ഇരിട്ടി: കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകത്തിലെ ജില്ലകളിൽ കർണാടക സർക്കാർ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ തിരിച്ചടിയായത് നൂറുകണക്കിന് മലയാളി യാത്രക്കാർക്ക്. കണ്ണൂർ ജില്ലയിൽനിന്ന് കർണാടകത്തിലേക്ക് കടക്കുന്ന പ്രധാന വഴിയായ മാക്കൂട്ടം ചുരം പാതയിലും കർശന നിയന്ത്രണം ഏർപ്പെടുത്തി.
കുടക് ജില്ലയുടെ ഭാഗമായ മാക്കൂട്ടത്ത് പോലീസിെൻറയും ആരോഗ്യ വകുപ്പിെൻറയും റവന്യൂ വകുപ്പിെൻറയും നേതൃത്വത്തിലുള്ള പരിശോധനയാണ് നടക്കുന്നത്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് കർഫ്യൂ നിലവിൽ വന്നത് എന്നതിനാൽ ശനിയാഴ്ച പുലർച്ച മുതലെത്തിയ നൂറുകണക്കിന് യാത്രക്കാർ മാക്കൂട്ടത്ത് കുടുങ്ങി. ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങളെയും അവശ്യവസ്തുക്കൾക്കായി പോകുന്ന വാഹനങ്ങളെയും മാത്രമാണ് കടത്തിവിടാൻ നിർദേശമുള്ളത്. ആർ.ടി.പി.സി.ആർ പരിശോധന നെഗറ്റിവ് ഫലവുമായി എത്തിയവരെയും ബംഗളൂരു വമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാരെയും ഉൾപ്പെടെ മാക്കൂട്ടത്ത് തടഞ്ഞു.
മണിക്കൂറുകളോളം കാത്തുനിന്ന പലരും യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് തിരിച്ചുപോയി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി കുടുംബങ്ങളും മാക്കൂട്ടം ചെക്പോസ്റ്റിൽ കുടുങ്ങി.
വാരാന്ത കർഫ്യൂ തിങ്കളാഴ്ച പുലർച്ച അഞ്ചിന് മാത്രമേ അവസാനിക്കൂ. അതുവരെ ഈ നിയന്ത്രണം തുടരും. 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വന്നവർക്ക് ഇരട്ടി പ്രഹരമാണ് കർഫ്യൂ ഉണ്ടാക്കിയത്. തിങ്കളാഴ്ച കർഫ്യൂ നീങ്ങുന്നതോടെ 72 മണിക്കൂറിനുള്ളിൽ വീണ്ടും പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് എടുക്കേണ്ടിവരും. മറ്റു ദിവസങ്ങളിൽ രാത്രി ഒമ്പത് മണി മുതൽ അഞ്ചുവരെ കർഫ്യൂ ഏർപ്പെടുത്തിയതിനാൽ മാക്കൂട്ടം ചുരം പാത വഴി രാത്രി കർണാടകത്തിലേക്ക് പോകുന്നതും തടയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.