തളിപ്പറമ്പ്: സി.പി.എം സമ്മർദത്തെ തുടർന്ന് പട്ടുവം പഞ്ചായത്ത് അധികാരികൾ വീട് നിർമാണം തടഞ്ഞതായി യൂത്ത് കോൺഗ്രസ് ജില്ല നേതൃത്വം ആരോപിച്ചു. പട്ടുവം കുഞ്ഞി മതിലകത്തെ പാവപ്പെട്ട കുടുംബത്തിന് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി രക്തസാക്ഷി ഷുഹൈബിന്റെ നാമധേയത്തിൽ നൽകുന്ന വീടിന്റെ നിർമാണം അനധികൃതമായാണ് നടക്കുന്നതെന്നു കാണിച്ചാണ് നോട്ടീസ് നൽകിയതെന്ന് ജില്ല പ്രസിഡന്റ് സുദീപ് ജെയിംസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.പട്ടുവം കുഞ്ഞിമതിലകത്തെ നാല് സ്ത്രീകൾ മാത്രമുള്ള നിർധന കുടുംബത്തിനാണ് വീട് നിർമിച്ചു നൽകുന്നത്. മാർച്ച് രണ്ടിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് തറക്കല്ലിട്ടത്. ശോച്യാവസ്ഥയിലുണ്ടായിരുന്ന വീട് പൊളിച്ചുമാറ്റുമ്പോഴും മണ്ണ് നീക്കുമ്പോഴും പരാതിയുമായി ചിലർ രംഗത്ത് വന്നിരുന്നു. സമീപവാസിയുടെ സ്ഥലത്തേക്ക് അനുമതിയോടെ മണ്ണ് മാറ്റുന്നത് പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവർ വന്നാണ് തടഞ്ഞത്.
യൂത്ത് കോൺഗ്രസ് നേതാക്കൾ പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ മാർച്ച് രണ്ടിന് ജനശക്തി സ്വാശ്രയസംഘം എന്ന പേരുമാത്രം വെച്ച് നൽകിയ പരാതിയിലാണ് നടപടിയെന്നാണ് സെക്രട്ടറി മറുപടി പറഞ്ഞത്. എന്നാൽ, പെർമിറ്റിനായി പ്ലാൻ ഉൾപ്പെടെ എല്ലാ രേഖകളും ഓൺലൈനായി സമർപ്പിച്ച പരിശോധിക്കാൻ പോലും തയാറാകാതെ പേരോ ഫോൺ നമ്പറോ ഒപ്പോ നൽകാതെയുള്ള ഊമ പരാതിയുടെ പേരിൽ പാവപ്പെട്ടവർക്ക് ലഭിക്കുന്ന സഹായം തടസ്സപ്പെടുത്തിയതിലൂടെ സി.പി.എം കാടത്തത്തിന് കൂട്ടുനിൽക്കുകയാണ് പഞ്ചായത്ത് അധികാരികൾ ചെയ്യുന്നതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
സർക്കാർ ആനുകൂല്യത്തിന് അർഹരായിട്ടും കോൺഗ്രസ് അനുഭാവികളായതിനാൽ അതു നിഷേധിക്കുകയാണ്. കെട്ടിട നിർമാണ ചട്ടം പാലിച്ച് അടച്ചുറപ്പുള്ള വീട് നിർമിച്ചു നൽകുക എന്ന ദൗത്യം സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും യൂത്ത് കോൺഗ്രസ് ജില്ല നേതൃത്വം അറിയിച്ചു. വാർത്ത സമ്മേളനത്തിൽ സന്ദീപ് പാണപ്പുഴ, പ്രിനിൽ മധുക്കോത്ത്, രാഹുൽ ദാമോദരൻ, വി. രാഹുൽ, ടി. പ്രദീപൻ എന്നിവരും പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.