വളപട്ടണം പാലം; പൊട്ടിപ്പൊളിഞ്ഞ്​ നടപ്പാത

പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിലെ ഇരുഭാഗത്തുമുള്ള നടപ്പാതയുടെ സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞതിനാൽ കാല്‍നടക്കാര്‍ക്ക് അപകടസാധ്യത കൂടി. നടപ്പാത പൊട്ടിയതിനാൽ കോൺക്രീറ്റിനുള്ളിലെ കമ്പികൾ ഉയർന്നുനിൽക്കുന്നു. ഇത് അബദ്ധത്തില്‍ തടഞ്ഞുവീഴാനും മറ്റുതരത്തിലുള്ള അപകടത്തിനും വഴിയൊരുക്കും. എന്നാൽ, ഇവ റിപ്പേർ ചെയ്യുന്നതിന് പാലം വിഭാഗം നാഷനൽ ഹൈവേ വിഭാഗത്തിന് ഉത്തരവാദിത്തമില്ലെന്നാണ് അവരുടെ വാദം.

നാലേ കാൽ കോടി രൂപ ചെലവഴിച്ച് നാലു വർഷം മുന്നെ വളപട്ടണം പാലം നവീകരിച്ചതായിരുന്നു. അന്ന് നടപ്പാതയുടെ സ്ലാബുകൾ പുതുക്കിപ്പണിഞ്ഞിട്ടില്ല. പുതിയ ദേശീയപാത ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി കാസർകോട് മുതൽ മുഴപ്പിലങ്ങാട് വരെ റോഡുകളും പാലങ്ങളും നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വകുപ്പിന് ഇതിനകം കൈമാറിക്കഴിഞ്ഞു. എന്നാൽ, ദേശീയപാത ഈ പാലം വഴിയല്ല കടന്നുപോകുന്നത്. ദേശീയപാതക്കായി തുരുത്തിവഴി ഒരു കിലോമീറ്റർ നീളമുള്ള പുതിയ പാലം നിർമിക്കും.

ആയതിനാൽ തുടർന്നുള്ള എല്ലാവിധ അറ്റകുറ്റ പ്രവൃത്തികളും നാഷനൽ ഹൈവേ ഓഫ് ഇന്ത്യയുടെ ഉത്തരവാദിത്തത്തിലാണ് നടത്തേണ്ടത്. കഴിഞ്ഞ വര്‍ഷം ലോറിയപകടത്തിൽ തകർന്ന കൈവരികൾ നേരെയാക്കിയത് സ്ഥലം എം.എൽ.എയുടെ ഇടപെടലോടെയാണ്.

പടിഞ്ഞാറുഭാഗത്തെ സ്ലാബിനുതാഴെ കൂടിയാണ് വൈദ്യുതിവിതരണത്തിനടക്കമുള്ള നിരവധി കേബിളുകൾ കടന്നുപോകുന്നത്. വിവിധ കമ്പനിക്കാരുടെ കരാറുകാർ കേബിളുകൾ സ്ഥാപിക്കുന്നതിനും പരിശോധനക്കുമായി പല പ്രാവശ്യം സ്ലാബുകൾ ഇളക്കിമാറ്റാറുണ്ട്. ആവശ്യം കഴിഞ്ഞാൽ സ്ലാബുകൾ അലക്ഷ്യമായി സ്ഥാപിക്കുന്നതിനാലാണ് ഇങ്ങനെ പൊട്ടിപ്പൊളിയാൻ കാരണം. ഇത് സമയബന്ധിതമായി ആരും പരിശോധിക്കാറുമില്ല.

രാത്രിയും പകലുമില്ലാതെ കമ്പനി തൊഴിലാളികളും മറ്റും നടന്നുപോകുന്ന പാലത്തിലെ നടപ്പാതയാണ് ഇങ്ങനെ അപകടഭീഷണിയിലായത്.

എത്രയുംപെട്ടെന്ന്‍ പുനഃസ്ഥാപിക്കാന്‍ സ്ഥലം എം.എൽ.എ ഇടപെട്ട് ദുരിതാവസ്ഥക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Tags:    
News Summary - Valapattanam Bridge; Cracked pavement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.