തലശ്ശേരി: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ഒന്നര കിലോയിലേറെ കഞ്ചാവുമായി ഡ്രൈവറെ തലശ്ശേരി എക്സൈസ് സംഘം പിടികൂടി. തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. സുബിൻരാജും പാർട്ടിയും ശനിയാഴ്ച പുലർച്ച അഞ്ചരയോടെ പുന്നോൽ ഉസ്സൻമൊട്ടയിൽ വാഹനപരിശോധന നടത്തുന്നതിനിടയിലാണ് കഞ്ചാവുമായി എത്തിയ ഓട്ടോ പിടികൂടിയത്.
കൈകാണിച്ചിട്ടും നിർത്താതെ പോയ ഓട്ടോറിക്ഷയെ പിന്തുടർന്ന് പുന്നോലിൽ വെച്ച് പിടികൂടി പരിശോധിച്ചപ്പോഴാണ് ഡ്രൈവിങ് സീറ്റിനടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.610 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ഓട്ടോഡ്രൈവറായ തലശ്ശേരി മട്ടാമ്പ്രത്തെ പി.കെ. ഹൗസിൽ പി.കെ. നൗഷാദിനെ (45) അറസ്റ്റുചെയ്തു കേസെടുത്തു.
ഇയാളുടെ കെ.എൽ 13 എ.എസ് 0302 രജിസ്ട്രേഷനിലുള്ള ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പ്രതിയെ തലശ്ശേരി സ്പെഷൽ സബ് ജയിലിൽ റിമാൻഡ് ചെയ്തു. തലശ്ശേരി കടൽപാലം കേന്ദ്രീകരിച്ച് വിൽപന നടത്തുന്നവർക്ക് വേണ്ടി കഞ്ചാവ് എത്തിക്കുകയായിരുന്നു പ്രതി.
ഒഡീഷയിൽനിന്ന് വരുന്നവരാണ് ഇയാൾക്ക് കഞ്ചാവ് കൈമാറുന്നതെന്നും കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
പ്രിവന്റീവ് ഓഫിസർ ഗ്രേഡ് ലെനിൻ എഡ്വേർഡ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സരിൻരാജ്, പി.പി. സുബീഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.