നടുവിൽ: 19 ൽ 11 സീറ്റ് ലഭിച്ചിട്ടും തമ്മിലടി മൂലം നടുവിൽ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി. നാല് പതിറ്റാണ്ടായി യു.ഡി.എഫ് പ്രസിഡന്‍റാണ് ഇവിടെ ഭരിക്കുന്നത്. അട്ടിമറിയിലൂടെ ഭരണം എൽ.ഡി.എഫ് നേടി. കോൺഗ്രസ് ഐ ഗ്രൂപ്പ് നേതാവായ ഡി.സി.സി ജനറൽ സെക്രട്ടറി ബേബി ഓടം പള്ളിയെ എൽ.ഡി.എഫ് പിന്തുണച്ചു. ഇതോടെ എട്ടിനെതിരെ 11 വോട്ടുകൾക്കാണ് എൽ.ഡി.എഫ് വിജയിച്ചത്. സിപിഎമ്മിലെ 7 അംഗങ്ങളും, കോൺഗ്രസ് വിമതയും, ബേബി ഉൾപ്പെടെ ഐ ഗ്രൂപ്പിലെ മൂന്ന് അംഗങ്ങളും ആണ് ബേബി ഓടാമ്പള്ളിക്ക് വോട്ട് ചെയ്തത്.
പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് 40 വർഷത്തിലേറെയായി തുടരുന്ന ഭരണത്തിന്‍റെ പതനത്തിൽ കലാശിച്ചത്. കോൺഗ്രസിലെ ഇരു ഗ്രൂപ്പുകൾക്കും നാലു വീതവും, മുസ്ലിം ലീഗിന് മൂന്ന് അംഗങ്ങളുമായാണ് യു.ഡി.എഫിന് 11 സീറ്റ് ലഭിച്ചത്.
സിപിഎമ്മിന് ഏഴും, ഒരു സീറ്റിൽ കോൺഗ്രസ് വിമതയുമാണ് വിജയിച്ചത്. പൊട്ടൻപ്ലാവ് വാർഡിൽ നിന്നും വിജയിച്ച കോൺഗ്രസ് ഐ ഗ്രൂപ്പിലെ തന്നെ അലക്സ് ചുനയം മാക്കലിനെ പ്രസിഡന്‍റാക്കാനാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചത്. ഇതിനെതിരെ ഓടാമ്പള്ളി ബേബിയുടെ നേതൃത്വത്തിൽ മൂന്ന് ഐ ഗ്രൂപ്പ് അംഗങ്ങൾ രംഗത്തെത്തി. തന്നെ ഒതുക്കാനാണ് ശ്രമമെന്നും ഒരു കാരണവശാലും അലക്സിനെ പ്രസിഡന്റ് ആക്കില്ലെന്നും പറഞ്ഞ് ബേബിയുടെ നേതൃത്വത്തിൽ മൂന്ന് ഐ ഗ്രൂപ്പ് അംഗങ്ങളും രംഗത്തെത്തുകയായിരുന്നു. ഭരണം നഷ്ടപ്പെട്ടാലും ബേബിയെ പ്രസിഡന്‍റ് ആക്കില്ലെന്ന നിലപാടിൽ എ ഗ്രൂപ്പും ഉറച്ചുനിൽക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയും കണ്ണൂർ ഡി.സി.സിയിൽ ചർച്ച നടന്നെങ്കിലും പ്രസിഡന്‍റ് വീതം വെപ്പ് ആദ്യം വേണം എന്നതിനെ ചൊല്ലി അലസി പിരിയുകയായിരുന്നു. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ആണ് ബേബി ഉൾപ്പെടെ നാലുപേരെയും ഇടതുമുന്നണിയിൽ എത്തിക്കുന്നതിൽ ചുക്കാൻ പിടിച്ചത്. നാലുപേരും മെമ്പർഷിപ്പ് എടുത്ത് ജോസ് കെ മാണി വിഭാഗത്തിൽ ചേർന്ന് പ്രവർത്തിക്കും എന്നതാണ് ധാരണ.
സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തന്നെ ചൊവ്വാഴ്ച രാത്രി നേരിട്ട് നടുവിലെത്തി സി.പി.എം ലോക്കൽ കമ്മിറ്റി യോഗം വിളിച്ചുചേർത്ത് നിർദേശവും നൽകി. താൻ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും കോൺഗ്രസിലെ അംഗങ്ങളെ വിലക്കുവാങ്ങുന്നതിനെതിരെയാണ് നിലകൊണ്ടതെന്നുമാണ് ബേബി ഓടാമ്പള്ളി പറയുന്നത്.
വോട്ടെടുപ്പ് പൂർത്തിയായതിനുശേഷം ഇരു വിഭാഗവും തമ്മിൽ പോർവിളിയും വാക്കേറ്റവും നടന്നു. കനത്ത പൊലീസ് കാവലിൽ ആയിരുന്നു വോട്ടെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.