കേളകം: ബാവലിപ്പുഴക്കരയിൽ അഭയാർഥികളെപോലെ ആദിവാസികളെത്തി. കൊട്ടിയൂർ പഞ്ചായത്ത് കോളനികളിലെ കുടുംബങ്ങളാണ് വേനലായതോടെ നീണ്ടു നോക്കിയിലെ ബാവലിപ്പുഴയരികിൽ കുടിൽ കെട്ടി താമസമാക്കിയിരിക്കുന്നത്. ഒരു സുരക്ഷയും ഇല്ലാതെ പുഴയരികിലാണ് രാത്രിയിലും ഇവർ കഴിച്ചുകൂട്ടുന്നത്. വന്യമൃഗങ്ങള്‍ സ്വൈര്യ വിഹാരം നടത്തുന്ന പ്രദേശത്ത് ഇവരുടെ താമസം സുരക്ഷിതമല്ല.
വരൾച്ച രൂക്ഷമായതോടെ മലയോര കോളനികളിൽ വെള്ളം ലഭിക്കാത്തതുമൂലം കൂടുതൽ കുടുംബങ്ങൾ പുഴയോരവാസത്തിനെത്താറുണ്ട്. ഓലകൾ മറച്ച് കെട്ടിയും തുണി കെട്ടിമറച്ചുമുള്ള തണലിൽ കഴിയുന്ന ഇവരുടെ ജീവന് പുലികളുടെയും കാട്ട്പന്നികളുടെയും സാന്നിധ്യം ഭീഷണിയാണ്. പുഴക്കരയിൽ കുടിൽ കെട്ടി തമ്പടിച്ചവർ പുഴ മലിനീകരണത്തിന് ഇടവരുത്തുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. പഞ്ചായത്തധികൃതരും ആരോഗ്യവകുപ്പും പൊലീസും ഇവരെ ഇവിടെനിന്നും മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
പുഴയോരത്ത് അഭയാർഥികളെപ്പോലെ താവളമാക്കിയ സംഘത്തെ അവരുടെ ജീവൻ വന്യജീവികളിൽ നിന്ന് രക്ഷിക്കാൻ വേണ്ടി അടിയന്തിരമായി സ്ഥലത്ത് നിന്ന് കോളനികളിലേക്ക് മടക്കി അയക്കുകയും, കോളനികളിൽ ജലക്ഷാമം പരിഹരിക്കുകയും വേണമെന്നാണ് സമീപവാസികളുടെ ആവശ്യം. പുഴയിൽ തമ്പടിച്ച സംഘങ്ങൾ ബാവലിപ്പുഴയിൽ ചിറ കെട്ടി വെള്ളം തിരിച്ച് വിട്ട് മീൻപിടിക്കുന്നതും പതിവു കാഴ്ചയാണ്. തൊഴിലില്ലായ്മയും, ഒപ്പം കോളനികളിലെ ജലക്ഷാമവുമാണ് ബാവലിപ്പുഴയോരവാസത്തിന് കോളനി നിവാസികളെ പ്രേരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.