തളിപ്പറമ്പ്: ലോക തൊഴിലാളി ദിനത്തില്‍ യുവകര്‍ഷകയെ തേടിയെത്തിയത് ജില്ല ജഡ്ജിയുടെ ആദരം. 2014ല്‍ മികച്ച വനിത യുവ കര്‍ഷകക്കുള്ള സംസ്ഥാന അംഗീകാരം നേടിയ ബക്കളം തട്ടുപറമ്പിന് സമീപത്തെ കെ.വി. സിമിയെയാണ് ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഓണ്‍ലൈനായി ആദരിച്ചത്.
വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കഠിനാധ്വാനത്തിലൂടെ മാതൃക കൃഷികള്‍ ഒരുക്കിയാണ് ഇലക്ട്രോണിക്സ് ഡിപ്ലോമക്കാരിയായ സിമി സംസ്ഥാന അംഗീകാരം നേടിയത്. ഇപ്പോൾ സിമിയുടെ വീട്ടുവളപ്പിലില്ലാത്ത കാർഷിക വിളകൾ ഒന്നുമില്ല. കൃഷിയിലൂടെ ജീവിത വരുമാനം കണ്ടെത്തുന്ന സിമിയെ ലോക തൊഴിലാളി ദിനത്തില്‍ മികച്ച അംഗീകാരമാണ് തേടിയെത്തിയത്. വിജിലന്‍സ് സ്പെഷല്‍ ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ഓൺലൈനിലൂടെ സിമിയെ ആദരിച്ചത്.
പ്രിന്‍സിപ്പല്‍ സബ് ജഡ്ജി കെ.വി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. പോക്സോ ജഡ്ജി മുജീബ് റഹ്മാന് ആദരിച്ചു. ജില്ല കുടുംബ കോടതി ജഡ്ജി എന്‍.ആര്. കൃഷ്ണകുമാര്‍, എ. ജയന്, ലീഗൽ സർവിസ് അതോറിറ്റി ജില്ല സെക്രട്ടറി രാമു രമേഷ് ചന്ദ്രഭാനു എന്നിവർ സംസാരിച്ചു. ആദരവ് ലഭിച്ച സിമിക്കുള്ള പ്രശംസാപത്രവും ഫലകവും ഉടന്‍ വീട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.