തലശ്ശേരി: ഡിസംബർ ഒന്ന് മുതൽ 23 വരെ വഡോദരയിൽ നടക്കുന്ന ബി.സി.സി.ഐ വിജയ് മർച്ചന്റ് ട്രോഫി കേരള ടീമിൽ ജില്ലയിൽനിന്ന് മൂന്നുപേർ. ടീമിന്റെ പരിശീലകനും തലശ്ശേരി സ്വദേശിയാണ്. 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ബി.സി.സി.ഐ വിജയ് മർച്ചന്റ് ട്രോഫി ത്രിദിന ക്രിക്കറ്റ് ടൂർണമെന്റിലേക്കുളള ടീമിൽ ആദിത്യൻ എസ്. രാജ്, ഇമ്രാൻ അഷ്റഫ്, ഹൃദിൻ ഹിരൺ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കണ്ണൂർക്കാരനായ ഒ.വി. മസർ മൊയ്തുവാണ് കേരള ടീമിന്റെ മുഖ്യപരിശീലകൻ. തിരുവനന്തപുരം സ്വദേശി മാനവ് കൃഷ്ണയാണ് ടീം ക്യാപ്റ്റൻ. അസം, പഞ്ചാബ്, പോണ്ടിച്ചേരി, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് കേരളം. ഡിസംബർ ഒന്നിന് അസമുമായും ആറിന് പഞ്ചാബുമായും 11ന് പോണ്ടിച്ചേരിയുമായും 16ന് ഹിമാചൽ പ്രദേശുമായും 21ന് ഉത്തർപ്രദേശുമായും കേരളം ഏറ്റുമുട്ടും.
ടീമിന്റെ പരിശീലന ക്യാമ്പ് നവംബർ 21 മുതൽ 27 വരെ തൊടുപുഴ കെ.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.
വലംകൈയൻ ഓഫ് സ്പിന്നറും ബാറ്ററുമായ ആദിത്യൻ മലബാർ അത്ലറ്റിക് ക്ലബ് താരമാണ്. അണ്ടർ 14 കേരള ടീമിലും വിവിധ വിഭാഗങ്ങളിൽ ജില്ലയെയും പ്രതിനിധാനം ചെയ്തിട്ടുണ്ട്. കണ്ണൂർ എടച്ചൊവ്വ തായ്യക്കണ്ടി ഹൗസിൽ ടി.സി. രജീഷന്റെയും എം. ഷംനയുടെയും മകനാണ്. ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം തരം വിദ്യാർഥിയാണ്.
മുൻനിര ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇമ്രാൻ അഷ്റഫ് ആദ്യമായാണ് കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് താരമായ ഇമ്രാൻ വിവിധ വിഭാഗങ്ങളിൽ ജില്ലക്കായി കളിച്ചിട്ടുണ്ട്. കണ്ണൂർ എട്ടിക്കുളം മൊട്ടക്കുന്ന് എൻ.എം.സി ഹൗസിൽ മുഹമ്മദ് അഷ്റഫിന്റെയും എൻ.എം.സി. സലീനയുടെയും മകനാണ് ഇമ്രാൻ അഷ്റഫ്. എട്ടിക്കുളം ഏഴിമല ഇംഗ്ലീഷ് സ്കൂളിൽ പത്താം തരം വിദ്യാർഥിയാണ്.
വലം കൈയൻ ലെഗ് സ്പിന്നായ ഹൃദിൻ ഹിരണും ആദ്യമായാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ് താരമായ ഹൃദിൻ വിവിധ വിഭാഗങ്ങളിൽ ജില്ലയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. തലശ്ശേരി കാവുംഭാഗത്തെ ഹൃദ്യം വീട്ടിൽ ഹിരൺ കുമാറിന്റെയും ദിന ഹിരണിന്റെയും മകനാണ്. കണ്ണൂർ ചിന്മയ വിദ്യാലയം പത്താം തരം വിദ്യാർഥിയാണ്.ബി.സി.സി.ഐ ലെവൽ ബി പരിശീലകനും കേരള രഞ്ജി ട്രോഫി ടീം മുൻ ഫീൽഡിങ് പരിശീലകനുമാണ് തലശ്ശേരി സ്വദേശിയായ ഒ.വി. മസർ മൊയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.