കണ്ണൂർ: നഗരത്തിലെ തകർന്ന റോഡിലെ കുഴികളടച്ച് ടാറിങ് പ്രവൃത്തി തുടങ്ങി. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി വ്യാഴാഴ്ച രാത്രി തുടങ്ങിയ പ്രവൃത്തി മഴയെത്തുടർന്ന് ശനിയാഴ്ച രാത്രി നിർത്തിവെച്ചു. കാലവർഷത്തിന്റെ ഭാഗമായി ശക്തമായ മഴ അവസാനിച്ചശേഷമാണ് കോർപറേഷൻ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങിയത്. എസ്.എൻ പാർക്ക് മുതൽ റെയിൽവേ സ്റ്റേഷൻ വരെ കഴിഞ്ഞദിവസം പ്രവൃത്തി പൂർത്തിയാക്കി. ഞായറാഴ്ച രാത്രി ആറാട്ട് റോഡ് പ്രവൃത്തി നടത്താനിരുന്നപ്പോഴാണ് മഴ വില്ലനായത്.
ബിനാലെ റോഡ്, ഒണ്ടേൻ റോഡ് എന്നിവയാണ് ഇനി പ്രധാനമായും നവീകരിക്കാനുള്ളത്. വലിയ കുഴികൾ രൂപപ്പെട്ട ഭാഗങ്ങളിൽ കരിങ്കൽച്ചീളുകൾ നിറച്ചശേഷമാണ് ടാറിങ് നടത്തുന്നത്.
പടന്നപ്പാലം മാലിന്യ പ്ലാന്റിലേക്കുള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ കഴിഞ്ഞവർഷം നടുറോഡ് പിളർന്ന് കുഴികളെടുത്തതിനെ തുടർന്നാണ് നഗരത്തിലെ റോഡുകൾ തകർന്നത്. കരിങ്കൽ ചീളുകളിട്ട് കുഴി അടച്ചെങ്കിലും മഴയെ തുടർന്ന് കല്ലിളകി ഗതാഗതം ദുസ്സഹമായി.
വ്യാപാരികളുടെയും യാത്രക്കാരുടെയും പ്രതിഷേധത്തെയും സമരത്തെയും തുടർന്ന് കുഴികളടച്ച് കഴിഞ്ഞമാസം ടാറിങ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. പലയിടത്തും ചരക്കുലോറികൾ അടക്കമുള്ള വാഹനങ്ങൾ കുഴിയിൽ താഴ്ന്നു. മഴപെയ്താൽ റോഡിലെ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടസാധ്യത വർധിപ്പിച്ചിരുന്നു.
നിരവധി ഇരുചക്ര വാഹന യാത്രകർക്കാണ് കുഴിയിൽവീണ് പരിക്കേറ്റത്. മാലിന്യ പ്ലാന്റിലേക്കുള്ള പൈപ്പ് ലൈനിനായി റോഡുകൾ കുഴിച്ചശേഷം അശാസ്ത്രീയമായി നടത്തിയ അറ്റകുറ്റ പ്രവൃത്തിയാണ് നഗരത്തിലെ റോഡുകളെ ഗതാഗതയോഗ്യമല്ലാതാക്കിയത്. മഴമാറിയാൽ ഉടൻ കുഴികളടച്ച് ടാറിങ് നടത്തുമെന്ന് മരാമത്ത് സമിതി കമ്മിറ്റി ചെയർപേഴ്സൻ പി. ഇന്ദിര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.