം, ഭക്ഷണ പദാർഥങ്ങൾ ഉണ്ടാക്കി വിൽക്കൽ തുടങ്ങിയവയാണ് സ്ത്രീകൾ പ്രധാനമായും വീട്ടിൽനിന്ന് തന്നെ വരുമാനം കണ്ടെത്തുന്ന മാർഗങ്ങൾ. 17 ശതമാനം സ്ത്രീകൾ മാത്രമാണ് വീടിനുള്ളിൽ വരുമാനം കണ്ടെത്തുന്ന ജോലികൾ ചെയ്യുന്നവർ.
പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 50 ശതമാനത്തോളം സ്ത്രീകളാണ്. തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഉണ്ടായിവരുന്ന വർധന സ്ത്രീകളുടെ പുരോഗതിയിലേക്കുള്ള സൂചനയാണ്. പഞ്ചായത്തിലെ 83 അർബുദബാധിതരിൽ 51 പേർ സ്ത്രീകളാണ്. അതിനാൽ അർബുദം നേരത്തേ കണ്ടെത്താനുള്ള ക്യാമ്പുകളും ബോധവത്കരണവും നടത്താനുള്ള നീക്കത്തിലാണ് പഞ്ചായത്ത്.
പഞ്ചായത്തിലെ മൊത്തം സ്ത്രീ ജനസംഖ്യയുടെ മൂന്ന് ശതമാനമായ 600 സ്ത്രീകളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. 18നു മുകളിൽ ഉള്ള സ്ത്രീകളെയാണ് പഠനവിധേയമാക്കിയത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത്. പഞ്ചായത്തിലെ സ്ഥാപന വിശകലനം, വനിത ഘടക പദ്ധതി വിശകലനം, പ്രാഥമിക വിവര ശേഖരണം, ഫോക്കസ് ഗ്രൂപ് ചർച്ച തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് പഠനം നടത്തിയത്. പാപ്പിനിശ്ശേരി പഞ്ചായത്തിനെ ലിംഗ പദവി സമത്വ പഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് പഠനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.