തളിപ്പറമ്പ്: അന്തർ സംസ്ഥാന ചന്ദനക്കടത്ത് സംഘത്തിന് ചന്ദനമുട്ടികൾ എത്തിച്ചു നൽകുന്ന നാലുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി പെരുവാമ്പയിലെ നസീർ (43), ചിത്രൻ (42), ശ്രീജിത്ത്(37), പെരുന്തട്ടയിലെ വൽസൻ രാമ്പേത്ത് (43) എന്നിവരെയാണ് തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. രതീശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഘം ഒരു ക്വിന്റലിലേറെ ചന്ദന മുട്ടികൾ വിൽപന നടത്തിയതായാണ് വിവരം.
കഴിഞ്ഞ മേയിൽ സേലത്ത് വെച്ച് കണ്ടെയ്നറിൽ പോണ്ടിച്ചേരിയിലെ ചന്ദന ഫാക്ടറിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ഒന്നര ക്വിന്റലിലേറെ ചന്ദനമുട്ടികൾ തമിഴ്നാട് വനംവകുപ്പ് പിടികൂടിയിരുന്നു.
മലപ്പുറം സ്വദേശികളായ ഐ.ടി. മുഹമ്മദ് അബ്രാൽ, എ.പി. മുഹമ്മദ് മിഷാൽ എന്നിവരുൾപ്പെടെ ആറു പ്രതികളാണ് അന്ന് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോൾ മറയൂർ, വയനാട്, തൃശൂർ, ചാലക്കുടി, തളിപ്പറമ്പ് ഭാഗങ്ങളിൽ നിന്നാണ് ചന്ദനമുട്ടികൾ എത്തുന്നതെന്ന വിവരം ലഭിച്ചു. തുടർന്ന് തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മുഹമ്മദ് അബ്രാലിനെയും മുഹമ്മദ് മിഷാലിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ പിലാത്തറ ഭാഗത്ത് നിന്ന് ചന്ദനം എത്തിച്ചു കൊടുക്കുന്ന ഓലയമ്പാടി പെരുവാമ്പയിലെ നസീറിനെ കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് നസീറിനെയും നസീറിനുവേണ്ടി പണമിടപാട് നടത്തിയ പെരുന്തട്ടയിലെ വൽസൻ രാമ്പേത്തിനെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുന്നതിനിടയിൽ ചന്ദനം വിൽക്കാനുണ്ടെന്ന് അറിയിച്ച് നസീറിന്റെ ഫോണിലേക്ക് ശ്രീജിത്തും ചിത്രനും വിളിക്കുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരിൽ നിന്നും ചെത്തി മിനുക്കിയ രണ്ടരക്കിലോ ചന്ദനവും സഞ്ചരിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു.
2022 മുതൽ പിലാത്തറ ഭാഗത്ത് നിന്ന് മാത്രം ഒരു ക്വിന്റലിലേറെ ചന്ദനം മുറിച്ചു കടത്തിയതായാണ് ഫോറസ്റ്റിന് ലഭിച്ച വിവരം. സാധാരണ ചന്ദനം മുറിച്ചവർ മാത്രമാണ് വനം വകുപ്പിന്റെ പിടിയിലാകാറുള്ളത്.
എന്നാൽ, ഈ കേസിൽ ചന്ദനം മുറിച്ചവരും ഇടനിലക്കാരനും മൊത്തമായി വാങ്ങുന്നവരും ചന്ദന ഫാക്ടറിയുമായി ബന്ധമുള്ളവരും അറസ്റ്റിലായെന്ന പ്രത്യേകത കൂടിയുണ്ടെന്ന് പ്രതികളെ പിടികൂടിയ തളിപ്പറമ്പ് റേഞ്ച്ഫോറസ്റ്റ് ഓഫിസർ പി. രതീശൻ പറഞ്ഞു.
എസ്.എഫ്.ഒ മാരായ സി. പ്രദീപൻ, എം. രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജിജേഷ്, നികേഷ്, മുഹമ്മദ് ഷാഫി, മിന്നു ടോമി, മനോജ് വർഗീസ്, ഡ്രൈവർ പ്രദീപൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.