കണ്ണൂർ: ട്രെയിനിന് നേരെ തുടർച്ചയായി സാമൂഹികവിരുദ്ധരുടെ അക്രമണത്തിൽ റെയിൽവേ സംരക്ഷണ സേനക്കും റെയിൽവേ പൊലീസിനും തലവേദന. ഞായറാഴ്ച വൈകീട്ട് 6.10 ഓടെ കണ്ണൂരിൽനിന്ന് പുറപ്പെട്ട യശ്വന്ത്പൂർ എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറാണ് അവസാന സംഭവം.
കണ്ണൂർ റെയിൽവേ സ്റ്റേഷനും സൗത്ത് റെയിൽവേ സ്റ്റേഷനുമിടയിൽ ആനയിടുക്ക് ലെവൽ ക്രോസിന് സമീപമാണ് കല്ലേറുണ്ടായത്. സംഭവത്തിൽ റെയിൽവേ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കല്ലെറിഞ്ഞയാളെ പിടികൂടാനായിട്ടില്ല.
കൃത്യമായി എവിടെനിന്നാണ് കല്ലേറുണ്ടായതെന്ന് പറയാൻ യാത്രക്കാർക്കും കഴിഞ്ഞിട്ടില്ല. മിനിറ്റുകൾക്കുള്ളിൽ കിലോമീറ്ററുകൾ താണ്ടുന്ന ട്രെയിനായതിനാൽ കൃത്യമായ സ്ഥലം കണ്ടെത്താൻ വിഷമകരമാണെന്നാണ് പൊലീസും പറയുന്നത്. 15ാം നമ്പർ കോച്ചിന് നേരയാണ് ഞായറാഴ്ച കല്ലേറുണ്ടായത്. വാതിലിൽ തട്ടി കല്ല് പുറത്തേക്ക് തെറിച്ചതിനാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
2022 സെപ്തംബർ 11ന് മൂകാംബിക സന്ദർശനത്തിന് ശേഷം ട്രെയിനിൽ മടങ്ങവേ കോട്ടയം സ്വദേശിനിയായ കീർത്തന രാജേഷ് എന്ന വിദ്യാർഥിനിക്ക് എടക്കാടിന് സമീപം കല്ലേറിൽ പരിക്കേറ്റിരുന്നു.
മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ സ്ലീപർകോച്ചിൽ യാത്ര ചെയ്യവേയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ കീർത്തന തലശ്ശേരിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സതേടിയ ശേഷമാണ് രാത്രി വൈകി കോട്ടയത്തേക്ക് മടങ്ങിയത്.
കല്ലേറിൽ ജീവൻപോലും അപകടത്തിലായേക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. ട്രെയിൻ യാത്രക്കിടെ കല്ലേറിൽ കണ്ണിന് പരിക്കേറ്റ് കാഴ്ച നഷ്ടമായ സംഭവങ്ങൾ ഏറെയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കല്ലേറിൽ തലനാരിഴക്കാണ് യാത്രക്കാർ രക്ഷപ്പെടുന്നത്.
മംഗളൂരുവിനും കോഴിക്കോടിനും ഇടയിൽ ആളൊഴിഞ്ഞ ഭാഗങ്ങളിൽ ട്രെയിനിന് നേരെ ഇടക്കിടെ കല്ലേറുണ്ടാവാറുണ്ടെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു.
റെയിൽവേ പാളത്തിൽ കല്ലുകൾ കയറ്റിവെച്ച് അട്ടിമറി ശ്രമവും ട്രെയിനുകൾക്ക് നേരെ കല്ലേറും തുടരുന്നതിൽ യാത്രക്കാർക്കും ആശങ്കയുണ്ട്. റെയിൽപാളങ്ങളോട് ചേർന്ന് കാടുകളിലും ആളനക്കമില്ലാത്ത പറമ്പുകളിലും ശീട്ടുകളി സംഘങ്ങളും മയക്കുമരുന്ന്, മദ്യപ സംഘങ്ങളും താവളമാക്കുന്നത് പതിവാണ്.
മയക്കുമരുന്നിനും കഞ്ചാവിനും അടിമകളായ യുവാക്കളും വിദ്യാർഥികളും അടക്കമുള്ളവർ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് തമ്പടിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
പാളത്തിൽ പുതുതായി കല്ലുകൾ നിറക്കുമ്പോൾ വണ്ടി കടന്നുപോകുന്ന ശക്തിയിൽ ചീളുകൾ തെറിക്കാനുള്ള സാധ്യതയും ഏറെയാണ്. കഴിഞ്ഞവർഷം തൃക്കരിപ്പൂർ-പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ എളമ്പച്ചിയിൽ പാളത്തിന് മുകളിൽ കല്ലുകൾ കയറ്റിവെച്ച സംഭവത്തിൽ ആറ് കുട്ടികളെ പൊലീസ് പിടികൂടിയിരുന്നു.
പാപ്പിനിശേരി മേൽപാലത്തിനും പാപ്പിനിശ്ശേരി പാലത്തിനും ഇടയിലുള്ള സ്ഥലത്തെ ട്രാക്കിൽ കല്ലുകൾ നിരത്തി ട്രെയിൻ അട്ടിമറി ശ്രമവും കഴിഞ്ഞവർഷം മലബാർ എക്സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഒഴിവായത്.
ട്രാക്കുകളിൽ 10 മീറ്ററോളം ദൂരത്തിൽ കല്ലുകൾ നിരത്തിവെച്ച നിലയിലായിരുന്നു. മാഹിക്കും തലശ്ശേരിക്കുമിടയിൽ പലയിടങ്ങളിലായി റെയിൽ പാളത്തിൽ കരിങ്കല്ലുകൾ കൂട്ടിയിട്ട സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്. ചിറക്കൽ, എടക്കാട് ഭാഗങ്ങളിലും പാളങ്ങളിൽ കല്ല് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.