കണ്ണൂർ: പൂങ്കുന്നം യാർഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ് ജൂൺ 23 മുതൽ അഞ്ചുദിവസം പാതിവഴിയിൽ ഓട്ടം നിർത്തും. ഷൊർണൂർ മുതൽ കണ്ണൂർ വരെയുള്ള സർവിസാണ് റദ്ദാക്കുന്നത്. പുലർച്ചെ കോഴിക്കോട് ഭാഗത്തേക്കും രാത്രി കണ്ണൂരിലേക്കുമുള്ള യാത്ര ഇതോടെ ബുദ്ധിമുട്ടിലാവും.
ഭൂരിഭാഗം കോച്ചുകളിലും റിസർവേഷനില്ലാതെ യാത്ര ചെയ്യാനാവുന്ന ട്രെയിൻ താൽക്കാലികമായി റദ്ദാക്കുന്നത് ജില്ലയിലെ യാത്രക്കാരെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിലാക്കുക. 23ന് കണ്ണൂരിൽനിന്നു പുറപ്പെടുന്ന ട്രെയിൻ ആലപ്പുഴയെത്തി തിരിച്ച് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. 24, 26, 28, 29 തീയതികളിലാണ് യാത്രാനിയന്ത്രണം.
സാധാരണ രാവിലെ 5.10ന് കണ്ണൂരിൽനിന്നു തുടങ്ങുന്ന ഈ വണ്ടി 5.30ന് തലശ്ശേരിയിലും 6.37ന് കോഴിക്കോടുമെത്തും. ഇതിനുമുമ്പ് 4.50ന് കണ്ണൂരിൽനിന്നു തിരുവനന്തപുരം ജനശതാബ്ദിയുണ്ടെങ്കിലും റിസർവേഷൻ ആവശ്യമായതിനാൽ സ്ഥിരം യാത്രക്കാർക്ക് ഉപകാരപ്പെടില്ല. ബുധൻ, ഞായർ ദിവസങ്ങളിൽ ജനശതാബ്ദി സർവിസുമില്ല. 6.20ന് കണ്ണൂർ-കോയമ്പത്തൂർ മെമു, 7.10ന് മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് എന്നിവയാണ് സ്ഥിരം യാത്രക്കാർക്ക് ആശ്രയിക്കാവുന്നത്.
കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് ഓട്ടം നിർത്തുന്നതോടെ ഈ വണ്ടികളിൽ തിരക്കു വർധിക്കും. രാത്രി വൈകി കോഴിക്കോട് ഭാഗത്തുനിന്നു കണ്ണൂരിലേക്ക് വരുന്നവർക്ക് ആശ്രയിക്കാവുന്ന ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് സർവിസ് ഷൊർണൂർ വരെയാക്കുന്നതോടെ രാത്രിയാത്രയും ദുരിതത്തിലാവും.
വൈകീട്ട് 6.35ന് കോയമ്പത്തൂർ മെമു കോഴിക്കോടുനിന്നു പോയതിനുശേഷം കണ്ണൂരുകാർക്ക് എക്സിക്യൂട്ടിവ് എക്സ്പ്രസായിരുന്നു ആശ്രയം. 9.10ന് കോഴിക്കോടുനിന്നു പുറപ്പെട്ട് 11.10നാണ് കണ്ണൂരിലെത്തുക.
ഇതിനുശേഷം സ്ഥിരം യാത്രക്കാർക്ക് ഉപകരിക്കുന്ന വണ്ടികൾ ഇല്ലെന്നുപറയാം. സ്പെഷൽ ട്രെയിനുകളെയും ബസിനെയും ആശ്രയിച്ച് നാടുപിടിക്കേണ്ട സ്ഥിതിയാവും. നവീകരണം നീളുകയാണെങ്കിൽ കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് യാത്രാനിയന്ത്രണം നീട്ടുമോയെന്ന ആശങ്കയിലാണ് യാത്രക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.