തളിപ്പറമ്പ്: നഗരസഭ ഓഫിസ് കാവൽക്കാരനെ മർദിച്ച് പശുവിനെ കടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. തളിപ്പറമ്പ് നഗരസഭ വളപ്പിൽ കെട്ടിയിരുന്ന പശുവിനെ, രാത്രി കാവൽക്കാരനായ കെ.വി. ഗോപാലകൃഷ്ണനെ മർദിച്ച് പൂട്ടുപൊളിച്ചാണ് കടത്തിക്കൊണ്ടുപോയത്.
ഗോപാലകൃഷ്ണെൻറ പരാതിയിലാണ് പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. നഗരസഭ ഓഫിസ് വളപ്പിൽ അതിക്രമിച്ചുകയറി കാവൽക്കാരനെ ആക്രമിച്ച് ആലയുടെ പൂട്ടുപൊളിച്ച് അകത്തുകടന്ന പ്രതികൾ പശുവിനെ അഴിച്ചുകൊണ്ടുപോവുകയായിരുന്നു.
നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാൻ നഗരസഭ ലൈസൻസ് നേടിയവർ പിടിച്ചുകെട്ടിയ പശുക്കളിൽ ഒന്നിനെയാണ് പ്രതികൾ കടത്തിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസവും സമാനമായ സംഭവമുണ്ടായിരുന്നു. സംഭവത്തിൽ നഗരസഭാധികൃതർ പരാതി നൽകാൻ വൈകിയതിനെതിരെ ജീവനക്കാർ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടർന്ന് നഗരസഭാധികൃതർ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.