കണ്ണൂർ: വൃത്തിയും വെടിപ്പുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കായി ഹരിതപദവി കാത്തിരിക്കുന്നു. ഹരിത ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ ജില്ലയിൽ തിരഞ്ഞെടുത്തത് എട്ട് കേന്ദ്രങ്ങൾ. ചാൽ ബീച്ച് (അഴീക്കോട് പഞ്ചായത്ത്), പുല്ലുപ്പിക്കടവ് (നാറാത്ത്), വയലപ്ര (ചെറുതാഴം), ജബ്ബാർകടവ് (പായം), പാലുകാച്ചി മല (കേളകം), പാലുകാച്ചിപ്പാറ (മാലൂർ), ഏലപീടിക (കണിച്ചാർ), ഏഴരക്കുണ്ട് വെള്ളച്ചാട്ടം (എരുവേശ്ശി) എന്നിവയാണ് ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കപ്പെടാൻ തെരഞ്ഞെടുത്തിരിക്കുന്നത്. മാലിന്യ സംസ്കരണത്തിന് സ്ഥിരം സംവിധാനങ്ങൾ, ശുദ്ധമായ കുടിവെള്ള ലഭ്യത, ജലസ്രോതസ്സുകളുടെ സംരക്ഷണം, ഊർജ്ജ സംരക്ഷണത്തിന് സംവിധാനങ്ങൾതുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ഹരിത ടൂറിസം കേന്ദ്ര പദവി സമ്മാനിക്കുന്നത്. പ്രാദേശിക ജനങ്ങളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും ഉതകുന്ന പദ്ധതികൾ ആരംഭിക്കുന്നതും ഹരിത ടൂറിസം പ്രവർത്തനങ്ങളുടെ മാനദണ്ഡങ്ങളിൽ ഉൾപ്പെടും.
സംസ്ഥാനത്ത് നടപ്പാക്കി വരുന്ന മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളായി മാറ്റുന്നത്. ജില്ലയിലാകെ 59 ടൂറിസ്റ്റ് കേന്ദ്രങ്ങളാണുള്ളത്. ഇവയിൽ പായം പഞ്ചായത്തിലെ പെരുമ്പറമ്പ് ഇക്കോ പാർക്ക് ഒക്ടോബർ രണ്ടിന് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. മറ്റ് കേന്ദ്രങ്ങൾ ഘട്ടം ഘട്ടമായി ഹരിത ടൂറിസം എന്ന ലക്ഷ്യത്തിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വിനോദ സഞ്ചാര വകുപ്പ്, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവ ചേർന്നാണ് ടൂറിസം കേന്ദ്രങ്ങളെ സുസ്ഥിരമായി ശുചിത്വവും വൃത്തിയുള്ളതുമായ ടുറിസ്റ്റ് കേന്ദ്രങ്ങളായി മാറ്റാനുള്ള ശ്രമങ്ങൾ നടത്തുന്നത്. അടുത്ത മാർച്ച് 30 നകം ലക്ഷ്യം നേടാനാണ് ശ്രമം. ഓരോ ടൂറിസ്റ്റ് കേന്ദ്രത്തിന്റെയും അവസ്ഥ പഠനം നടത്തി ഗ്യാപുകൾ കണ്ടെത്തി പരിഹരിച്ചാണ് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.