കണ്ണൂർ: തളിപ്പറമ്പ് നഗരസഭയിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിെൻറ ഭാഗമായി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയും യൂത്ത് ലീഗ്, എം.എസ്.എഫ്, വനിത ലീഗ്, പ്രവാസി ലീഗ് കമ്മിറ്റികളും മരവിപ്പിച്ചു. ഇവ പുന:സംഘടിപ്പിക്കുന്നതുവരെ മേൽപറഞ്ഞ എല്ലാ ഘടകങ്ങളുടെയും പ്രവർത്തനം മരവിപ്പിക്കാൻ മുസ്ലിം ലീഗ് ജില്ല ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
അച്ചടക്ക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിെൻറ പേരിൽ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരായ ടി. അബൂബക്കർ, റിയാസ് നെച്ചോളി എന്നിവരെ ലീഗിൽ നിന്നും പുറത്താക്കാൻ യോഗം സംസ്ഥാന പ്രസിഡൻറിനോട് ശിപാർശ ചെയ്തു. സംഘടനാ പ്രവർത്തനം സജീവമാക്കുന്നതിന് ഇപ്പോൾ പാർട്ടിയുടെ വിവിധഘടകങ്ങളിൽ പ്രസിഡൻറ്, ജനറൽ സെക്രട്ടറി പദവികൾ വഹിക്കുന്ന മുഴുവൻ ജനപ്രതിനിധികളോടും തൽസ്ഥാനങ്ങൾ രാജിവെക്കുന്നതിന് നിർദേശിച്ചു. എസ്.ടി.യുവിെൻറ വിവിധഘടകങ്ങളെ ഏകോപിപ്പിക്കാൻ മുനിസിപ്പൽ തലത്തിൽ കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കും. പ്രശ്നപരിഹാരത്തിനായി ജില്ല ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സഹഭാരവാഹികൾ തയാറാക്കിയ 21 ഇന ഫോർമുല യോഗം അംഗീകരിച്ചു.
വിഭാഗീയത ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന, മുസ്ലിം ലീഗ് പ്രവർത്തകർ അഡ്മിൻമാരായിട്ടുള്ള എല്ലാ വാട്സ് ആപ് ഗ്രൂപ്പുകളും പിരിച്ചുവിടേണ്ടതാണെന്നും അല്ലാത്തവയിൽ നിന്നും മുഴുവൻ പാർട്ടി പ്രവർത്തകരും വിട്ടു നിൽക്കേണ്ടതാണെന്നും ജില്ല കമ്മിറ്റി നിർദേശിച്ചു. തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന ജുന്നാ സാധുസംരക്ഷണസമിതിയുമായി മുസ്ലിം ലീഗ് പാർട്ടിക്ക് ബന്ധമില്ലെന്ന് യോഗം വ്യക്തമാക്കി. പ്രസ്തുത സംഘടനയുടെ പ്രവർത്തനങ്ങളിൽനിന്നും ഉത്തരവാദപ്പെട്ട പാർട്ടി പ്രവർത്തകരും നേതാക്കളും വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ല പ്രസിഡൻറ് പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ വി.കെ. അബ്ദുൽ ഖാദർ മൗലവി, അബ്ദുറഹ്മാൻ കല്ലായി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.