കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. ഗോപിനാഥ് രവീന്ദ്രെൻറ പുനർനിയമനം തീർത്തും അപ്രതീക്ഷിതം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിെൻറ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ കത്തിനിൽക്കെയാണ് വി.സിയുടെ പുനർ നിയമനമെന്നതും ശ്രദ്ധേയം. എതിർപ്പുകൾ മറികടന്ന് സി.പി.എം നേതാവിെൻറ ഭാര്യക്ക് നിയമനം ഉറപ്പാക്കിയതും തൊട്ടുപിന്നാലെ വി.സിയുടെ പുനർനിയമന തീരുമാനവും ചേർത്തുവായിക്കുേമ്പാൾ സർക്കാറും വി.സിയും ഉത്തരം പറയേണ്ട ചോദ്യങ്ങൾ ബാക്കിയാണ്. വി.സിയുടെ കാലാവധി നീട്ടിക്കൊടുക്കുകയെന്നത് അപൂർവ സംഭവമാണ്. കാലാവധി നീട്ടിക്കൊടുക്കണമെന്ന സംസ്ഥാന സർക്കാറിെൻറ ശിപാർശ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ അംഗീകരിക്കുകയായിരുന്നു.
പടിയിറക്കം ഉറപ്പിച്ചെന്നമട്ടിൽ മന്ത്രി എം.വി. ഗോവിന്ദെൻറ നേതൃത്വത്തിൽ വി.സിയുടെ യാത്രയയപ്പ് ചടങ്ങ് പൂർത്തിയായതിന് പിന്നാലെയാണ് നാലു വർഷത്തേക്കുകൂടി പുനർനിയമിക്കുന്ന ഉത്തരവ് ചൊവ്വാഴ്ച വൈകീട്ടോടെ പുറത്തിറങ്ങിയത്. അതിരഹസ്യമായി നടന്ന പുനർനിയമന നടപടികൾ സി.പി.എം നേതാവിെൻറ ബന്ധുനിയമനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾക്ക് ബലംപകരുന്നതുമാണ്. അതിനിടെ, രാഗേഷിെൻറ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ലഭിച്ച പരാതികളിൽ വിശദീകരണം നൽകാൻ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ വി.സിയോട് വിശദീകരണം ആവശ്യപ്പെട്ടു. യു.ജി.സി വ്യവസ്ഥപ്രകാരം അധ്യാപനപരിചയമില്ലാത്ത രാഗേഷിെൻറ ഭാര്യ ഡോ. പ്രിയ വർഗീസിനെ ഇൻറർവ്യൂവിനുള്ള ഹ്രസ്വ പട്ടികയിൽ ഉൾപ്പെടുത്തി, ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ പിന്തള്ളി ഒന്നാം റാങ്ക് നൽകിയെന്ന സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ പരാതിയിലാണ് ഗവർണർ വിശദീകരണം തേടിയത്. കണ്ണൂർ സർവകലാശാലയിൽ സി.പി.എം നേതാക്കളുടെ ബന്ധുക്കളുടെ നിയമനവുമായി ബന്ധപ്പെട്ട് നേരത്തെയും ഗോപിനാഥ് രവീന്ദ്രൻ വിവാദങ്ങളിൽപെട്ടിരുന്നു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും തലശ്ശേരി എം.എൽ.എയുമായിരുന്ന എ.എൻ. ഷംസീറിെൻറ ഭാര്യയുടെ അസി. പ്രഫസർ നിയമനനീക്കവും ഏറെ ചർച്ചക്ക് വഴിയൊരുക്കി.പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഈ നിയമനം നടക്കാതെ പോവുകയായിരുന്നു. എന്നാൽ, ഇവരെല്ലാം അധ്യാപകനിയമനത്തിന് യോഗ്യരാണെന്നും മറിച്ചുള്ള പരാതികളും ആരോപണങ്ങളുമെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു വി.സി പ്രതികരിച്ചത്. വി.സിയുടെ പുനർനിയമനത്തിനെതിരെ പ്രതിപക്ഷ സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഗവർണർ വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടി -വി.സി
കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിെൻറ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർ വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടിയാണെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. ഗോപിനാഥ് രവീന്ദ്രൻ. ഗവർണർ തനിക്ക് കിട്ടിയ ഏത് പരാതിയിലും ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിക്കുന്നത് സ്വാഭാവിക നടപടിയാണ്. സർവകലാശാലകളിൽ വി.സിയുടെ പുനർനിയമനം കേരളത്തിന് പുറത്ത് മുമ്പ് നടന്നിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.