തലശ്ശേരി: കായിക വകുപ്പ് നടപ്പാക്കുന്ന ഇ-സ്പോര്‍ട്സ് കേന്ദ്രങ്ങളില്‍ ആദ്യത്തേത് ഏപ്രില്‍ ആദ്യവാരം തലശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിക്കും. മണ്ഡലത്തിലെ കായികവകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കായിക മന്ത്രി വി. അബ്ദുറഹ്മാൻ സ്പീക്കര്‍ എ.എൻ ഷംസീറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.
തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയം കോംപ്ലക്സ് കെട്ടിടത്തിലെ അറ്റകുറ്റപ്പണികളും സിന്തറ്റിക്ക് ട്രാക്കിലെ വിള്ളല്‍ പരിഹരിക്കുന്ന പ്രവൃത്തിയും ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.
സ്പോര്‍ട്സ് കേരള ഫൗണ്ടഷന്റെ ആഭിമുഖ്യത്തിലുള്ള തലശ്ശേരിയിലെ ജിംനേഷ്യം നവീകരണം പുരോഗമിക്കുന്നു. സ്റ്റേഡിയത്തിന്റെ ഡ്രെയിനേജ് വര്‍ക്കുകളുമായി ബന്ധപ്പെട്ട് പ്രവൃത്തിക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയില്‍ മണ്ഡലത്തിലെ കതിരൂര്‍, പന്ന്യന്നൂര്‍, ചൊക്ലി പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്ത് സ്വിമ്മിങ് പൂള് നിര്‍മിക്കുന്നതിനുള്ള ആവശ്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
തലശ്ശേരി സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം മുനിസിപ്പാലിറ്റിക്ക് കൈമാറുന്ന ചടങ്ങും ഇ-സ്പോര്‍ട്സ് കേന്ദ്രം, ജിംനേഷ്യം, സ്പോര്‍ട്സ് കോംപ്ലസ് നവീകരണ പ്രവൃത്തികളുടെ പൂര്‍ത്തീകരണം എന്നിവയുടെ ഉദ്ഘാടനവും ഏപ്രില്‍ ആദ്യവാരം നടത്താമെന്ന് ധാരണയായി. 'ഹെല്‍ത്തി തലശ്ശേരി' പ്രഖ്യാപനമുയര്ത്തി മണ്ഡലത്തില്‍ വിവിധ കാമ്പയിനുകള്‍ നടന്നുവരികയാണ്.
സ്പോര്‍ട്സ് വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ്, കായികവകുപ്പ് ജോയന്റ് സെക്രട്ടറി ജയറാം, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് സി.ഇ.ഒ അജയന്, എക്സിക്യൂട്ടിവ് എൻജിനീയര്‍ അഷ്റഫ്, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന് നായര്‍, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എസ്.കെ. അര്ജുന്, കിറ്റ്കോ ടീം കോഓഡിനേറ്റര്‍ അരുണ്‍ പ്രതാപ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.