കണ്ണൂർ: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വ്യാഴാഴ്ച മുതൽ നിലവിൽവന്നെങ്കിലും സർക്കാർ ഉത്തരവിലെ ആശങ്കമൂലം ആളനക്കം കുറഞ്ഞ് തെരുവുകൾ. കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കാനും പ്രവർത്തനസമയം കൂട്ടാനും അനുമതി നൽകിയെങ്കിലും സന്ദർശകരുടെ കാര്യത്തിൽ സർക്കാർ മുന്നോട്ടുവെച്ച നിബന്ധനകളിലെ ആശയക്കുഴപ്പത്തെ തുടർന്നാണ് ആളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞത്.
കഴിഞ്ഞദിവസത്തെ ഉത്തരവ് പ്രകാരം ഒരു ഡോസ് വാക്സിന് എടുത്ത് 14 ദിവസം പിന്നിട്ടവര്‍, കോവിഡ് പോസിറ്റിവായി ഒരുമാസം കഴിഞ്ഞവര്‍, 72 മണിക്കൂറിനകം ആര്.ടി.പി.സി.ആര് പരിശോധനയിൽ നെഗറ്റിവായവര്‍ എന്നിവര്‍ക്ക് മാത്രമാണ് വ്യാപാരശാലകളിലും മാര്‍ക്കറ്റുകളിലും പ്രവേശനം അനുവദിക്കുന്നുള്ളൂ. ഇതേതുടർന്ന് ഇളവുകൾ പ്രാബല്യത്തിൽ വന്ന ആദ്യദിനം തന്നെ കച്ചവട സ്ഥാപനങ്ങളിലും ടൗണിലും തിരക്കുകുറവായിരുന്നു. ലോക്ഡൗണിലെ സാധാരണദിവസങ്ങളിൽ കടകളിലെത്തിയിരുന്നത്ര ആളുകൾ പോലും വ്യാഴാഴ്ച എത്തിയില്ലെന്ന് വ്യാപാരികളും പറയുന്നു. ആദ്യദിവസമായതിനാൽ വ്യാപാരസ്ഥാപനങ്ങളിൽ കാര്യമായ പൊലീസ് പരിശോധനയുണ്ടായില്ല.
ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും കടകളിലെത്തുന്നവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വ്യാപാരത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരിസമൂഹം. കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അവശ്യസാധനങ്ങളടക്കം വാങ്ങാനെത്തുന്ന ആളുകളും ആശങ്കയിലാണ്. അതേസമയം, കടകളിലെ തിരക്ക് കുറക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന തീരുമാനങ്ങളുമായി പൂര്‍ണമായും സഹകരിക്കുമെന്ന് വിവിധ വ്യാപാരസംഘടന നേതാക്കള്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യാപാരി സംഘടന നേതാക്കളുടെ യോഗത്തിലാണ് പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തത്. വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് കുറക്കുന്ന കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ഇക്കാര്യത്തില്‍ ജനങ്ങളുടെ കൂടി സഹകരണം ആവശ്യമാണെന്നും വ്യാപാരികള്‍ പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കണമെന്നും അഭിപ്രായപ്പെട്ടു.
വാക്സിന് ലഭ്യമാക്കുന്ന കാര്യത്തില്‍ വ്യാപാരികള്‍ക്ക് നിലവില്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ നടപടി കൈക്കൊള്ളുമെന്നും ജില്ല കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. വാക്സിന് ലഭ്യമാകുന്നതുവരെ ആര്.ടി.പി.സി.ആര് പരിശോധനക്കായി പ്രാദേശികതലത്തില്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തും. ജീവനക്കാരെ പരിശോധനക്ക് വിധേയരാക്കുന്നതില്‍ വ്യാപാരികള്‍ മുന്‍കൈയെടുക്കണം. കടകളിലെ തിരക്ക് കുറക്കുന്നതിെൻറയും കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നതിെൻറയും ഉത്തരവാദിത്തം വ്യാപാരസ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ഓണം അടുത്ത സാഹചര്യത്തില്‍ വ്യാപാരകേന്ദ്രങ്ങളില്‍ തിരക്ക് കൂടുന്നത് ഒഴിവാക്കാന്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
പുതിയ കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ ഉന്നയിച്ച നിർദേശങ്ങള്‍ സര്‍ക്കാറിെൻറ ശ്രദ്ധയില്‍പെടുത്തുമെന്ന് ജില്ലയുടെ ചുമതലയുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് ബിജു പ്രഭാകര്‍ പറഞ്ഞു. കടകള്‍ക്കുപുറത്ത് സാധ്യമായ ഇടങ്ങളില്‍ കാത്തുനില്പ് കേന്ദ്രങ്ങള്‍ ഒരുക്കണമെന്നും ആളുകളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ ഇടങ്ങളില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ വെക്കണമെന്നും നിർദേശമുണ്ടായി.
യോഗത്തില്‍ സിറ്റി പൊലീസ് മേധാവി ആര്. ഇളങ്കോ, എ.ഡി.എം കെ.കെ. ദിവാകരന്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി, ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി കെ.വി. ഹനീഷ്, എ.കെ.ഡി.എ ജില്ല പ്രസിഡൻറ് ടി. രാജന്, ജനറല്‍ സെക്രട്ടറി താജ് ജേക്കബ്, വ്യാപാരി വ്യവസായി സമിതി പ്രസിഡൻറ് വി. ഗോപിനാഥന്, ജോ. സെക്രട്ടറി പി.ഇ. സജീവന്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ആരവമില്ലാതെ ഒന്നാം ദിനംകച്ചവടം
തലശ്ശേരി: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവന്ന് കടകൾ ഭൂരിഭാഗവും വ്യാഴാഴ്ച തുറന്നെങ്കിലും നഗരത്തിൽ തിരക്കൊഴിഞ്ഞു. രാവിലെ മുതൽ ചെറുതും വലുതുമായ സ്വകാര്യ വാഹനങ്ങളുടെ ഒഴുക്കാണ് ഗ്രാമങ്ങളിലും പട്ടണങ്ങളിലേക്കുമുള്ള റോഡുകളിലും മുമ്പുണ്ടായത്. ഇടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കുമ്പോഴായിരുന്നു ഇത്. പുതിയ ഉത്തരവനുസരിച്ച് കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മറ്റു വ്യവസായ യൂനിറ്റുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവക്കെല്ലാം ഇനി ആഴ്ചയിൽ തിങ്കള്‍ മുതല്‍ ശനിവരെ തുറക്കാം. ആള്‍ക്കൂട്ടവും തിരക്കും ഒഴിവാക്കാന്‍ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പതുവരെ എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കാമെന്നാണ് ഉത്തരവ്. ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും രാത്രി 9.30 വരെ ഓണ്‍ലൈന്‍ ഡെലിവറിയും അനുവദനീയമാണ്.എല്ലാ സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങളും തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കും. എല്ലാ സ്ഥാപനങ്ങളിലും കോവിഡ് ചട്ടവും സാമൂഹിക അകലവും ഉറപ്പാക്കേണ്ട ബാധ്യത സ്ഥാപന ഉടമക്കായിരിക്കും. അവശ്യവസ്തുക്കള്‍ വാങ്ങല്‍, വാക്സിനേഷന്, കോവിഡ് പരിശോധന, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍, മരുന്നുകള്‍ വാങ്ങൽ, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ കല്യാണം, ദീര്‍ഘദൂരയാത്രകള്‍, പരീക്ഷകള്‍ എന്നീ ആവശ്യങ്ങള്‍ക്കും ഇളവുണ്ട്. ഓണം അടുപ്പിച്ച് നഗരത്തിൽ തിരക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നരവർഷമായി മുടങ്ങിയ വ്യാപാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ വ്യാപാരികൾക്കുണ്ട്. ഓണത്തിനുള്ള പുതിയ സ്റ്റോക്കൊരുക്കി ഉപഭോക്താക്കളെ കാത്തിരിക്കുകയാണ് തുണി, ചെരിപ്പ്, റെഡിമെയ്ഡ്, ഫാൻസി വ്യാപാരികൾ.
തുറന്നു; പരിശോധനയും കർശനമാക്കി
പയ്യന്നൂർ: വ്യാപാര സ്ഥാപനങ്ങൾ തുറന്നതിനൊപ്പം പരിശോധനയും കർശനമാക്കി. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ പഴകിയ സാധനങ്ങളും പിടിച്ചെടുത്തു നശിപ്പിച്ചു. പയ്യന്നൂർ നഗരസഭയിൽ വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ടാണ് ആരോഗ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർ സുബൈർ, ജെ.എച്ച്.ഐമാരായ ഹരി പുതിയില്ലത്ത്, ലതീഷ്, ബിനില, ഇന്ദു, ബിന്ദു, ആരോഗ്യ വിഭാഗം ജീവനക്കാരായ പ്രവീൺ, മധുസൂദനൻ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. വ്യാപാര സ്ഥാപനങ്ങളിൽ ഉടമകളും ജീവനക്കാരും വാക്സിൻ സർട്ടിഫിക്കറ്റോ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ സൂക്ഷിക്കണം. ഒരു മാസത്തിനുള്ളിൽ പോസിറ്റിവ് ആയിട്ടുള്ളവർ ആയതിെൻറ സർട്ടിഫിക്കറ്റും പരിശോധന ഘട്ടത്തിൽ ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.