തളിപ്പറമ്പ്: മുയ്യം വരഡൂലിൽ പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോ ലംഘിച്ച് കുന്നിടിച്ചു മണ്ണ് കടത്തുന്നതായി പരാതി. അഞ്ചേക്കറോളം വരുന്ന കുന്നാണ് ഇടിക്കുന്നത്. തടയാൻ ചെന്ന നാട്ടുകാരെ സ്ഥലമുടമകൾ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കുറുമാത്തൂർ പഞ്ചായത്തിലെ 11ാം വാർഡിൽ വരഡൂലിൽ ചെറുകുന്ന് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള അഞ്ചേക്കർ കുന്നാണ് മാനദണ്ഡങ്ങൾ പാലിക്കാതെ ഇടിച്ച് മണ്ണ് കടത്തുന്നത്.
പ്രവൃത്തി തുടങ്ങിയപ്പോൾ തന്നെ പഞ്ചായത്ത് ഇടപെട്ട് അനുമതിയില്ലാത്ത പ്രവൃത്തി നിർത്തണമെന്ന് ആവശ്യപ്പെട്ട് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. എന്നാൽ, തൽക്കാലം നിർത്തിവെച്ച മണ്ണെടുപ്പ് വീണ്ടും തുടർന്നു. നിരപ്പാക്കിയ സ്ഥലം കല്ലുകെട്ടി തിരിച്ചിട്ടുണ്ട്. മഴ തുടങ്ങിയതോടെ മണ്ണ് ഒലിച്ചുപോകുകയും കെട്ടിയ ഭാഗം ഇടിഞ്ഞുവീഴുകയും ചെയ്തു. മൂന്ന് മീറ്റർ വീതിയുള്ള റോഡിലൂടെ നിയമം തെറ്റിച്ച് കൂറ്റൻ ടോറസ് ലോറിയെത്തിയാണ് മണ്ണ് കടത്തുന്നത്.
ഒരുവർഷം മുമ്പ് ടാർ ചെയ്ത റോഡ് ഇതുമൂലം തകർന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് സെക്രട്ടറിയും വാർഡ് മെംബറുമെത്തി വീണ്ടും തടഞ്ഞുവെങ്കിലും രാത്രിയിൽ വാഹനങ്ങളുമായെത്തി മണ്ണ് കടത്തിക്കൊണ്ടുപോകുകയാണ്. തടയാൻ ചെന്ന നാട്ടുകാരെ സ്ഥലമുടമകൾ ഭീഷണിപ്പെടുത്തിയതായും മണ്ണെടുപ്പ് നാട്ടുകാർക്ക് ദുരിതമായി തീർന്നിരിക്കുകയാണെന്നും വാർഡ് മെംബർ ഉണ്ണികൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.