തളിപ്പറമ്പ്/പയ്യന്നൂർ: ദേശീയ ഫോക് ഫെസ്റ്റിന് വർണാഭ തുടക്കം. പട്ടുവം, കയ്യൂർ, പയ്യന്നൂർ എന്നിവിടങ്ങളിലായി കേരള ഫോക് ലോർ അക്കാദമി, സൗത്ത് സോൺ കൾച്ചറൽ സെന്റർ തഞ്ചാവൂർ, മംഗലശ്ശേരി നവോദയ, ദൃശ്യ പയ്യന്നൂർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ദേശീയ ഫോക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പട്ടുവം മുറിയാത്തോട് കമ്യൂണിറ്റി ഹാളിൽ എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട് അധ്യക്ഷത വഹിച്ചു. ആനക്കീൽ ചന്ദ്രൻ, പി. കുഞ്ഞികൃഷ്ണൻ, വി.വി. രാജൻ, ഡി. ഹരിദാസൻ എന്നിവർ സംസാരിച്ചു. പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി സ്വാഗതവും പി. ലിബീഷ് കുമാർ നന്ദിയും പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാകാരന്മാരുടെ ഒട്ടേറെ പരിപാടികൾ അവതരിപ്പിക്കും.
ഹരിയാനയുടെ ഗുമർ, ഫാഗ്, ജമ്മു കശ്മീരിന്റെ ഡോഗ്രി, പഹാഡി നൃത്തവും അസമിലെ ബിഹു, കുഷാൻ, ബംഗാളിലെ പുരുളിയ, ചാഹു നൃത്തങ്ങളും ഇതിനകം അരങ്ങേറി. തിങ്കളാഴ്ച ഹിമാചൽ പ്രദേശിലെ സിർമൗറി, പാദുവ, ഒഡിഷയിലെ ചടയ, റപ്പ് എന്നീ നൃത്തരൂപങ്ങൾ അരങ്ങേറും. കേരളത്തിന്റെ പളിയ നൃത്തം, മുടിയേറ്റ്, കണ്യാർകളി, തോൽപ്പാവ കുത്ത് എന്നീ നൃത്തങ്ങൾ രണ്ടു ദിവസങ്ങളിലായി അരങ്ങേറി. പയ്യന്നൂർ ഗാന്ധിപാർക്കിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള ഫോക്ക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ സി. കൃഷ്ണൻ, മാപ്പിളപ്പാട്ട് കലാകാരൻ അസീസ് തായിനേരി, നഗരസഭ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, വാർഡ് കൗൺസിലർ മണിയറ ചന്ദ്രൻ, ഉമാശങ്കർ, പി.വി. ലാവ് ലിൻ, അഡ്വ. കെ.വി. ഗണേശൻ, കെ. ശിവകുമാർ, കെ. കമലാക്ഷൻ എന്നിവർ സംസാരിച്ചു. ഫോക് ഫെസ്റ്റ് തിങ്കളാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.