തലശ്ശേരി: ധർമടം നിയോജക മണ്ഡലത്തിലെ പിണറായിയിൽ നിർമിക്കുന്ന എജുക്കേഷൻ ഹബിന്റെ പ്രവർത്തനോദ്ഘാടനം 23ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചെലവിലാണ് വിദ്യാഭ്യാസ സമുച്ചയം നിർമിക്കുന്നത്.
പിണറായി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. പോളിടെക്നിക് കോളജ്, ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ്, ഐ.ടി.ഐ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, സിവിൽ സർവിസ് അക്കാദമി എന്നിവയാണ് വിദ്യാഭ്യാസ സമുച്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിഥി മന്ദിരം, കാന്റീൻ, ഓഡിറ്റോറിയം, പൊതു കളിസ്ഥലം, ഹോസ്റ്റൽ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
പദ്ധതി ഭൂമിയോട് ചേർന്ന് പിണറായി ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്ത് 2000 പേർക്ക് ഇരിക്കാവുന്ന ഓപൺ എയർ ഓഡിറ്റോറിയവും നിർമിക്കുന്നുണ്ട്. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഏകോപന ചുമതല ഐ.എച്ച്.ആർ.ഡിയും നിർമാണ മേൽനോട്ടം കെ.എസ്.ഐ.ടി.ഐ.എല്ലും നിർവഹിക്കുന്നു.
നവീനമായ പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെ നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഒറ്റ കാമ്പസിൽ ലഭ്യമാക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. രാജ്യത്തിനകത്തും പുറത്തും നിന്നും വിദ്യാർഥികളെ ആകർഷിക്കാൻ കഴിയുന്ന നിലയിലേക്ക് സ്ഥാപനത്തിന് വളരാനുള്ള അനുകൂല ഘടകങ്ങൾ ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.