തളിപ്പറമ്പ്: കാവൽക്കാരനെ ആക്രമിച്ച് പശുവിനെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയാവശ്യപ്പെട്ട് തളിപ്പറമ്പ് നഗരസഭക്ക് മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു. നഗരസഭ ജീവനക്കാർ സംയുക്തമായാണ് ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചത്.
വെള്ളിയാഴ്ച രാത്രി 8.30നാണ് തളിപ്പറമ്പ് നഗരസഭ കാവൽക്കാരനെ ആക്രമിച്ച് ഓഫിസ് കോമ്പൗണ്ടിലെ പൗണ്ടിൽ നിന്നും പശുവിനെ കടത്തിക്കൊണ്ടു പോയത്. മൂന്നംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമായിട്ടും കാവൽക്കാരന് പരിക്കേറ്റിട്ടും നഗരസഭ ഭരണസമിതി തുടർ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചായിരുന്നു ജീവനക്കാരുടെ സമരം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജീവനക്കാരുടെ ജീവന് സുരക്ഷയൊരുക്കണമെന്നുമാവശ്യപ്പെട്ടാണ് എല്ലാ വിഭാഗം നഗരസഭ ഉദ്യോഗസ്ഥരും സംയുക്തമായി പ്രതിഷേധ സമരം നടത്തിയത്. സമരത്തിന് വി. ഗീത, വി.വി. ഷാജി, കെ.വി. ഗണേശൻ, എം. ഭാസ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി.
കൗൺസിൽ യോഗ തീരുമാന പ്രകാരമാണ്, തളിപ്പറമ്പ് നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാൻ അപേക്ഷ ക്ഷണിക്കുകയും രണ്ടുപേരെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തത്. ഇവർ പിടികൂടി നഗരസഭാ പൗണ്ടിൽ കെട്ടിയിട്ട പശുക്കളിലൊന്നിനെയാണ് കാവൽക്കാരനെ ആക്രമിച്ച് ഒരുസംഘം കടത്തിക്കൊണ്ടുപോയത്.
അതേസമയം, സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അന്നുതന്നെ തീരുമാനിച്ചിരുന്നതായി ചെയർപേഴ്സൻ മുർഷിദ കൊങ്ങായി പറഞ്ഞു. ജീവനക്കാരുടെ ജീവന് സുരക്ഷ നൽകുന്ന കാര്യത്തിൽ നഗരസഭ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ഇവർ വ്യക്തമാക്കി.
സെക്രട്ടറിയുടെ ചുമതലയുള്ള മുനിസിപ്പൽ എൻജിനീയർ സ്ഥലത്തില്ലാത്തതിനാലാണ് പരാതി നൽകാൻ വൈകിയത്. നഗരത്തിൽ രൂക്ഷമായ കന്നുകാലി ശല്യത്തിനെതിരെ നഗരസഭ കർശന നടപടിയുമായി മുന്നോട്ടുപോകും. നഗരസഭ ജീവനക്കാരുടെ ജീവന് സുരക്ഷ നൽകുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. തൊഴുത്ത് നഗരസഭയുടെ മുൻവശത്തേക്ക് മാറ്റി പരിസരത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്നും ചെയർപേഴ്സൻ മുർഷിദ കൊങ്ങായി പറഞ്ഞു. ശനിയാഴ്ചയും ഒരു സംഘം ആളുകളെത്തി പശുക്കളെ കടത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് ഇവർ വ്യക്തമാക്കി. ഇത് ഗൗരവത്തോടെയാണ് കാണുന്നത്. പിടിച്ചുകെട്ടിയ പശുക്കളെ ചൊവ്വാഴ്ച ലേലം ചെയ്യുമെന്നും ചെയർപേഴ്സൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.