തളിപ്പറമ്പ്: കർഷകർക്ക് ആശ്വാസമായി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തിൽ കീടങ്ങളെ നശിപ്പിക്കാനുള്ള ബയോ കൺട്രോൾ ലാബ് സജ്ജമാകുന്നു. സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സഹായധനത്തോടെയാണ് ലാബും കെട്ടിടവും നിർമിച്ചത്.
പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രത്തിന് സമീപമുള്ള ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിലാണ് (കെ.വി.കെ.) ബയോ കൺട്രോൾ ലാബ് സജ്ജമാക്കുന്നത്. വിളകളെ ആക്രമിക്കുന്ന കുമിൾ രോഗങ്ങൾ, ബാക്ടീരിയൽ രോഗങ്ങൾ, കീടങ്ങൾ, പ്രാണികൾ ഇവക്കൊക്കെ പ്രതിവിധി എന്ന തരത്തിലുള്ള ഉൽപന്നങ്ങളാണ് ഈ ലാബിൽനിന്ന് ഉൽപാദിപ്പിക്കുന്നത്.
പോഷകലഭ്യത ഉറപ്പാക്കി വളർച്ചക്ക് സഹായിക്കുന്ന 15 തരം മിത്രജീവാണുക്കൾ കൃഷിവിജ്ഞാനകേന്ദ്രത്തിൽ നിന്ന് ഇനി ലഭിക്കും. ലാബ് പൂർണമായും പ്രവർത്തന സജ്ജമായാൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കാർഷിക ആവശ്യങ്ങൾക്കുള്ള മിത്രകീടാണുക്കളെ ഉൽപാദിപ്പിക്കാനാകും. കൃത്രിമമായി വളർത്തിയെടുത്ത് ഉൽപാദിപ്പിക്കുന്ന ജീവാണു വളങ്ങൾ, വിളകളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ കഴിവുള്ള മിത്ര നിമാവിരകൾ, ജൈവ കുമിൾനാശിനി, ട്രൈക്കോ കേക്ക് തുടങ്ങിയവയാണ് ബയോകൺട്രോൾ ലാബിൽ ഉൽപാദിപ്പിക്കുക. സസ്യങ്ങളിലെ എല്ലാ രോഗങ്ങൾക്കും എതിരായി ഉപയോഗിക്കുന്ന സീഡോമോണാസിന്റെ ലിക്വിഡ് ഫോർമുലെഷനും ലാബിൽ ഉൽപാദിപ്പിക്കുന്നുണ്ട്.
സംസ്ഥാന ഹോർട്ടികൾചർ മിഷന്റെ സഹായത്തോടെ 45 ലക്ഷം രൂപ കെട്ടിടത്തിനും 44 ലക്ഷം രൂപ ലാബിലെ ഉപകരണത്തിനും ചെലവഴിച്ചു. മലയോര മേഖലയിലെയും ഉത്തരം മലബാർ മേഖലയിലെ കർഷകർക്കും ഗുണകരമാകുന്ന രീതിയിലാണ് ലബോറട്ടറിയുടെ ഉൽപന്നങ്ങൾ നിർമിക്കുന്നതും വിതരണം ചെയ്യുന്നതുമെന്ന് പ്രോഗ്രാം കോഓഡിനേറ്റർ ഡോക്ടർ പി. ജയരാജ് പറഞ്ഞു. ഒക്ടോബർ രണ്ടാം വാരത്തോടെ കെട്ടിടത്തിന്റെയും ലാബിന്റെയും ഉദ്ഘാടനം നടത്താനുള്ള നീക്കത്തിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.