തളിപ്പറമ്പ്: ആന്തൂർ നഗരസഭയിൽ ബക്കളത്ത് ഒരുവർഷമായി പ്രവർത്തിക്കുന്ന നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമായി. രണ്ടാഴ്ചയായി ഡോക്ടർ ഇല്ലാത്തത് ഇവിടെയെത്തുന്ന രോഗികൾക്ക് ദുരിതമായി. മഴ തുടങ്ങിയതോടെ നിരവധി പേരാണ് പനിയും മറ്റു രോഗങ്ങളുമായി സർക്കാർ ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറില്ല എന്ന ബോർഡ് കണ്ട് മടങ്ങുന്നത്.
നഗര പ്രദേശങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്ക് മികച്ച ചികിത്സസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ആരോഗ്യ മിഷന്റെ സഹായത്തോടെയാണ് നഗര പ്രാഥമികാരോഗ്യ കേന്ദ്രം അനുവദിച്ചത്. ബക്കളം ക്ഷീര സംഘത്തിന് സമീപം തളിപ്പറമ്പ് ബ്ലോക്ക് അഗ്രോ സർവിസ് സെന്റർ പ്രവർത്തിച്ചിരുന്ന ആന്തൂർ നഗരസഭയുടെ കെട്ടിടമാണ് 30ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ ആശുപത്രിയാക്കിയത്.
എൻ.എച്ച്.എം 17.16 ലക്ഷം രൂപയുടെ ഉപകരണങ്ങളും ഫർണിച്ചറും അനുവദിച്ചിരുന്നു. വാർഷികാടിസ്ഥാനത്തിൽ 10ലക്ഷം രൂപയുടെ മരുന്നുകളും നൽകാനും തീരുമാനമുണ്ടായിരുന്നു. വരുമാന പരിധിയില്ലാതെ എല്ലാവിഭാഗം ജനങ്ങൾക്കും സൗജന്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കാൻ ലക്ഷ്യമിട്ട് സ്ഥാപിച്ച നഗര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടറുടെ സേവനം നിലച്ചതോടെ പ്രദേശത്തെ നിർദനരോഗികൾ ഉൾപ്പെടെ ദുരിതത്തിലായി. മഴക്കാലമെത്തുന്നതോടെ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് അടിയന്തിരമായി ഡോക്ടറെ നിയമിക്കാനും മറ്റ് ആരോഗ്യ സേവന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനും നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.