തളിപ്പറമ്പ്: തളിപ്പറമ്പിലെ സി.പി.എമ്മിൽ ഉണ്ടായ വിഭാഗീയതയുടെ തുടർച്ചയായി വിമത നേതാവ് കോമത്ത് മുരളീധരനെയും മകനെയും വധിക്കുമെന്ന് ഭീഷണിക്കത്ത്. തളിപ്പറമ്പ് സഖാക്കൾ എന്ന പേരിലാണ് മുരളീധരന് തപാൽവഴി വീട്ടിലേക്ക് രണ്ട് കത്തുകൾ ലഭിച്ചത്. ഈ വരുന്ന ഏരിയ സമ്മേളനത്തിന് മുന്നേ നിന്നെയും നിെൻറ മകൻ അമലിനെയും ഏത് വിധേനെയും കൊല്ലുമെന്നാണ് ഭീഷണി. കൂടാതെ ടി.പിയെ 51 വെട്ടിയെങ്കിൽ 102 വെട്ടണമെന്ന് പറയുന്ന രീതിയിലും കത്ത് ലഭിച്ചു. സംഭവത്തിൽ തളിപ്പറമ്പ് ഡിവൈ.എസ്.പി മുമ്പാകെ മുരളീധരൻ പരാതി നൽകി.
''ഈ വരുന്ന ഏരിയ സമ്മേളനത്തിന് മുന്നേ നിന്നെയും നിെൻറ മകൻ അമലിനേയും ഏത് വിധേനേയും കൊന്ന് ഞങ്ങളുടെ പ്രസ്ഥാനത്തോടുള്ള കടമ പൂർത്തീകരിക്കും. രക്ഷാപ്പെടാമെങ്കിൽ രക്ഷപ്പെട്ടോളൂ. ഇത് ധീര രക്തസാക്ഷികൾ നേതൃത്വം കൊടുത്ത വിപ്ലവ പ്രസ്ഥാനത്തിെൻറ താക്കീതാണ്.'' - തളിപ്പറമ്പ് സഖാക്കളുടെ പേരിൽ കവറിൽ അയച്ച കത്തിലുള്ളത് ഇങ്ങനെയാണ്. ഇൻലൻറിൽ അയച്ച മറ്റൊരു കത്തിൽ ''ശ്രീ. മുരളീധരൻ കോമത്ത് എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്. നിർത്തിക്കൊള്ളുക ആർക്കുവേണ്ടി ബലിയാടാകുന്നു. ലോകം നന്നാക്കാൻ നിങ്ങൾക്കോ എനിക്കോ ആകില്ല. ടി.പിയെ 51 വെട്ടിയെങ്കിൽ ഇവനെ 102 എന്നാണ് ഭീഷണി കലർന്ന രണ്ടാമത്തെ കത്ത്.
ഒക്ടോബർ 23ന് അയച്ച ഒരു കത്ത് അഞ്ച് ദിവസം മുമ്പാണ് മുരളീധരന് ലഭിച്ചത്. വധിക്കുമെന്ന് ഭീക്ഷണിയുള്ള രണ്ടാമത്തെ കത്ത് തിങ്കളാഴ്ച രാവിലെയും ലഭിച്ചു. പൊലീസ് ഇത് അന്വേഷിക്കുമെന്ന് ഉറപ്പുനൽകിയതായി അറിയുന്നു. തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത ആരോപിച്ച് ഇറങ്ങിപ്പോയതിന് പിന്നാലെയാണ് കോമത്ത് അനുകൂലികൾ ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രനെതിരെയും സി.പി.എം തളിപ്പറമ്പ് നേതൃത്വത്തിനെതിരെയും പോസ്റ്ററുകളും ശക്തിപ്രകടനവും നടത്തിയത്. വിശദീകരണം നൽകാതായതോടെ കോമത്ത് അടക്കം ആറ് പേർക്കെതിരെ നടപടി ശിപാർശയും ലോക്കൽ കമ്മിറ്റി യോഗത്തിലുണ്ടായി. അതിനിടെ ഇവർ റെസിഡൻസ് അസോസിയേഷൻ രൂപവത്കരിച്ച് ലഘുലേഖകൾ വിതരണം ചെയ്ത് പാർട്ടി ഗ്രാമത്തിൽ 300ലധികം പേരെ പങ്കെടുപ്പിച്ച് പാർട്ടി അനുഭാവിയായ എം. ഷൈജുവിെൻറ അനുസ്മരണവും ഞായറാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏരിയ സമ്മേളനത്തിന് മുമ്പ് മുരളീധരനെയും മകൻ അമലിനെയും വെട്ടിക്കൊല്ലും എന്ന ഭീഷണിയടങ്ങിയ കത്ത് വീട്ടിൽ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.