കണ്ണൂർ: തളാപ്പിലെ പൂട്ടിയിട്ട വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഒന്നാം പ്രതി അഴീക്കോട് ഉപ്പായിച്ചാലിലെ റനീസ് എന്ന ബദർ, വീട് കാണിച്ചു കൊടുത്ത മൂന്നാം പ്രതി എ.വി. അബ്ദുൽ റഹീം എന്നിവരാണ് പിടിയിലായത്. രണ്ടാം പ്രതി റനീഷ് ഗൾഫിലേക്ക് കടന്നു. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഡിസംബർ 30ന് പുലർച്ചയാണ് തളാപ്പിലെ ഉമൈബയുടെ വീട്ടിൽ കവർച്ച നടന്നത്. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച് കവർച്ച നടത്തിയ വിവരമറിഞ്ഞത്. സ്വർണാഭരണവും കോയിനും ഉൾപ്പടെ 12 പവനും 88000 രൂപയും കവർന്നുവെന്നാണ് പരാതി. തൊണ്ടി മുതൽ കണ്ടെടുത്തിട്ടില്ല.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കവർച്ചക്ക് ഉമൈബയുടെ വീട് കാണിച്ചു കൊടുത്ത റഹീം ബന്ധു കൂടിയാണ്. പ്രതികൾ വളപട്ടണം അലവിൽ ആറാംകോട്ട് വീട്ടിൽനിന്ന് രണ്ടു പവനോളം മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചതായി എസ്.എച്ച്.ഒ ശ്രീജിത് കൊടേരി പറഞ്ഞു.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നും അദ്ദേഹം അറിയിച്ചു. എസ്.ഐമാരായ അനൂപ്, വിശാഖ്, സി.പി.ഒമാരായ നാസർ, ബൈജു, റമീസ്, ഷൈജു, മിഥുൻ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.