തളിപ്പറമ്പ്: സംസ്ഥാനത്ത് മറ്റു ജില്ലകളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങൾ കുറവ് കണ്ണൂർ ജില്ലയിലെന്ന് ഐ.ജി കെ. സേതുരാമൻ. കേരള പൊലീസ് അസോസിയേഷർ കണ്ണൂർ റൂറൽ ജില്ല സമ്മേളനം തളിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐ.ജി. പുതിയ ക്രിമിനൽ നിയമങ്ങൾ കേരള പൊലീസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്ന് ഐ.ജി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് പുതിയ ക്രിമിനൽ നിയമങ്ങൾ ഉണ്ടാക്കിയത്. എന്നാൽ കേരളത്തിലെ സാഹചര്യം വിഭിന്നമാണ്.
കേരളത്തിലെ വൈവിധ്യങ്ങൾ ഉൾക്കൊണ്ടു വേണം നിയമം നടപ്പിലാക്കാൻ. മൗലിക അവകാശങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങും. പുതിയ നിയമപ്രകാരം നിരവധി അധികാരങ്ങൾ പുതിയതായി പൊലീസിന് ലഭിച്ചിട്ടുണ്ട്. അധികാരങ്ങൾ കൂടുന്നത് അഴിമതിക്ക് കാരണമാകും. കേരളത്തിൽ പൊലീസുകാർക്കിടയിൽ അഴിമതി കുറവാണ്. പ്രബുദ്ധരായ ജനതയും ഭരണാധികാരികളുടെ ജാഗ്രതയും മാധ്യമങ്ങളുടെ ഇടപെടലുമാണ് അഴിമതി കുറയാൻ ഇടയാക്കിയത്.
കുറ്റകൃത്യങ്ങൾ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് കേരളത്തിൽ. എല്ലാ മതവിഭാഗവും വേർതിരിവില്ലാതെയാണ് ജീവിക്കുന്നത്. കേരളം വലിയ നഗരം പോലെയാണ്. മതേതരത്വമൂല്യങ്ങളുമാണ് കേരളത്തിൽ കുറ്റകൃത്യങ്ങൾ കുറയാൻ കാരണമായത്. കണ്ണൂരിലാണ് മറ്റു ജില്ലകളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങൾ ഏറ്റവും കുറവ്. കൂടാതെ ജനങ്ങളെ ചേർത്തു പിടിച്ചുള്ള നിയമപാലനവും പക്വതയുള്ള രാഷ്ട്രീയ നേതൃത്വവും മുഖ്യമന്ത്രിയുടെ ജില്ല എന്നതും കുറ്റകൃത്യങ്ങൾ കുറയുന്നതിന് കാരണമായിട്ടുണ്ടെന്ന് ഐ.ജി കെ. സേതുരാമൻ പറഞ്ഞു.
കണ്ണൂർ റൂറൽ ജില്ല ആസ്ഥാനത്തിന് അനുവദിച്ച സ്ഥലത്ത് കെട്ടിടങ്ങൾ പണിയുന്നതിനുള്ള നടപടി ആരംഭിക്കണമെന്നും ജില്ലയിലെ പൊലീസുകാരുടെ അംഗസംഖ്യ വർധിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ല പ്രസിഡന്റ് ടി.വി. ജയേഷ് അധ്യക്ഷതവഹിച്ചു. ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യ, റൂറൽ അഡീ. എസ്.പി പി. വിനോദ്, എസ്.ആർ ഷിനോദാസ്, ഡിവൈ.എസ്.പി മാരായ പ്രദീപൻ കണ്ണപ്പൊയിൽ, കെ. വിനോദ് കുമാർ, എം.കെ. കീർത്തി ബാബു, എ.വി. ജോൺ, ധനഞ്ജയബാബു, നേതാക്കളായ കെ. പ്രിയേഷ്, രാജേഷ് കടമ്പേരി തുടങ്ങിയവർ സംസാരിച്ചു. എം. ദിനേശ് കുമാർ സ്വാഗതവും ശോഭൻ ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.