തളിപ്പറമ്പ്: ദേശീയതലത്തിൽതന്നെ ചർച്ചാ വിഷയമായ തളിപ്പറമ്പ് ബൈപാസ് നിർമാണ പ്രവൃത്തി തുടങ്ങി. തളിപ്പറമ്പ് ബൈപാസ് കീഴാറ്റൂർ വയലിലൂടെ കടന്നുപോകുന്നതാണ് വിവാദം സൃഷ്ടിച്ചിരുന്നത്. ദേശീയപാത 66ൽ കുപ്പം മുതൽ കുറ്റിക്കോൽ വരെയാണ് തളിപ്പറമ്പ് ബൈപാസ് നിർമിക്കുന്നത്. വിവാദങ്ങൾക്ക് വിടനൽകിയാണ് പ്രവൃത്തി ആരംഭിച്ചിട്ടുള്ളത്.
കീഴാറ്റൂർ വയലിലൂടെ റോഡ് നിർമിച്ചാൽ വെള്ളത്തിെൻറ ഒഴുക്ക് തടസ്സപ്പെടുമെന്നും ജലസ്രോതസ്സ് നഷ്ടപ്പെടുമെന്നും ഉന്നയിച്ചായിരുന്നു ഒരു വിഭാഗം സമരം സംഘടിപ്പിച്ചിരുന്നത്. എന്നാൽ, കുപ്പം മുതൽ കുറ്റിക്കോൽ വരെയുള്ള 5.7 കി.മീ ദൂരത്തിൽ വെള്ളത്തിെൻറ ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ 21 കലുങ്കുകളും മൂന്ന് ചെറിയ മേൽപാലങ്ങളും ഉൾപ്പെടെയാണ് നിർമിക്കുന്നത്.
കീഴാറ്റൂർ വയലിലേക്ക് പ്രവേശിക്കുന്ന മാന്ധംകുണ്ട് വടക്ക് -പട്ടുവം റോഡ് മുതലാണ് ഇപ്പോൾ പ്രവൃത്തി പുരോഗമിക്കുന്നത്. ഇവിടങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയും മരങ്ങൾ മുറിച്ചുമാറ്റിയും റോഡിനായി അളന്നിട്ട സ്ഥലം നിരപ്പാക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്. ഇവിടെ നിന്നും 500 മീറ്റർ നീളത്തിൽ നിർമിക്കുന്ന മേൽപാലത്തിെൻറ പണി രണ്ടാഴ്ചക്കകം ആരംഭിക്കും. അടുത്ത ദിവസം തന്നെ കീഴാറ്റൂർ വയലിലും പ്രവൃത്തി ആരംഭിക്കുമെന്ന് കരാർ ജീവനക്കാർ പറഞ്ഞു.
ബൈപാസിെൻറ ഭാഗമായി കുപ്പത്ത് നിലവിലുള്ള പാലത്തിെൻറ വടക്കുഭാഗത്തായി മൂന്നുവരി വീതിയിൽ പാലം നിർമിക്കും. കുറ്റിക്കോൽ പുഴക്ക് കുറുകെയും ചെറിയ പാലം നിർമിക്കും. ജില്ലയിൽ നിർമിക്കുന്ന മൂന്ന് ബൈപാസുകളിൽ നീളത്തിൽ രണ്ടാമത്തേതാണ് തളിപ്പറമ്പ് ബൈപാസ്.
കല്യാശ്ശേരിയിൽ നിന്ന് ആരംഭിച്ച് എടക്കാട് സമാപിക്കുന്ന കണ്ണൂർ ബൈപാസിന് 26 കി.മീറ്റർ നീളമുണ്ട്. വെള്ളൂരിൽനിന്ന് ആരംഭിച്ച് പെരുമ്പയിലെത്തുന്ന പയ്യന്നൂർ ബൈപാസിെൻറ നീളം 4.1 കി.മീറ്ററാണ്. ബൈപാസുകളും ആറുവരിപ്പാതയും യാഥാർഥ്യമാവുന്നതോടെ കണ്ണൂരിൽ നിന്ന് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് 20-25 മിനിറ്റിൽ എത്തിച്ചേരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.