പെയ്തിറങ്ങുന്ന തീവ്രമഴ: ഭീതിയുടെ മുൾമുനയിൽ മലയോരം

കേളകം: മഴയെത്തുമ്പോൾതന്നെ മലയോരപ്രദേശങ്ങളിൽ ഭീതിനിറയുകയാണ്. തെളിഞ്ഞ ആകാശം ഞൊടിയിടയിൽ മേഘാവൃതമാകുകയും വനപ്രദേശത്തും അതിർത്തിഗ്രാമങ്ങളിലും തുടരെ കനത്തമഴ പെയ്യുകയും ചെയ്യുന്നതോടെ മലയോരനിവാസികളുടെ നെഞ്ചിടിപ്പ് കൂടും. പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട് പഞ്ചായത്തുകളിലാണ് ഒരുമാസമായി

ജനങ്ങൾ ഭീതിയുടെ നിഴലിലായത്. പേരിയ, കണ്ണവം, ആറളം വനമേഖലകളിൽ ഉരുൾപൊട്ടൽ പതിവ് സംഭവമാണ്. ഈ മാസം ഒന്നിന് 37 ഇടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുട്ടിയടക്കം മൂന്നുപേർ മരിക്കുകയും എട്ടോളം വീടുകൾ പൂർണമായും 32 വീടുകൾ ഭാഗികമായും തകരുകയും ചെയ്‌തിരുന്നു. ഏക്കർകണക്കിന് കൃഷിയും കൃഷിയിടവും ഒലിച്ചുപോയി. കാഞ്ഞിരപ്പുഴ, ബാവലിപ്പുഴയോരത്ത് താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങളും വളർത്തുമൃഗങ്ങളും ഉൾപ്പെടെ ഒലിച്ചുപോയി.

രണ്ടുദിവസം മുമ്പ് കൊട്ടിയൂർ വനത്തിൽ ഉരുൾപൊട്ടി ബാവലിപ്പുഴ നിറഞ്ഞൊഴുകി ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച പേരിയ ചുരത്തിൽ മലവെള്ളം ഇരച്ചെത്തി ഗതാഗതം തടസ്സപ്പെട്ടു. നാളിതുവരെ കാണാത്ത രീതിയിൽ കനത്ത മഴ പെയ്യുകയും തുടർച്ചയായി പലയിടത്ത് ഉരുൾപൊട്ടുകയും എന്നാൽ, തൊട്ടടുത്ത പ്രദേശങ്ങളിൽ തെളിഞ്ഞ അന്തരീക്ഷവും സാധാരണയായി.ഞായറാഴ്ച വൈകീട്ട്‌ 29ാം മൈൽ ഏലപ്പീടിക റോഡിലും സമീപ പ്രദേശങ്ങളിലും മൂന്നിടങ്ങളിൽ ഉരുൾപൊട്ടിയത്‌ ഒടുവിലത്തെ സംഭവമാണ്.

കഴിഞ്ഞദിവസത്തെ കനത്തമഴയിൽ 26ാം മൈൽ ഭാഗത്തും ഉരുൾപൊട്ടി മലവെള്ളമെത്തി. അന്തർസംസ്ഥാന പാതയായ തലശ്ശേരി--ബാവലി ചുരം ഭാഗത്തും ഗതാഗതം മുടങ്ങി.വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന രണ്ടു ചുരം റോഡും അപകടത്തിലായതോടെ യാത്രക്കാരും ദുരിതത്തിലായി. കൊട്ടിയൂർ വെങ്ങലോടി ഭാഗത്ത്‌ മലവെള്ളമെത്തി ഒരു കിലോമീറ്റർ റോഡ് വെള്ളത്തിൽ മുങ്ങി. മഴ തുടരുമെന്ന കാലാവസ്ഥ പ്രവചനവും കൂടിയായതോടെ എന്തൊക്കെയാണുണ്ടാവുക എന്ന ആത്മഗതത്തിലാണ് മലയോരജനത.

Tags:    
News Summary - Torrential rain: Hillside on edge of fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.