കണ്ണൂർ: ഓണക്കാലത്തും ഈച്ചയെ ആട്ടി ഇരിക്കേണ്ട ഗതികേടിലാണെന്ന് കാൾടെക്സ് വിചിത്ര കോംപ്ലക്സിലെ വ്യാപാരികൾ. ഒരു മാസം മുമ്പ് ആരംഭിച്ച കഷ്ടകാലം കോർപറേഷനും പൊലീസും ഇടപെട്ടിട്ടും പരിഹരിച്ചില്ലെന്ന് ഇവർ പറയുന്നു. കോംപ്ലക്സിന് മുമ്പിലെ ഓട്ടോ സ്റ്റാൻഡ് കാരണം കടകളിലേക്ക് ആളുകൾ വരുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. സ്റ്റാൻഡ് പണ്ടുമുതലേ ഉണ്ടെങ്കിലും ഓട്ടോറിക്ഷകളുടെ എണ്ണം വർധിച്ചതോടെയാണ് തലവേദനയായത്. ഒരുസമയത്ത് എട്ടു ഓട്ടോറിക്ഷകൾ മാത്രം പാർക്ക് ചെയ്യാനാണ് ഇവിടെ കോർപറേഷന്റെ അനുമതി. എന്നാൽ, ഇപ്പോൾ ഇതിന്റെ മൂന്നിരട്ടിയായി. ഒരു മാസം മുമ്പ് സ്റ്റാൻഡിൽ ട്രാഫിക് കോണുകൾ സ്ഥാപിക്കുകയും വരയിട്ട് വേർതിരിക്കുകയും ചെയ്തു. പൊലീസോ കോർപറേഷനോ ചെയ്യേണ്ട കാര്യം ഓട്ടോ ഡ്രൈവർമാർ തന്നെയാണ് ചെയ്തത്. ഇതോടെ ഓട്ടോ ഇല്ലാത്ത സമയത്തുപോലും ഇവിടെ വാഹനങ്ങൾ നിർത്തി കടകളിൽ കയറാൻ ആളുകൾ മടിക്കുകയാണ്.
ബൈക്കുകളോ മറ്റോ നിർത്തിയാൽ തന്നെ ഓട്ടോറിക്ഷക്കാർ എടുത്ത് പുറത്തേക്ക് മാറ്റിയിടുമെന്നും വ്യാപാരികൾ പറയുന്നു. ഇത്തരത്തിൽ കടകളിൽ വരുന്നവരോട് മോശമായി പെരുമാറുന്നത് കച്ചവടക്കാർ ചോദ്യംചെയ്തത് പലപ്പോഴും സംഘർഷത്തിന് ഇടയാക്കുകയും ചെയ്തു. കോംപ്ലക്സിൽ ഓട്ടോറിക്ഷ സ്റ്റാന്റിന്റെ ഭാഗത്ത് 24 കടകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്ന് കച്ചവടമില്ലാതെ പൂട്ടി. മറ്റൊരു കടകൂടി പൂട്ടാനുള്ള തയാറെടുപ്പിലാണ്. ഇപ്പോഴത്തെ അവസ്ഥയിൽ 80 ശതമാനംവരെ കച്ചവടം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. പലരും ശമ്പളം കൊടുക്കാൻ പണമില്ലാതെ ജീവനക്കാരെ ഒഴിവാക്കി.
അഞ്ചും ആറും ജീവനക്കാരുണ്ടായിരുന്ന കടകളിൽ ഇപ്പോൾ രണ്ടോ മൂന്നോ പേർ മാത്രമാണുള്ളത്. കോർപറേഷന് ഭീമമായ നികുതി കൊടക്കുന്നവരാണ് എല്ലാവരും. 24,000 രൂപ മുതൽ 65,000 വരെ വാടകയും കൊടുക്കുന്നുണ്ട്. പ്രശ്നത്തിന് ശാശ്വതപരിഹാരം കണ്ടെത്തി തങ്ങളുടെ ജീവിതമാർഗം തിരിച്ചുപിടിക്കാൻ സഹായിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എന്നാൽ, നഗരത്തിലെ മൂവായിരത്തോളം ഓട്ടോറിക്ഷകൾക്ക് ആവശ്യത്തിന് പാർക്കിങ് സൗകര്യമില്ലെന്നാണ് ഓട്ടോ തൊഴിലാളികളുടെ പരാതി. ഓട്ടോറിക്ഷകൾക്ക് മതിയായ പാർക്കിങ് സ്ഥലം അനുവദിക്കേണ്ടത് കോർപറേഷന്റെ ബാധ്യതയാണ്. 261 ഓട്ടോറിക്ഷകൾക്ക് മാത്രം പാർക്ക് ചെയ്യാനുള്ള ക്രമീകരണമാണ് ഇപ്പോൾ നഗരത്തിലുള്ളത്. നിലവിൽ ഒമ്പത് സ്റ്റാൻഡുകൾ റദ്ദാക്കിയെന്നും ഇവർ ആരോപിക്കുന്നു.
കണ്ണൂർ: കാൾടെക്സ് വിചിത്ര കോംപ്ലക്സിന് മുന്നിലെ പാർക്കിങ് പ്രശ്നത്തിൽ കോർപറേഷനും പൊലീസും രണ്ടു തട്ടിലാണ്. മേയർ അധ്യക്ഷനായ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചത് കോംപ്ലക്സിന്റെ രണ്ടു ഭാഗത്തായി 15 ഓട്ടോറിക്ഷകൾക്ക് ഒരുസമയം പാർക്ക് ചെയ്യാൻ അനുമതി നൽകാമെന്നാണ്. എൻ.എസ് തിയറ്ററിന്റെ എതിർവശത്ത് എട്ടും ദേശീയ പാതയുടെ ഭാഗത്ത് ഏഴും ഓട്ടോകൾ പാർക്ക് ചെയ്യാമെന്നായിരുന്നു തീരുമാനം. എന്നാൽ, ഇതിന് വിരുദ്ധമായി കൂടുതൽ ഓട്ടോറിക്ഷകൾ ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്. എൻ.എസ് തിയറ്ററിന്റെ എതിർവശത്ത് മാത്രമായി 15 ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാമെന്ന ബോർഡ് ഓട്ടോ തൊഴിലാളികൾ സ്ഥാപിച്ചിട്ടുണ്ട്.
ഈ ബോർഡും ട്രാഫിക് കോണുകളും സ്ഥാപിച്ചത് നിയമവിരുദ്ധമാണെന്നാണ് കോർപറേഷൻ ഭരണസമിതിയുടെ നിലപാട്. എന്നാൽ, കൂടുതൽ ഓട്ടോറിക്ഷകൾ അവിടെ പാർക്ക് ചെയ്യാമെന്ന നിലപാടിലാണ് ടൗൺ പൊലീസ്. ബോർഡ് വെക്കാൻ പൊലീസിന്റെ സഹായവുമുണ്ടായി. നഗരത്തിലെ ഇത്രയും ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാൻ സ്ഥലം വേണ്ടേയെന്നാണ് പൊലീസിന്റെ ചോദ്യം. എന്നാൽ, ആർ.ടി.ഒ, പൊലീസ് എന്നിവരെല്ലാം അംഗങ്ങളായ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം ലംഘിക്കാൻ പൊലീസ് തന്നെ അനുമതി നൽകിയത് വീഴ്ചയാണെന്ന് മേയറും ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.