തലശ്ശേരി: നഗരമധ്യത്തിലെ മാരുതി ഷോറൂം യാർഡിൽ മൂന്ന് കാറുകൾ കത്തിച്ച സംഭവത്തിൽ സ്ഥാപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ. വയനാട് മക്കിയാട് തേറ്റമല പന്നിയോടൻ വീട്ടിൽ സജീറിനെയാണ് (26) സി.ഐ ബിനു തോമസ്, എസ്.ഐ വി.വി. ദീപ്തി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
വിൽപന നടത്തിയ വാഹനത്തിന്റെ പണം കമ്പനി അക്കൗണ്ടിൽ നിക്ഷേപിക്കാതെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച പ്രതി പുതിയ കാറുകൾക്ക് തീ വെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാവുംഭാഗം മൈത്രി ബസ് സ്റ്റോപ്പിനടുത്ത് ഷോറൂം വക വാടകക്കെടുത്ത വീട്ടിലാണ് സജീർ താമസിക്കുന്നത്.
സംഭവത്തിന് ശേഷം എറണാകുളത്തേക്ക് കടന്ന പ്രതിയെ ആസൂത്രിതമായി തലശ്ശേരിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സജീറിനെ ചോദ്യം ചെയ്യലിന്ശേഷം ഷോറൂമിലും തൊട്ടടുത്ത പെട്രോൾ പമ്പിലുമെത്തിച്ച് തെളിവെടുപ്പും നടത്തി.
സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്. ചിറക്കര പള്ളിത്താഴയിലെ ഇൻഡസ് നക്സ ഷോറൂമിന്റെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് പുതിയ കാറുകളാണ് കത്തി നശിച്ചത്. 35 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.
ഡിസംബർ 10ന് പുലർച്ച 3.45 ഓടെയാണ് സംഭവം. മാരുതിയുടെ മൂന്ന് പുതിയ മോഡൽ കാറുകളാണ് അഗ്നിക്കിരയാക്കിയത്. കാറുകൾ കത്തുന്നത് കണ്ട വഴിയാത്രക്കാരൻ ഫയർ സ്റ്റേഷനിൽ നേരിട്ടെത്തി വിവരം അറിയിച്ചതിനെ തുടർന്നാണ് അഗ്നിശമനസേനക്കാർ എത്തിയാണ് തീയണച്ചത്. തലശ്ശേരി-പാനൂർ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള മൂന്ന് യൂനിറ്റ് ഒരു മണിക്കൂർ സമയമെടുത്താണ് തീയണച്ചത്. പൊലീസ് നടപടികൾക്ക് ശേഷം കോടതിയിലെത്തിച്ച് പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.