തളിപ്പറമ്പ്: കോവിഡ് മാനദണ്ഡം പാലിക്കാതെ ഓൺലൈൻ മാർക്കറ്റിങ് സ്ഥാപനങ്ങൾ സാധനങ്ങൾ ഹോംഡെലിവറി നടത്തുന്നത് തളിപ്പറമ്പിലെ വ്യാപാരികൾ തടഞ്ഞു. നാല് സ്ഥാപനങ്ങൾ ഇവർ അടപ്പിക്കുകയും ചെയ്തു. കനത്ത നിയന്ത്രണങ്ങൾ നടപ്പാക്കിയ ശനിയാഴ്ച 30ലധികം ജീവനക്കാരെ വെച്ച് പ്രവർത്തനം നടത്തുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് വ്യാപാരികൾ ഇടപെട്ടത്. സമ്പൂർണ ലോക് ഡൗണിലും തുറന്ന് പ്രവർത്തിച്ച ഈ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുമെന്ന് തളിപ്പറമ്പ് പൊലീസ് അറിയിച്ചു.
ശനിയാഴ്ച അവശ്യവസ്തുക്കൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ തുറക്കാനുള്ള അനുമതി മാത്രമാണ് സർക്കാർ നൽകിയിരുന്നത്. എന്നാൽ, സാധനങ്ങൾ ഓൺലൈൻ ഹോം ഡെലിവറി ചെയ്യുന്ന ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ സ്ഥാപനങ്ങൾ അവശ്യവസ്തുക്കൾ അല്ലാത്ത സാധനങ്ങളും വീടുകളിൽ എത്തിച്ചു വിൽപന നടത്തുന്നതായാണ് പരാതി.
സംഭവം ശ്രദ്ധയിൽപെട്ടതോടെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റി നേതൃത്വത്തിൽ ഇത്തരം സ്ഥാപനങ്ങൾക്ക് മുന്നിൽ വ്യാപാരികൾ പ്രതിഷേധം നടത്തുകയായിരുന്നു. ഇതോടെ പൊലീസ് സ്ഥലത്തെത്തുകയും സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തു.
സാധനങ്ങൾ ഹോം ഡെലിവറി ചെയ്യാനുള്ള അനുമതി ഓൺലൈൻ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ, ലോക്ഡൗൺ മാനദണ്ഡം പാലിക്കാതെ എല്ലാ സാധനങ്ങളും ഇവർ വിൽപന നടത്തുകയാണ്. വ്യാപാരികൾക്ക് അവശ്യസാധനങ്ങൾക്ക് ഇളവ് അനുവദിച്ചപ്പോൾ ഓൺലൈൻ സ്ഥാപനങ്ങൾക്ക് എല്ലാ സാധനങ്ങളും ഹോം ഡെലിവറി ചെയ്യാൻ അനുവദിച്ചതിനെതിരെ വ്യാപാരികൾ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി എം.വി. ഗോവിന്ദനും കണ്ണൂർ റൂറൽ പൊലീസ് മേധാവിക്കും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.