കാലമെത്രയായാലും കൈവിടില്ല ഞങ്ങൾ

അഞ്ചരക്കണ്ടി: വേങ്ങാട് റാണി ടാക്കീസി​െൻറ ഉടമ ശ്രീജിത്തിന് ത​െൻറ തിയറ്റർ ഭ്രാന്തിനെക്കുറിച്ച് ഒരുപാട് പറയാനുണ്ട്. ഗതകാല പ്രൗഢി വിളിച്ചോതി എന്നും മുടങ്ങാതെ ഒരോ ഷോയ്​ക്കും ആളുകളെത്തുന്ന, ആള് കുറവാണ് എന്നുപറഞ്ഞ് വന്നവരെ തിരിച്ചുവിടാത്ത ഗ്രാമത്തി​െൻറ സ്വന്തം റാണി ടാക്കീസ്.

പി. ശ്രീധരൻ എന്ന സിനിമ പ്രേമി 1981ൽ ആരംഭിച്ചതാണീ സ്ഥാപനം. അന്ന് 400 സീറ്റുകളിലായിരുന്നു ആദ്യ ഷോ. ലാവ എന്ന ചിത്രമായിരുന്നു ആദ്യം കളിച്ചത്. അന്ന് അഞ്ചാം വയസ്സിൽ അച്ഛ​െൻറ ​ൈകയ്യുംപിടിച്ച് ടാക്കീസിൽ വന്ന ശ്രീജിത്താണ് ഇന്ന്​ തിയറ്റർ നടത്തുന്നത്. സിനിമക്ക് എത്തുന്നവർക്ക് ടിക്കറ്റ് കൊടുക്കലും പോസ്​റ്റർ ഒട്ടിക്കലും ഡോർ തുറന്നുകൊടുക്കലുമൊക്കെ ശ്രീജിത്തി​െൻറ ഒറ്റയാൾ പോരാട്ടം. ഇന്ന് ഡിജിറ്റൽ സൗകര്യങ്ങളോടുകൂടിയ പുതിയ തിയറ്ററുകൾ വന്നെങ്കിലും ത​െൻറ ഓല തിയറ്റർ പൂട്ടാൻ ശ്രീജിത്ത് തയാറായില്ല. ഇന്ന് 250 ഓളം സീറ്റുകളുള്ള തിയറ്ററിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ ചിത്രം പുലിമുരുകനാണ്. 28 ദിവസമാണ് ചിത്രം തിയറ്ററിൽ ഓടിയത്. 50 രൂപയാണ് ടിക്കറ്റ് ചാർജ്.

ശ്രീജിത്തും അച്ഛൻ ശ്രീധരനും

അഞ്ചാം വയസ്സിൽ കയറിയ ടാക്കീസിൽ, അച്ഛന് പ്രായാധിക്യമായതോടെയാണ് ശ്രീജിത്ത് ധൈര്യപൂർവം വൺമാൻ ഷോ കളിച്ചുനോക്കിയത്. സിനിമ കാണാൻ അഞ്ചുപേരുണ്ടെങ്കിൽ ശ്രീജിത്ത് അവർക്ക് തിയറ്റർ തുറന്നുകൊടുക്കും. വലിയ സാമ്പത്തിക ഭദ്രതയൊന്നുമില്ലെങ്കിലും നാടി​െൻറ പ്രൗഢിയും ഓർമയും നില നിർത്തിയ ടാക്കീസിനെ പൂട്ടാൻ സിനിമാലോകത്തെ ഏറെ ഇഷ്​ടപ്പെടുന്ന ശ്രീജിത്തിന് സാധിക്കുന്നില്ല.

എന്നാൽ, കോവിഡ് കാലം ശ്രീജിത്തിന്​ ഏറെ ദുരിതമാവുകയാണ്. പഴയ സ്ഥിതിയിലേക്ക് നാടും നാട്ടിൻപുറവും എത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. കോവിഡിനെ തുടർന്ന് ടാക്കീസ് പൂട്ടിയെങ്കിലും ഇടക്കിടെ ശ്രീജിത്ത് ഇവിടെയെത്തും, തിയറ്റർ വൃത്തിയാക്കും. കോവിഡ് കാലം കഴിയുമ്പോൾ സ്വന്തം ടൂവീലറിൽ പോസ്​റ്ററും പശയുമായി ശ്രീജിത്ത് ഇറങ്ങും; റാണിയിലെ പുതിയ ചിത്രത്തി​െൻറ വരവറിയിച്ച്.

Tags:    
News Summary - Rani Talkies Vengad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.